ദിലീപ് ചിത്രത്തിൽ നിന്ന് ഒഴിവാക്കിയിരുന്നോ?; ചോദ്യത്തിന് സാമന്തയുടെ മറുപടി ഇങ്ങനെ!
തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് സാമന്ത ഇന്ന്. ബോളിവുഡിൽ ഉൾപ്പടെ അറിയപ്പെടുന്ന നായികയാണ് സാമന്ത. തന്റെ കരിയറിൽ സുവർണ കാലഘട്ടത്തിലൂടെയാണ് സാമന്ത കടന്നു പോകുന്നത്. ഇടയ്ക്ക് വിവാഹ മോചനം, അതിന് പിന്നാലെ വന്ന രോഗം, തുടങ്ങി വ്യക്തി ജീവിതത്തിൽ പല പ്രശ്നങ്ങളും നേരിടേണ്ടി വന്നെങ്കിലും അതിലൊന്നും തളരാതെ ശക്തയായി മുന്നോട്ട് പോവുകയാണ് താരം.
ഒരിടവേളയ്ക്ക് ശേഷം സാമന്തയുടെ പുതിയ ചിത്രം തിയേറ്ററുകളിൽ എത്തുകയാണ്. ശാകുന്തളമാണ് ചിത്രം. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് നടി ഇപ്പോൾ. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൊച്ചിയിലും നടി എത്തിയിരുന്നു. പ്രമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റിൽ പങ്കെടുക്കുന്നതിനിടെ പണ്ട് ദിലീപ് ചിത്രത്തിൽ നിന്ന് ഒഴിവാക്കിയത് സംബന്ധിച്ച് സാമന്തയോട് ചോദിച്ചിരുന്നു. അതിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ദിലീപ് നായകനായ ക്രേസി ഗോപാലനിൽ ആദ്യം നായിക ആവേണ്ടിയിരുന്നത് സാമന്ത ആയിരുന്നുവെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. സ്ക്രീൻ ടെസ്റ്റിൽ ഉൾപ്പടെ പങ്കെടുത്ത സാമന്തയെ പിന്നീട് ചിത്രത്തിൽ നിന്നും ഒഴിവാക്കുകയായിരുന്നു എന്നായിരുന്നു സംസാരം. മുൻപ് ദിലീപും ചിത്രത്തിന്റെ സംവിധായകൻ ദീപു കരുണാകരനും നൽകിയ അഭിമുഖങ്ങളിൽ നിന്നുള്ള ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിൽ പിന്നാലെ ആയിരുന്നു ഇത് സംബന്ധിച്ച ചർച്ച.
'ഒരു പെൺകുട്ടി, അവരെ ആ സിനിമയിൽ നിന്ന് ഒഴിവാക്കിയപ്പോൾ ഒരുപാട് കരഞ്ഞിരുന്നു. ഞാൻ പറഞ്ഞു വിഷമിക്കരുത്. ആ കഥാപാത്രവുമായി യോജിക്കാത്ത കൊണ്ടാവും. വിഷമിക്കരുത്, ഒന്ന് കൂടി വർക്ക് ചെയ്യുക. സിനിമയാണ്, നാളെ ഇന്ത്യൻ സിനിമ തന്നെ പുറകെ വരുന്ന കാലമുണ്ടാകും എന്ന് പറഞ്ഞു. അത് സംഭവിച്ചിട്ടുണ്ട്. അങ്ങനെ ഞാൻ പറഞ്ഞിട്ടുള്ള രണ്ടു നായികമാർ ഇന്ന് തെന്നിന്ത്യൻ സിനിമയിൽ ടോപ്പിൽ നിൽക്കുന്ന ആളാണ്' എന്നായിരുന്നു ദിലീപ് ഒരിക്കൽ നേരെ ചൊവ്വേയിൽ പറഞ്ഞത്.
