മണിച്ചേട്ടന്റെ കൈയ്യിൽ നിന്ന് കരണത്ത് നല്ലൊരു അടി കിട്ടി, പേടിയായിരുന്നു അന്ന്; അനുഭവം പങ്കുവച്ച് സിനി വർഗീസ്
മലയാള സീരിയൽ രംഗത്തെ മുൻനിര നായികമാരിൽ ഒരാളാണ് സിനി വർഗീസ്. ചെറുപ്പം മുതൽ അഭിനയരംഗത്ത് സജീവമായ സിനി നായികയായും വില്ലത്തിയായുമെല്ലാം തിളങ്ങിയിട്ടുണ്ട്. ഇതിനോടകം മുപ്പതിലധികം മെഗാസീരിയലുകളിൽ നടി അഭിനയിച്ചു. സീരിയലുകൾക്ക് പുറമെ ഏതാനും സിനിമകളിലും സിനി വേഷമിട്ടിട്ടുണ്ട്. കഴിഞ്ഞ പതിനഞ്ച് വർഷത്തിലധികമായി സീരിയലുകളിലും സിനിമകളിലുമായി തിളങ്ങി നിൽക്കുകയാണ് താരം.
മൂന്നോ നാലോ സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിലെ ഒരുപിടി ശ്രദ്ധേയ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ സിനിക്ക് സാധിച്ചിട്ടുണ്ട്. അതിലൊരാളാണ് കലാഭവൻ മണി. ആഴക്കടലിൽ എന്ന ചിത്രത്തിലാണ് സിനി കലാഭവൻ മണിക്കൊപ്പം അഭിനയിച്ചത്. ആ സമയത്തുണ്ടായ മാറക്കാനാകാത്തൊരു അനുഭവം പങ്കുവച്ചിരിക്കുകയാണ് താരമിപ്പോൾ. സ്റ്റോർക് മാജിക് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിനെ കുറിച്ച് സംസാരിക്കുകയായിരുന്നു സിനി.

വളരെ ചെറുപ്പം മുതൽ നൃത്തം ചെയ്യുന്ന ആളാണ് താനെന്ന് സിനി പറഞ്ഞു. മൂന്ന് വയസുമുതൽ ഡാൻസ് പഠിച്ചു തുടങ്ങിയതാണ്. ഇടതും വലതും താളവും ഒന്നും തിരിച്ചറിയാത്ത കാലത്ത് എങ്ങനെയാണ് ഡാൻസ് കളിച്ചതെന്ന് ഇന്നും അറിയില്ല. ചെറുപ്പം മുതൽ സിനിമയിലെ ഡാൻസും പാട്ടുമൊക്കെ കണ്ട് അത് അനുകരിക്കുമായിരുന്നു. കാവ്യ മാധവനെ ഡാൻസ് പഠിപ്പിച്ച ഗുരു തന്നെയാണ് എന്നെയും പഠിപ്പിച്ചത്, സിനി പറഞ്ഞു.
പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഡോക്യുമെന്റി ഫിലിം ചെയ്തുകൊണ്ടാണ് കരിയർ ആരംഭിക്കുന്നത്. പിന്നീട് സീരിയലുകളിൽനിന്ന് അവസരം ലഭിച്ചു. മലയാളത്തിന് പുറമെ തമിഴിൽ നിന്നും അവസരങ്ങൾ വന്നു. ഒരു നടിയെന്ന നിലയിൽ ലഭിക്കുന്ന സ്വീകാര്യതയും അംഗീകാരമെല്ലാം ഇഷ്ടമായിരുന്നു. ഷൂട്ടിങ് സെറ്റിലേക്കുള്ള യാത്രകളും ഏറെ ആസ്വദിച്ചിരുന്നു. അധ്യാപകരും പിന്തുണച്ചതുകൊണ്ടാണ് പഠനത്തിനൊപ്പം അഭിനയവും മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചതെന്നും സിനി പറയുന്നു.
സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് എന്നാൽ ഡേറ്റിന്റെ പ്രശ്നങ്ങൾ കാരണം സാധിക്കാത്തതാണെന്നും നടി വ്യക്തമാക്കി. സീരിയൽ ഷൂട്ടിന് ഇടയിൽ വരുന്ന സീരിയലുകൾ തന്നെ ഡേറ്റ് ക്ലാഷ് കാരണം ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. സീരിയലിന് ഡേറ്റ് പെട്ടെന്നാകും നൽകുക. ഷൂട്ടും വളരെ ഹെക്ടിക് ആയിരിക്കും. അതിനിടയിലും ചില സിനിമകൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഹാപ്പി ജേർണിയാണ് ആദ്യ ചിത്രം. അതിന് ശേഷം ഉത്സാഹകമ്മിറ്റി, അപ്പോത്തിക്കരി, ആഴക്കടലിൽ തുടങ്ങിയ സിനിമകൾ ചെയ്തു, സിനി പറഞ്ഞു.
തുടർന്നാണ് താരം കലാഭവൻ മണിക്കൊപ്പമുള്ള അനുഭവം പങ്കുവച്ചത്. 'അഭിനയിച്ചതിൽ എടുത്തു പറയാൻ പറ്റിയ സിനിമ ആഴക്കടലിലാണ്. സിനിമയിൽ മണിച്ചേട്ടന്റെ സഹോദരിയുടെ വേഷമായിരുന്നു. ആദ്യ ഷോട്ട് തന്നെ എന്റെ മുഖത്ത് അടിക്കുന്നതായിരുന്നു. കൈ വരുമ്പോൾ മുഖം മാറ്റണം എന്നൊക്കെ മണിച്ചേട്ടൻ പറഞ്ഞിരുന്നു'
'എന്റെ ടൈമിങ് തെറ്റി മണിച്ചേട്ടന്റെ നല്ല ഒരു അടി കരണത്ത് തന്നെ വീഴുകയും ചെയ്തു. അതാണ് എന്നും ഓർക്കുന്ന ഒരനുഭവം. അന്ന് മണിച്ചേട്ടനെ പോലൊരു നടനെ മുന്നിൽ കണ്ടിട്ടും പേടി കാരണം സംസാരിക്കാൻ സാധിച്ചില്ല. ഇന്നായിരുന്നെങ്കിൽ കുറച്ചുകൂടെ സംസാരിക്കാമായിരുന്നു', സിനി പറഞ്ഞു.

