സെറ്റില്‍ ഒരുമിച്ച് കയറാന്‍ പറ്റാത്ത അവസ്ഥ, ഭൂകമ്പമാകുമെന്നു കരുതി; പ്രണയകഥ പറഞ്ഞ് ഷാജുവും ചാന്ദ്‌നിയും
മലയാളികളുടെ പ്രിയപ്പെട്ട താരജോഡിയാണ് ഷാജുവും ചാന്ദ്‌നിയും. സിനിമയിലും സീരിയലുമെല്ലാം നിറഞ്ഞു നിന്ന താരങ്ങള്‍ പ്രണയത്തിലാവുകയായിരുന്നു. ഒരു സീരിയിലില്‍ ഒരുമിച്ച് അഭിനയിക്കുന്ന കാലത്താണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇപ്പോഴിതാ ഷാജുവിന്റേയും ചാന്ദ്‌നിയുടേയും മൂത്ത മകള്‍ നന്ദനയും അഭിനയത്തിലേക്ക് കടന്നിരിക്കുകയാണ്. രണ്ട് മക്കളും സിനിമയിലെത്തിയതിന്റെ സന്തോഷത്തിലാണ് ഷാജുവും ചാന്ദ്‌നിയും. ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെക്കുറിച്ചും സിനിമകളെക്കുറിച്ചുമെല്ലാം ചാന്ദ്‌നിയും ഷാജുവും മനസ് തുറക്കുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.
അവര്‍ കുട്ടിക്കാലം മുതലേ എല്ലാം കേട്ടാണ് വളരുന്നത്. അതൊന്നും മറച്ചുവച്ചിട്ട് കാര്യമില്ലല്ലോ. പക്ഷെ ചില കഥകളൊക്കെ എഡിറ്റ് ചെയ്യും. അവരെങ്ങാനും അതുകേട്ട് ത്രില്ലടിച്ചു പ്രേമിക്കാന്‍ പോയാലോ എന്നാണ് ഷാജു പറയുന്നത്. തങ്ങളുടെ പ്രണയ കാലത്തെ ഓര്‍മ്മകളാണ് ചാന്ദ്‌നി പങ്കുവെക്കുന്നത്. സീരിയലില്‍ നായികയും നായകനുമായ കാലത്താണ് ഞങ്ങള്‍ അടുപ്പത്തിലായതെന്നാണ് ചാന്ദ്‌നി പറയുന്നത്. രസകരമായൊരു അനുഭവവും പങ്കുവെക്കുന്നുണ്ട് ചാന്ദ്‌നി. ഒരു സീരിയലില്‍ ഞങ്ങള്‍ വിവാഹിതരാകുന്നുണ്ട്. ആദ്യരാത്രി പാലുമായി വരുന്ന രംഗത്ത് പാല്‍ ഗ്ലാസ് വാങ്ങിയ ശേഷം ഷാജു ചേട്ടന്‍ എന്റെ കയ്യില്‍ ഉമ്മ വെക്കും. കുറേ ടേക്ക് എടുത്തിട്ടും ശരിയാകുന്നില്ല. പക്ഷെ ഓരോ ഉമ്മ കിട്ടുമ്പോഴും എനിക്ക് മനസിലാകുന്നുണ്ട് ടേക്ക് ഓക്കെ അല്ലാതാക്കുന്നത് ചേട്ടന്റെ നമ്പറാണെന്ന്. പക്ഷെ സംവിധായകന്‍ അടക്കം ആര്‍ക്കും അതൊന്നും മനസിലാകുന്നില്ലെന്നാണ് ചാന്ദ്‌നി പറയുന്നത്.

