മമ്മൂട്ടിയും മോഹൻലാലും വലിയ പ്രതിഫലം വാങ്ങുന്നതിന് കാരണം അതാണ്! നടിമാർ അങ്ങനെയല്ല; ഷീല പറയുന്നു
മലയാള സിനിമയിലെ ഐക്കോണിക് നായികയാണ് ഷീല. ഒരുകാലത്ത് ഒട്ടനവധി സിനിമകളിൽ അഭിനയിച്ച് നിരവധി കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ച പ്രിയപ്പെട്ട നായിക ഇന്നും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. കള്ളിച്ചെല്ലമ്മ മുതൽ കൊച്ചു ത്രേസ്യ വരെ നിരവധി കഥാപാത്രങ്ങളെയാണ് നടി വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയിട്ടുള്ളത്. ഇടക്കാലത്ത് സിനിമ വിട്ട ഷീല പിന്നീട് തിരിച്ചെത്തിയെങ്കിലും അത്ര സജീവമായിരുന്നില്ല.
എന്നാൽ ഇപ്പോഴിതാ, കുറച്ചു വർഷങ്ങൾക്ക് ശേഷം അനുരാഗം എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ് മലയാളികളുടെ സ്വന്തം ഷീലാമ്മ. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് നടിയിപ്പോൾ. പ്രമോഷന്റെ ഭാഗമായി മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ ഷീലയുടെ ഒരു അഭിമുഖം ഇതിനിടെ ശ്രദ്ധ നേടുകയാണ്. നടന്മാർക്ക് നടിമാരെക്കാൾ പ്രതിഫലം ലഭിക്കുന്നതിന് കാരണമുണ്ടെന്നാണ് നടി പറയുന്നത്. മമ്മൂട്ടിയും മോഹൻലാലുമൊക്കെ സിനിമ വ്യവസായത്തിന്റെ പില്ലറുകൾ ആണെന്നും ഷീല പറയുന്നുണ്ട്.

'നായകന്മാർ എന്ന് പറഞ്ഞാൽ കുറെ കാലങ്ങളായി ഈ ഫീൽഡിൽ നിൽക്കുന്നവരാണ് അവർ. ഇപ്പോൾ മമ്മൂട്ടിയെയും മോഹൻലാലിനെയും എടുക്കു. എത്ര വർഷമായി അവർ ഈ കലയ്ക്ക് വേണ്ടി എത്ര നാളായി ജോലി ചെയ്ത് കൊണ്ടിരിക്കുകയാണ്. അവരുടെ കൂടെ അക്കാലത്ത് അഭിനയിച്ച നടിമാരെ നോക്കു. അവരെയൊന്നും കാണുന്നേ ഇല്ല. അവരൊക്കെ അവരുടെ കുടുംബം, കുട്ടികൾ എന്നൊക്കെ പറഞ്ഞ് പോയി. എന്നാൽ ഈ നടന്മാരൊക്കെ ഇപ്പോഴും തിരക്കോടെ കഷ്ടപ്പെട്ട് അഭിനയിച്ചു കൊണ്ടിരിക്കുകയാണ്,'
'അവരൊക്കെ സിനിമ വ്യവസായത്തിന് ആവശ്യമുള്ള തൂണുകളാണ്. സൂപ്പർ താരങ്ങളല്ല. അവരൊക്കെ ഫിലിം ഇൻഡസ്ട്രിയുടെ തൂണുകളാണ്. അവരൊക്കെ അങ്ങനെ വലിയ ബ്രേക്ക് എടുത്തിട്ടുണ്ടോ. ഇല്ല. അവർ നിരന്തരം അഭിനയിച്ചു കൊണ്ടിരിക്കുകയല്ലേ. നടിമാരെക്കാൾ കഷ്ടമാണ് നടന്മാരുടെ കാര്യം. അവർക്ക് അടിയും ഇടിയും കൊള്ളണം. നാല് സിനിമകളിൽ ഞാനും സ്റ്റണ്ട് ചെയ്തിട്ടുണ്ട്. എന്ത് പാടാണെന്ന് അറിയാമോ. പെണ്ണുങ്ങളേക്കാൾ ആണുങ്ങൾ അധികം പ്രതിഫലം വാങ്ങുന്നതിന് കാരണവും ഇതാണ്,'
'അവർ ഒരുപാട് കാലം ജോലി ചെയ്തിട്ടാണ് ആ തുക വാങ്ങുന്നത്. ഇടയ്ക്ക് അവർ ഒരു ബ്രേക്കും എടുക്കുന്നില്ല. നടിമാർക്ക് കടുംബമുണ്ട്, കുട്ടികൾ ഉണ്ട്, ഭർത്താവ് ഉണ്ട്. ഇടയ്ക്കിടയ്ക്ക് അതൊക്കെ നോക്കേണ്ടി വരും. പിന്നീട് അവർ എന്നെ പോലെ അമ്മയായും അമ്മുമ്മ ആയുമൊക്കെ തിരിച്ചു വരും,' എന്നായിരുന്നു ഷീല പറഞ്ഞത്.
അതേസമയം, ഷീലയ്ക്ക് ഒപ്പം അഭിമുഖത്തിൽ ഉണ്ടായിരുന്ന യുവ താരം ഗൗരി കിഷന് ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമാണ് ഉണ്ടായിരുന്നത്. കല്യാണം, കുട്ടികൾ എന്നൊക്കെ പറഞ്ഞ് നടിമാർ സാക്രിഫൈസ് ചെയ്യുന്നത് ഗ്ലോറിഫൈ ചെയ്യുന്നത് കൊണ്ടല്ലേ ഇപ്പോൾ നായികമാർ ഇല്ലാത്തത് എന്നായിരുന്നു ഗൗരിയുടെ ചോദ്യം. ഹീറോ നല്ലൊരു അച്ഛൻ ആയില്ലെങ്കിലും കുഴപ്പമില്ല. എന്നാൽ നടി നല്ല അമ്മ ആയില്ലെങ്കിൽ കുഴപ്പമാണ് എന്നൊക്കെ ഉള്ളത് പ്രശ്‌നമാണെന്നും താരം പറഞ്ഞു.

