കുഞ്ഞ് ജനിച്ചതിനു ശേഷം ഏറ്റവും ദേഷ്യം തോന്നിയ കാര്യം അതാണ്; ഇപ്പോൾ വഴക്കിടാറില്ല: സെന്തിൽ കുമാർ
മലയാളത്തിൽ സീരിയലിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ശ്രീജ ചന്ദ്രൻ. ദേവിയായും, നായികയായും സീരിയലിൽ തിളങ്ങുമ്പോൾ തന്നെ സിനിമകളിലും ചെറിയ വേഷങ്ങളിലൂടെ ശ്രീജ അഭിനയിച്ചിട്ടുണ്ട്. പിന്നീട് തമിഴ് സീരീയലുകളിലും അഭിനയിക്കാൻ തുടങ്ങി. എന്നാൽ സ്റ്റാർ വിജയ് ചാനലിലൂടെ റിലീസ് ചെയ്ത ശരവണൻ മീനാച്ചി എന്ന സീരിയലിലൂടെ തമിഴ്നാട്ടിൽ ഒരുപാട് ആരാധകരെ ഉണ്ടാക്കാൻ ശ്രീജക്ക് സാധിച്ചു.
ആ സീരിയലിലെ ജോഡിയായ സെന്തിൽ കുമാറിനെ തന്നെയാണ് ശ്രീജ വിവാഹം ചെയ്തത്. ആ സീരിയലും ഈ ജോഡിയും വലിയ ഹിറ്റായി. വിവാഹത്തിനു ശേഷമുള്ള ജീവിതത്തെ കുറിച്ചും പ്രതിസന്ധികളെ കുറിച്ചും ശ്രീജയും സെന്തിലും ബിഹൈന്റ് വുഡ്സിലൂടെ സംസാരിക്കുന്നു. വിവാഹം കഴിഞ്ഞയുടനെ തന്നെ കുട്ടികളുടെ കാര്യത്തിൽ തീരുമാനം എടുക്കണമെന്നും ഒരു കാരണവശാലും കുട്ടികൾക്കു വേണ്ടി സമയം നീട്ടി കൊണ്ടു പോകരുതെന്നും സെന്തിൽ പറഞ്ഞു.