തങ്ങളുടെ വിവാഹത്തെക്കുറിച്ചും ഇരുവരും മനസ് തുറക്കുന്നുണ്ട്. വലിയ ഭൂകമ്പമാകുമെന്ന് കരുതിയാണ് എല്ലാം പ്ലാന്‍ ചെയ്തത് എന്നാണ് ഷാജു പറയുന്നത്. പ്രണയത്ത്ിലാണെന്ന് വീട്ടുകാര്‍ അറിഞ്ഞതോടെ തങ്ങള്‍ക്ക് ഒരുമിച്ച് സെറ്റില്‍ പോലും കയറാന്‍ പറ്റാത്ത അവസ്ഥയായെന്നും ഷാജു പറയുന്നു. അങ്ങനെയിരിക്കെ ആയിടക്ക് തനിക്കൊരു വിദേശ ഷോ വന്നു. അതില്‍ ചാന്ദിനിയേയും ഉള്‍പ്പെടുത്താന്‍ സംഘാടകരെ കൊണ്ട് സമ്മതിപ്പിച്ചു. ഷോയ്ക്ക് കുറച്ച് ദിവസം മുമ്പ് പാലക്കാട് നിന്നും കൊച്ചില്‍ വന്ന് ചാന്ദ്‌നിയെ കടത്തുകയായിരുന്നുവെന്നും ഷാജു പറയുന്നു. തിരികെ പോകും വഴി അമ്പലത്തില്‍ വച്ച് മാലയിടലും രജിസ്റ്റര്‍ വിവാഹവും നടത്തിയെന്നും ഷാജു പറയുന്നു. പിന്നാലെ പത്രക്കാരെ വിളിച്ച് തങ്ങള്‍ വിവാഹിതരായ വിവരം അറിയിച്ചു. അതുവരെയേ വീട്ടുകാരുടെ എതിര്‍പ്പുകളുണ്ടായിരുന്നുള്ളൂവെന്നും പിന്നെ പാലക്കാടും കൊച്ചിയിലും റിസപ്ഷന്‍ നടത്തിയെന്നും ഷാജു പറയുന്നു.
ഗള്‍ഫിലേക്ക് പോകാനിരുന്ന താന്‍ സിനിമയിലെത്തിയ കഥയും ഷാജു പങ്കുവെക്കുന്നുണ്ട്. നാട്ടില്‍ കമ്പൂട്ടര്‍ കോഴ്‌സിന് ചേര്‍ന്ന് പഠിക്കുകയായിരുന്നു. ആ സമയത്ത് പാരഡി കാസറ്റുകളില്‍ ലാലേട്ടന്റെ ശബ്ദം ചെയ്യാന്‍ പതിവായി പലരും വിളിക്കുമായിരുന്നു. അങ്ങനെയിരിക്കെ വാര്‍ധക്യ പുരാണം എന്ന ചിത്രത്തില്‍ അബി ലാലേട്ടനെ അനുകരിക്കുന്ന രംഗത്തില്‍ ഡബ് ചെയ്യാനുള്ള അവസരം തനിക്ക് കിട്ടിയെന്നും ഇതോടെയാണ് സിനിമ മോഹം മനസില്‍ കയറിക്കൂടുന്നതെന്നും താരം പറയുന്നു. അങ്ങനെയാണ് താന്‍ മിമിക്‌സ് ആക്ഷന്‍ 500 എന്ന ഒരുപാട് നായകന്മാരുള്ള സിനിമയിലെ ഒരു നായകന്‍ ആകുന്നതെന്നും ഷാജു പറയുന്നു.
സിനിമ വലിയ ആവേശമായിരുന്നുവെങ്കിലും മറ്റൊരു ദുഖവുമുണ്ടെന്നും ഷാജു പറയുന്നു. ആ സിനിമയടക്കം ആദ്യത്തെ മൂന്ന് നാല് സിനിമകള്‍ക്ക് പ്രതിഫലമൊന്നും കിട്ടിയിട്ടേയില്ലെന്നാണ് ഷാജു പറയുന്നത്. ഭക്ഷണവും താമസവും അറേഞ്ച് ചെയ്ത് തരുമായിരുന്നുവെന്നും പിന്നെ സിനിമയോടുള്ള ഇഷ്ടം കാരണം അറിഞ്ഞ് എന്തെങ്കിലും തന്നാല്‍ വാങ്ങാം എന്നായിരുന്നു തന്റേയും ചിന്തയെന്നും ഷാജു പറയുന്നു. പിന്നീടാണ് ഷാജു സിനിമയില്‍ നിന്നും സീരിയലിലേക്ക് എത്തുന്നത്. സീരിയലാണ് തനിക്ക് ചാന്ദ്‌നിയെ തന്നതെന്നും ഷാജു പറയുന്നു.


Click it and Unblock the Notifications











