'എന്നെക്കൊണ്ട് എന്തോ തെറ്റ് ചെയ്യിക്കുകയാണെന്ന് തോന്നി, പലപ്പോഴും ഒറ്റയ്ക്കിരുന്ന് കരഞ്ഞു'; മനസുതുറന്ന് സീമ
കേവലമൊരു നര്‍ത്തകിയില്‍ നിന്നും തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികയായി മാറിയ നടിയാണ് സീമ. ഒരുകാലത്ത് മലയാളികൾക്ക് ആവേശമായിരുന്നു സീമ. സംവിധായകന്‍ ഐ.വി ശശിയുടെ മുന്നിൽ എത്തിപ്പെട്ടതാണ് സീമയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. സിനിമയിലെ ഗ്രൂപ്പ് ഡാന്‍സർമാരിൽ ഒരാളായിരുന്ന സീമയെ അവളുടെ രാവുകള്‍ എന്ന സിനിമയിൽ അദ്ദേഹം നായികയാക്കി. അതിനു ശേഷം നിരവധി അവസരങ്ങളാണ് സീമയെ തേടി എത്തിയത്.
നായികയായും അല്ലാതെയും നിരവധി കഥാപാത്രങ്ങള്‍ നടി അവതരിപ്പിച്ചു. അവളുടെ രാവുകളിലെ രാജി, അധികാരത്തിലെ ഗീത, ആൾക്കൂട്ടത്തിൽ തനിയെയിലെ അമ്മുക്കുട്ടി, അക്ഷരങ്ങളിലെ ഗീത, വാർത്തയിലെ കളക്ടർ, ആവനാഴിയിലെ രാധ എന്നീ ശ്രദ്ധേയ വേഷങ്ങളും അതിലുണ്ട്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും സീമ അഭിനയിച്ചിട്ടുണ്ട്. അതിനിടെ തന്റെ ഗുരുവായ സംവിധായകൻ ഐ.വി ശശിയെ വിവാഹം കഴിക്കുകയും ചെയ്തു.

ഇന്നും സീമ എന്ന് പറയുമ്പോൾ മലയാളികളുടെ മനസിലേക്ക് ആദ്യമെത്തുന്ന കഥാപാത്രം അവളുടെ രാവുകളിലെ രാജി ആയിരിക്കും. ഇപ്പോഴിതാ സിനിമയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവയ്ക്കുകയാണ് സീമ. ചിത്രത്തിലെ കിടപ്പറ രംഗങ്ങൾ ചെയ്യുമ്പോൾ തന്നെക്കൊണ്ട് എന്തോ തെറ്റ് ചെയ്യിക്കുന്നത് പോലെയാണ് തോന്നിയതെന്നും പലപ്പോഴും ഒറ്റയ്ക്കിരുന്നു പറഞ്ഞിട്ടുണ്ടെന്നും സീമ പറയുന്നു. ഗൃഹലക്ഷ്‍മി ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് സീമ ഇക്കാര്യം പറഞ്ഞത്.
അവളുടെ രാവുകളിലേക്ക് ഐ വി ശശി വിളിക്കുമ്പോള്‍ ഒരു ഡാന്‍സ് കമ്പോസറെന്ന നിലയ്ക്ക് തനിക്ക് സാമാന്യം പേരും പ്രശസ്തിയുമുണ്ടായിരുന്നു. അന്ന് കോടമ്പാക്കത്തെ പൂക്കാരത്തെരുവിലായിരുന്നു അമ്മയ്‌ക്കൊപ്പം. ഏഴാം വയസ്സില്‍ അച്ഛന്‍ ഉപേക്ഷിച്ചു പോയതുമുതല്‍ അമ്മയായിരുന്നു എല്ലാം. കാക്കയും കഴുകനും കൊണ്ടുപോകാതെ തന്നെ വളര്‍ത്താന്‍ പാടുപെട്ട അമ്മ കഴിഞ്ഞേ എന്തുമുള്ളൂ. ആ അമ്മയെ വന്ദിക്കാതെ ഒന്നിനും പുറപ്പെട്ടിട്ടില്ല ഇതുവരെ, സീമ പറയുന്നു.
അമ്മയെ നോക്കാനുള്ള പണം ഉണ്ടാക്കണം എന്നതിനപ്പുറം നായികയാവണമെന്നോ ഒരു സിനിമാനടിയാവണമെന്നോ പോലും താൻ സ്വപ്നം കണ്ടിരുന്നില്ലെന്നും സീമ വ്യക്തമാക്കി. എന്നും പോവും, അഭിനയിക്കും. ലൊക്കേഷന്‍ ഒന്നുതന്നെ. ആ സിനിമയുടെ മുക്കാല്‍ഭാഗവും ഒറ്റമുറിയില്‍വെച്ചാണ് ഷൂട്ട് ചെയ്തത്. സെറ്റിങ് മാറ്റിക്കൊണ്ടിരിക്കും.
കാശൊന്നും കിട്ടാതെവന്നപ്പോള്‍ വീണ്ടും കമ്പോസിങ്ങിനു തന്നെ പോവാന്‍ തുടങ്ങി. പടം തീരുംവരെ പോവരുതെന്ന് ശശിയേട്ടന്‍ വിലക്കിയപ്പോള്‍ കാശുതരാതെ എങ്ങനെ ജീവിക്കുമെന്ന് ചോദിച്ചു. അന്ന് എഴുതിത്തന്ന ആയിരം രൂപയുടെ ചെക്കാണ് ആ പടത്തിന് കിട്ടിയ ആദ്യത്തെ പ്രതിഫലമെന്ന് സീമ ഓർമിച്ചു.
"കഥാപാത്രത്തിന്റെ പ്രസക്തിയോ വ്യാപ്തിയോ ഒന്നും അന്നെനിക്കറിയില്ലായിരുന്നു. രാജിയായി അഭിനയിച്ചുതുടങ്ങിയപ്പോള്‍ പല രംഗങ്ങളും എനിക്ക് താങ്ങാനാവാതെയായി. സോമേട്ടനുമൊത്തുള്ള ഹോട്ടല്‍ റൂമിലെ രംഗങ്ങള്‍ പോലുള്ളത് ചെയ്യുമ്പോള്‍ എന്നെക്കൊണ്ടെന്തോ തെറ്റ് ചെയ്യിക്കുന്നതു പോലെയാണ് എനിക്കപ്പോള്‍ തോന്നിയത്. ശശിയേട്ടനോട് എനിക്ക് ദേഷ്യം വന്നു. സത്യത്തില്‍ അവളുടെ രാവുകളിലെ രാജിയെപ്പോലെ ഒരു പാവമായിരുന്നു ഞാന്‍. ഡയറക്ടര്‍ എന്ന നിലയില്‍ ശശിയേട്ടന്‍ പറഞ്ഞുതരുന്നത് പോലെ അഭിനയിക്കുകയായിരുന്നു.