സിനിമാഭിനയവും സീരിയൽ അഭിനയവും രണ്ടും രണ്ടാണ്. സിനിമയിൽ ഒരു രംഗം കൂടുതൽ പ്രാക്ടീസ് ചെയ്ത് ചെയ്യാൻ സാധിക്കും. മെച്ചപ്പെടുത്താനും സാധിക്കും. എന്നാൽ സീരിയൽ അങ്ങനെയല്ല. ഒരു ദിവസം തന്നെ മൂന്ന് നാല് എപ്പിസോഡ് വരെ ഷൂട്ട് ചെയ്യും. ഒന്ന് ചിന്തിക്കാൻ പോലും സമയം കിട്ടില്ല. പക്ഷെ അങ്ങിനെ ചെയ്തതുകൊണ്ടേ പ്രൊഡ്യൂസർക്ക് എന്തെങ്കിലും ലാഭമുള്ളു. സിനിമ ഒരു ഓർമയായി എന്നും നിലനിൽക്കും, സീരിയലാണ് കൂടുതൽ ജനങ്ങളിലേക്ക് അടുപ്പിക്കുന്നതെന്നും സിനി അഭിപ്രായപ്പെട്ടു.
സീരിയലിനെ കുറിച്ച് കുറ്റം പറയുന്നവർ അത് തുടർന്നുകൊണ്ടേയിരിക്കും. കുറ്റം പറയാൻ വേണ്ടി മാത്രം സീരിയൽ കാണുന്നവരുണ്ട്. നല്ല സന്ദേശം നൽകി ഇറക്കുന്ന സീരിയൽ ആർക്കും വേണ്ട. അത്തരം സീരിയലുകൾ അധികം എപ്പിസോഡുകൾ പോകാതെയാവുമ്പോൾ നിലനിൽപിന് വേണ്ടി കഥാഗതി മാറ്റേണ്ട അവസ്ഥയാണുള്ളതെന്നും സിനി വർഗീസ് തുറന്നുപറഞ്ഞു.


Click it and Unblock the Notifications











