എന്നെ മരണത്തിന് വിട്ടുകൊടുക്കരുതേ! എന്റെ കൈ പിടിച്ച് അവന്‍ കരഞ്ഞു; കണ്‍മുന്നില്‍ വച്ചാണ് പോയത്!
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സീമ ജി നായര്‍. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും സീമ ജി നായര്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഓഫ് സ്‌ക്രീനിലെ തന്റെ പ്രവര്‍ത്തികളിലൂടെയാണ് സീമ ജി നായര്‍ മലയാളികളുടെ മനസില്‍ ഇടം നേടുന്നത്. സിനിമ-സീരിയല്‍ രംഗത്തുള്ളവര്‍ക്കും സമൂഹത്തിലെ മറ്റു കോണുകളിലുള്ളവര്‍ക്കും പലപ്പോഴും സഹായവുമായി സീമ ജി നായര്‍ എത്താറുണ്ട്.
ക്യാന്‍സര്‍ രോഗികളായിരുന്ന നടി ശരണ്യയ്ക്കും നന്ദുവിനുമെല്ലാം വലിയ കൈത്താങ്ങായിരുന്നു സീമ ജി നായര്‍. അതേസമയം തന്റെ കുടുംബ ജീവിതം സുന്ദരമായിരുന്നുവെങ്കില്‍ തനിക്ക് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങാന്‍ ഒരുപക്ഷെ സാധിക്കുമായിരുന്നില്ലെന്നാണ് സീമ ജി നായര്‍ പറയുന്നത്. അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ശരണ്യയും നന്ദുവും സുരേഷുമൊന്നും തന്റെ ജീവിതത്തിന്റെ ഭാഗമാകുമായിരുന്നില്ലെന്നും സീമ ജി നായര്‍ പറയുന്നു.

കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സീമ ജി നായര്‍ മനസ് തുറന്നത്. തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കില്ലാത്തൊരു വ്യക്തിയെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.
''എല്ലാവരും യാഥൃശ്ചിചമായി എന്റെ ജീവിതത്തിലേക്ക് വന്ന് ആരൊക്കെയോ ആയി മാറിയവരായിരുന്നു. ശരണ്യയ്ക്ക് അസാധ്യ ആത്മവിശ്വാസമായിരുന്നു. മരിക്കില്ല, ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നായിരുന്നു വിശ്വസിച്ചിരുന്നത്. നന്ദൂട്ടനും തിരിച്ചുവരും എന്നാണ് കരുതിയിരുന്നത്. പക്ഷെ എനിക്ക് ഏറ്റവും കൂടുതല്‍ വേദന വന്നത് ചാരുംമൂട്ടിലെ സുരേഷിന്റെ വേര്‍പാടിലാണ്. സുരേഷിന്റെ കിഡ്‌നി ട്രാന്‍സ്പ്ലാന്റ് ചെയ്തതായിരുന്നു. പെങ്ങളാണ് കിഡ്‌നി കൊടുത്തത്'' സീമ പറയുന്നു.
ഒരു ദിവസം സുരേഷിന് അന്നനാളത്തില്‍ ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞു. ടാക്‌സി ഡ്രൈവറായിരുന്നു. നമ്മള്‍ എന്തിന് വിളിച്ചാലും എത്തുമായിരുന്നു. രോഗികളേയും കൊണ്ട് തിരുവനന്തപുരത്തു നിന്നും വരും. ക്യാന്‍സര്‍ ആണെന്ന് അറിയില്ലായിരുന്നു. കിഡ്‌നി സംബന്ധമായ രോഗമാണെന്നാണ് ആദ്യം കരുതിയിരുന്നത്. കാണാനായി ഞാന്‍ ആശുപത്രിയില്‍ ചെന്നപ്പോള്‍ സുരേഷ് തല കുനിച്ച് ഇരിക്കുകയായിരുന്നു. എന്നെ കണ്ടതും സുരേഷിന്റെ കണ്ണുകളില്‍ വല്ലാത്തൊരു തിളക്കം കണ്ടു. അവന്‍ ചിരിച്ചുവെന്നും സീമ പറയുന്നു.
ഇത്രയും ദിവസമായിട്ട് ഇന്നാണ് സുരേഷിന്റെ മുഖത്തൊരു ചിരി കണ്ടതെന്നാണ് അവിടുത്തെ നഴ്‌സുമാര്‍ പറഞ്ഞത്. സുരേഷ് എന്നെ ദയനീയമായി നോക്കി. 43 വയസേ ഉണ്ടായിരുന്നുള്ളു. എന്റെ കൈയില്‍ പിടിച്ച് ചേച്ചി എന്നെ രക്ഷിക്കുമോ? മരണത്തിന് എന്നെ വിട്ടു കൊടുക്കരുതേ എന്ന് പറഞ്ഞു. ഞാന്‍ ആരോടും ഒരു തെറ്റും ചെയ്തിട്ടില്ല, ചേച്ചി എന്നെ വിട്ടു കൊടുക്കരുതെന്ന് പറഞ്ഞു. അന്ന് രോഗം ഇതാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഒന്നും സംഭവിക്കില്ല എന്ന് ഞാന്‍ സുരേഷിനോട് പറഞ്ഞു. പിന്നെയാണ് ക്യാന്‍സര്‍ ആണെന്നും കുറച്ച് വൈകിയെന്നും അറിയുന്നതെന്നും സീമ പറയുന്നു.

എന്റെ കൈകളില്‍ പിടിച്ച് എന്നെ രക്ഷിക്കുമോ എന്ന് ചോദിച്ചയാള്‍ ആ കൈകളില്‍ നിന്നും ഊര്‍ന്നു പോകുന്ന അവസ്ഥ ജീവിതത്തില്‍ സഹിക്കാന്‍ സാധിക്കില്ല. വേറാരും എന്നോട് രക്ഷിക്കുമോ എന്ന് ചോദിച്ചിട്ടില്ല. അവിടെ ഞാന്‍ തകര്‍ന്നു പോയി. എന്റെ കണ്‍മുന്നില്‍ വച്ചാണ് സുരേഷ് പോകുന്നത്. ഒരു കോടിയില്‍ പങ്കെടുക്കാനുണ്ടായിരുന്നു അന്ന് എനിക്ക്. അവിടെ വച്ച് ഒരു പാട്ട് പാടാന്‍ പറഞ്ഞപ്പോള്‍ മറഞ്ഞിരുന്നാലും മനസിന്റെ കണ്ണാടിയില്‍ എന്ന പാട്ടായിരുന്നു പാടിയത്. അവിടെ നിന്നും അതേ വസ്ത്രത്തോടു കൂടിയാണ് ഞാന്‍ സുരേഷിന്റെ അടുത്ത് തൊടുപുഴയിലേക്ക് എത്തുന്നത്.
ഞാന്‍ ചെല്ലാന്‍ കാത്തിരുന്നത് പോലെയായിരുന്നു. ഞാന്‍ ചെന്ന് അരമണിക്കൂര്‍ കഴിഞ്ഞതും സുരേഷ് പോയി. എന്നില്‍ നിന്നും വേര്‍പെട്ട് പോയ ഓരോ വിട പറയലുകളും ഓരോ തരത്തിലാണെന്നും സീമ പറയുന്നു.


Click it and Unblock the Notifications