നേരത്തെ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലും ഷീല ഇതുപോലൊരു പരാമർശം നടത്തിയിരുന്നു. മമ്മൂട്ടിയും മോഹൻലാലുമെല്ലാം വർഷങ്ങൾ എടുത്താണ് പേരുണ്ടാക്കിയിട്ടുള്ളത്. എന്നാൽ അവർക്കൊപ്പവും അവർക്ക് ശേഷവും വന്ന നടിമാർ ബ്രേക്കെടുത്തു. കാരണം പെണ്ണെന്ന് പറഞ്ഞാൽ അവർ കല്യാണം കഴിക്കണം, പ്രസവിക്കണം, കുഞ്ഞിനെ നോക്കണം ഇത്തരത്തിൽ സ്ത്രീകൾക്ക് ശാരിരികമായി തന്നെ ഒരുപാട് വ്യത്യാസങ്ങളും ചുമതലകളുമുണ്ട്. എന്നാൽ ഈ ചുമതലകളൊന്നും ആണിന് ഇല്ലെന്നായിരുന്നു നടി പറഞ്ഞത്.
സ്ത്രീയെ സംബന്ധിച്ച് അഭിനയിക്കുന്നതിനേക്കാൾ വലുത് കുടുംബമാണ്. ആയിരം പുരുഷൻമാരുണ്ടെങ്കിലും ഒരു സ്ത്രീയുണ്ടെങ്കിലേ അതൊരു കുടുംബമാകൂ. സ്ത്രീകളാകുമ്പോൾ ഒരുപാട് റോളുകൾ ചെയ്യണം ജീവിതത്തിൽ, അതിൽ നാം അഭിമാനിക്കുകയാണ് വേണ്ടത്. ഒരു അമ്മയാകാനും മകനെ പ്രസവിക്കാനും കഴിഞ്ഞതാണ് താൻ ഏറ്റവും വലിയ അഭിമാനമായി കാണുന്നതെന്നും ഷീല പറഞ്ഞു.


Click it and Unblock the Notifications











