'പത്ത് വർഷത്തെ പ്രണയം, ഞങ്ങളുടേത് സൂഫിയോ ശാകുന്തളം പോലെയോ അല്ല; പക്ഷേ രസകരമായ ഒരു കാര്യമുണ്ട്!': ദേവ് മോഹൻ
സൂഫിയും സുജാതയും എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനാണ് ദേവ് മോഹൻ. അടുത്ത കാലത്ത് ഒരൊറ്റ സിനിമ കൊണ്ട് തന്നെ കരിയറിൽ വഴിത്തിരിവ് സംഭവിച്ച മറ്റൊരു നടനും ഉണ്ടാവില്ല. ആദ്യ കഥാപാത്രത്തിലൂടെ അത്രയേറെ ആരാധകരും പ്രേക്ഷക സ്വീകാര്യതയുമാണ് നടന് ലഭിച്ചത്.
മലയാളികൾക്ക് ഇന്നും സൂഫി എന്ന് കേട്ടാൽ അത് ദേവ് മോഹനാണ്. സൂഫി ആയി എത്തിയ ദേവ് ഇപ്പോൾ ശകുന്തളയുടെ ദുഷ്യന്തനായി തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ ഒരുങ്ങുകയാണ്. തെന്നിന്ത്യൻ സൂപ്പർ താരം സാമന്ത നായികയാകുന്ന ശാകുന്തളത്തിലെ നായകനാണ് ദേവ് മോഹൻ.

ആദ്യ സിനിമയിലും രണ്ടാമത്തെ സിനിമയിലും പ്രണയ നായകനായി എത്തുന്ന ദേവ് മോഹന്റെ യഥാർത്ഥ ജീവിതത്തിലും ഒരു പ്രണയകഥയുണ്ട്. രണ്ടു വർഷം മുൻപായിരുന്നു ദേവ് മോഹന്റെ വിവാഹം. വർഷങ്ങളോളം പ്രണയിച്ച തന്റെ പ്രണയിനി റെജീനയെ ആണ് നാടൻ വിവാഹം ചെയ്തത്.
ഇപ്പോഴിതാ, തന്റെ പ്രണയകഥ പറയുകയാണ് ദേവ് മോഹൻ. ഇന്ത്യ ഗ്ലിറ്റ്‌സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ജീവിതത്തിലെ പ്രണയം സൂഫി പോലെയോ ശാകുന്തളം പോലെയോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടൻ. വിശദമായി വായിക്കാം.

'2010 ലാണ് ഞാൻ റജീനയെ കാണുന്നത്. എന്റെ ജൂനിയർ ആയിരുന്നു. അന്ന് തുടങ്ങിയ പ്രണയമാണ്. പത്ത് വർഷം പ്രണയിച്ചു ഞങ്ങൾ വിവാഹം കഴിച്ചു. ഇപ്പോൾ പന്ത്രണ്ട് വർഷമായി. ജീവിതത്തിലെ പ്രണയം സൂഫി പോലെയോ ശാകുന്തളം പോലെയോ ആണോയെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. എന്തായാലും ശാകുന്തളം പോലെയല്ല,'
'കുതിരയും ആളും ഒന്നുമില്ലല്ലോ . സൂഫി പോലെയും അല്ല. അത് ഒരു ഡിവൈൻ ആയിട്ടുള്ള വേറെ ഒരു തലത്തിലുള്ള പ്രണയമല്ലേ. ഇതൊരു സാധാരണക്കാരന്റെ പ്രണയം തന്നെയാണ്. പക്ഷെ അതിന്റെ ഫ്ളേവർ ഒക്കെ എനിക്ക് കൃതമായി എൻജോയ് ചെയ്യാൻ പറ്റിയിട്ടുണ്ട്,' ദേവ് പറഞ്ഞു.

'ഞങ്ങളുടെ പ്രണയത്തിലെ രസകരമായ സംഭവം എന്താണെന്ന് വെച്ചാൽ, ഞാൻ പുള്ളികാരിയുടെ സീനിയർ ആയിരുന്നു. ഞാൻ റെജിനയെ കണ്ടിട്ടുണ്ടെങ്കിലും റജീന എന്നെ കണ്ടിട്ടില്ലായിരുന്നു. ഞാൻ പാസ്ഔട്ട് ആയി കഴിഞ്ഞ ശേഷമാണു ഞങ്ങൾ സംസാരിക്കുന്നത്,'
'എന്റടുത്ത് കോളേജിൽ കണ്ടിട്ടില്ലല്ലോ എന്ന് ചോദിച്ചപ്പോൾ ഞാൻ കാര്യമായി വരാറില്ല എന്ന് പറഞ്ഞു. അങ്ങനെ പാസ് ഔട്ട് ആയ ശേഷമാണു പ്രണയിക്കുന്നത്. സെയിം ബിൽഡിങ്ങിൽ മുകളിലത്തെ ക്ലാസ്സിൽ ആയിരുന്നു ഞാൻ. എന്നിട്ടും കണ്ടിട്ടില്ല എന്ന് പറഞ്ഞത് വളരെ ഫണ്ണി ആയിട്ടാണ് തോന്നിയത്. ഞാൻ അന്ന് എങ്ങനെയാണ് ഇരുന്നതെന്ന് പോലും പുള്ളിക്കാരിക്ക് ഓർമ്മയില്ല,' ദേവ് പറഞ്ഞു.

ദേവിന്റെ ഭാര്യ റെജീന നിലവിൽ ബാംഗ്ലൂരിൽ വർക്ക് ചെയ്യുകയാണ്. ഭാര്യക്ക് ഇൻസ്റ്റഗ്രാമോ ഫെയ്‌സ്‌ബുക്കോ തുടങ്ങിയ സോഷ്യൽ മീഡിയകൾ ഒന്നുമില്ലെന്നും അതുകൊണ്ടാണ് തങ്ങളുടെ ചിത്രങ്ങൾ ഒന്നും അധികം കാണാത്തതെന്നും ദേവ് അഭിമുഖത്തിൽ പറയുന്നുണ്ട്.

ആദ്യ സിനിമയിൽ സൂഫിയായി വന്ന് ഹിന്ദു പെൺകുട്ടിയെ പ്രണയിച്ച ദേവിന് യഥാർത്ഥ ജീവിതത്തിൽ ഒരു മുസ്ലിം പെൺകുട്ടിയെ പ്രണയിക്കുമ്പോൾ അങ്ങനെ പ്രശ്‌നങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്ന് ഒരിക്കൽ ഫില്മിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ദേവ് പറഞ്ഞിരുന്നു. പ്രണയത്തെ റിലീജിയസ് ആയിട്ട് താൻ കണ്ടിരുന്നില്ലെന്നും. വ്യക്തികളെയാണ് നോക്കേണ്ടത് എന്നുമാണ് ദേവ് പറഞ്ഞത്.


Click it and Unblock the Notifications