അങ്ങനെ വേഗം കുട്ടികൾ ഉണ്ടായാൽ ഭാര്യ-ഭർതൃ ബന്ധം കുറച്ചു കൂടി ശക്തമാവും എന്നും സെന്തിൽ പറഞ്ഞു. എന്നാൽ തനിക്ക് അത്തരം അഭിപ്രായമില്ലെന്നാണ് ശ്രീജ തുറന്നു പറഞ്ഞത്. "അതായത് കുട്ടികൾ വേഗം ഉണ്ടാവുന്നതിനാൽ കുടുംബം വളരെ സന്തോഷത്തോടെ ഇരിക്കുമെന്ന് ഇല്ല. കുട്ടികൾ ഇല്ലാതെ എത്രയോ വർഷങ്ങളായി സന്തോഷത്തോടെ ജീവിക്കുന്ന എത്രയോ ആളുകൾ ഉണ്ട്. കുട്ടികൾ ഉണ്ടായാൽ പോലും ജോലിക്ക് പോകരുത്, കുട്ടികളെ നോക്കി വീട്ടിൽ ഇരിക്കണം എന്നൊക്കെ ചിന്തിക്കുമ്പോഴാണ് അവിടെ വഴക്കും പ്രശ്നങ്ങളും ഉണ്ടാവുന്നത്."
"ഞാനും കരുതിയത് കുട്ടികൾ ഉണ്ടായാൽ എല്ലാ പ്രശ്നങ്ങളും മാറുമെന്ന്. പക്ഷേ ഒന്നും മാറിയിട്ടില്ല. ഒരാൾ എങ്ങനെ ജീവിക്കണമെന്ന് മറ്റൊരാൾ തീരുമാനിക്കുന്നിടത്താണ് പ്രശ്നങ്ങൾ ഉണ്ടാവുന്നത്. ഒരാൾ മറ്റൊരാളുടെ കാര്യത്തിൽ ഒരു പരിധിയിൽ കൂടുതൽ ഇടപെടാതിരിക്കുന്നതാണ് എപ്പോഴും നല്ലത്." ശ്രീജ പറഞ്ഞു.
2014ലാണ് സെന്തിലും ശ്രീജയും വിവാഹം ചെയ്യുന്നത്. എന്നാൽ 2023 ലാണ് ഇരുവർക്കും ഒരു ആൺകുഞ്ഞ് ജനിക്കുന്നത്. കുഞ്ഞ് ജനിച്ചതിനു ശേഷം നിരവധി പേർ ചോദിക്കുന്നത് അടുത്ത കുഞ്ഞിനെ കുറിച്ചാണ്. "ഏത് പരിപാടികൾക്ക് പോയാലും മറ്റുള്ളവർ പറയുന്നത് ആദ്യത്തെ കുഞ്ഞ് ജനിക്കാൻ ഏകദേശം 8 വർഷത്തോളം എടുത്തു, രണ്ടാമത്തെ കുഞ്ഞിനെ കുറിച്ച് പെട്ടെന്ന് നോക്കൂ."
"ആദ്യത്തെ കുഞ്ഞിന് ഒരു അനുജത്തിയോ അനുജനോ വേണ്ടേ എന്നാണ് ആളുകൾ ചോദിക്കുന്നത്. ഈ ചോദ്യത്തേക്കാൾ ദേഷ്യം വരുന്ന മറ്റൊന്നില്ല. എന്തെല്ലാം വേദന അനുഭവിച്ചാണ് ആദ്യത്തെ കുഞ്ഞ് ഉണ്ടായതെന്ന് ആർക്കും അറിയില്ല. എന്നിട്ട് ഇപ്പോൾ വന്ന് ഇങ്ങനെ ചോദിക്കുന്നത് കേൾക്കുമ്പോൾ വല്ലാത്ത ബുദ്ധിമുട്ട് തോന്നാറുണ്ട്." സെന്തിൽ പറഞ്ഞു.

"കല്യാണം കഴിഞ്ഞ് ആദ്യ ഒരു വർഷം ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ആ സമയത്ത് സെന്തിൽ തന്നോട് ഒരുപാട് ദേഷ്യപ്പെടാറുണ്ടായിരുന്നു. എന്നാൽ ഞാൻ അങ്ങനെ തിരിച്ച് സെന്തിലിനോട് ദേഷ്യ കാണിച്ചില്ല, എല്ലാ കേട്ടിരുന്നു. അതെല്ലാം കഴിഞ്ഞ് കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ എന്റെ ദേഷ്യം മുഴുവനായും പ്രകടിപ്പിക്കാൻ തുടങ്ങി. അപ്പോഴാണ് സെന്തിലിന്റെ ഈ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങിയത്.
കല്യാണത്തിനു മുന്നേ വളരെ സ്നേഹത്തോടെ ബഹുമാനത്തോടെ തന്നെയായിരുന്നു സെന്തിൽ ഇടപഴകിയിരുന്നത്. എന്നാൽ കല്യാണ സമയത്ത് തൊട്ട് ഭയങ്കര ദേഷ്യം ആയിരുന്നു. അന്ന് തിരുപ്പതിയിൽ താലി ചാർത്തുന്നതിനു മുന്നേ വരെ ഈ കല്യാണം വേണോ എന്നു പോലും ഒരു നിമിഷം ചിന്തിച്ചു. ഇങ്ങനെ സ്വഭാവം മാറുമെന്ന് കല്യാണത്തിനു മുന്നേ ചിന്തിച്ചിരുന്നില്ല." ശ്രീജ പറഞ്ഞു.


Click it and Unblock the Notifications