പിന്നീട് ചിത്രത്തിന്റെ സംവിധായകൻ ദീപു കരണാകരൻ ആണ് അതിലൊരാൾ സാമന്ത ആയിരുന്നെന്ന് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ദിലീപ് അയാൾ എങ്ങനെയുണ്ടെന്ന് എന്നോട് ചോദിച്ചപ്പോൾ നല്ല പ്രകടനമാണ് എന്നൊക്കെ ഞാൻ പറഞ്ഞിരുന്നു. പക്ഷെ നമ്മുക്ക് അൽപം ഉയരമുള്ള ആളെ ആയിരുന്നു വേണ്ടത്. അങ്ങനെ ആ കുട്ടി തിരിച്ചു പോവുകയായിരുന്നു. അത് സാമന്ത ആയിരുന്നു എന്നാണ് അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞത്.
ശാകുന്തളത്തിന്റെ പ്രസ് മീറ്റിൽ, അന്ന് ദിലീപ് ചിത്രത്തിന്റെ സ്ക്രീൻ സ്റ്റിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇന്ന് ശാകുന്തളത്തിന്റെ പ്രൊമോഷനായി കേരളത്തിൽ എത്തിനിൽക്കുന്നു. പിറകിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ എന്ത് തോന്നുന്നു എന്നായിരുന്നു സാമന്തയോട് ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യം.
അതിന് സാമന്ത നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു. 'ഒരുപാട് ഓഡിഷനുകളിൽ നിന്നും റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അതൊക്കെ മറന്നുപോയി. കരിയറിന്റെ തുടക്കത്തിൽ റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നത് ഓർക്കുന്നുണ്ട്,' എന്നാണ് താരം പറഞ്ഞത്. തന്റെ ഇതുവരെയുള്ള സിനിമ യാത്രയെ കുറിച്ചും സാമന്ത സംസാരിച്ചിരുന്നു.
ഇതുവരെയുള്ള യാത്രയിൽ എനിക്ക് ഫുൾ ക്രെഡിറ്റ് എടുക്കാനാവില്ല. ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ച ആളുകളുമൊത്ത് വർക്ക് ചെയ്യാൻ സാധിച്ചു. എന്റെ വിജയം അവർക്കൊപ്പം പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. എന്റെ കരിയറിലെ പല സമയത്ത് ഒരു സ്റ്റെപ്പ് കൂടുതൽ മുന്നോട്ട് വെക്കാൻ സഹായിച്ചത് അവരാണെന്നായിരുന്നു സാമന്ത പറഞ്ഞത്.

മലയാളി താരങ്ങൾക്കൊപ്പം അഭിനയിക്കുന്നത് ഒരു ആക്ടിങ് സ്കൂളിൽ പോകുന്നത് പോലെയാണെന്നും സാമന്ത അഭിമുഖത്തിൽ പറഞ്ഞു. സാധാരണ ഗതിയിൽ ആക്ടേഴ്സിന് ഒരു റിഥമുണ്ട്. ഈ സീനിൽ സാമന്ത ഇതായിരിക്കും ചെയ്യാൻ പോവുക എന്ന് പറയാൻ പറ്റും. എന്നാൽ മലയാളി ആക്ടേഴ്സിന്റെ കാര്യത്തിൽ സർപ്രൈസുകൾ സംഭവിക്കാറുണ്ട്.
അവർ എപ്പോഴും സർപ്രൈസ് ചെയ്യും. ഫഹദ് ഫാസിൽ ഇതായിരിക്കും ചെയ്യുക എന്ന് വിചാരിക്കും. എന്നാൽ അദ്ദേഹം അതായിരിക്കില്ല ചെയ്യുക. മിക്ക മലയാളി ആക്ടേഴ്സിന് അഭിനയത്തിൽ ആ എഡ്ജ് ഉണ്ട്. അത് വളരെ പ്രചോദനം നൽകുന്നതാണെന്നും സാമന്ത പറഞ്ഞു.
അതേസമയം, ഏപ്രിൽ 14ന് ആണ് ശാകുന്തളം തിയേറ്ററുകളിൽ എത്തുക. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവ് മോഹനാണ് ചിത്രത്തിൽ നായകനാവുന്നത്. ദുഷ്യന്തന്റെ വേഷത്തിലാണ് താരം എത്തുന്നത്.


Click it and Unblock the Notifications