രാജി എന്ന ലൈംഗികത്തൊഴിലാളിയെ എനിക്ക് പരിചയമില്ല. പക്ഷേ, അവളാകാന്‍ ചില വേഷങ്ങളൊക്കെയിടുമ്പോള്‍ ഞാന്‍ ശശിയേട്ടനോട് ചോദിച്ചു 'ഇങ്ങനെയൊക്കെ ഞാന്‍ അഭിനയിക്കണോ സാര്‍?'. പലപ്പോഴും ഒറ്റയ്ക്കിരുന്നു കരഞ്ഞു. ഒരര്‍ഥത്തില്‍ ആ വേദന വലിയൊരു വിജയമാണ് എനിക്ക് സമ്മാനിച്ചത്. സീമ എന്ന നടിയുടെ തുടക്കം അവിടെയായിരുന്നു. ആ സിനിമയുടെ വന്‍വിജയം എന്നിലെ അഭിനേത്രിയെ മലയാളത്തിലെ ഒന്നാംനിര നായികയാക്കിമാറ്റി. സീമ എന്ന ആര്‍ട്ടിസ്റ്റിന്റെ കഴിവുകളെ പുറത്തുകൊണ്ടുവന്നതിന്റെ ക്രെഡിറ്റ് മുഴുവനും ശശിയേട്ടനുള്ളതാണ്", സീമ പറഞ്ഞു.
അത്ര സജീവമല്ലെങ്കിലും ഇപ്പോഴും സീമ സിനിമകൾ ചെയ്യുന്നുണ്ട്. ഐ.വി ശശിയുടെ മരണത്തോടെ ചെറിയ ഇടവേളയെടുത്തെങ്കിലും പിന്നീട് തിരിച്ചുവരുകയായിരുന്നു. പൃഥ്വിരാജ് നായകനായ ഷാജി കൈലാസ് ചിത്രം കടുവയിലാണ് അവസാനം അഭിനയിച്ചത്. തമിഴിലും മലയാളത്തിലുമായി ചില പരമ്പരകളിലും സീമ അഭിനയിച്ചിരുന്നു.


Click it and Unblock the Notifications