ഗാലറിയിൽ ശാലിനിയും മകനും, ഓടി അരികിലെത്തി അഭിഷേക് ബച്ചൻ; അച്ഛനെ പോലെയാണല്ലോ മകനുമെന്ന് ആരാധകർ!, വീഡിയോ
ചെന്നൈയിൽ ഫുടബോൾ മത്സരത്തിനിടെ ശാലിനിയെയും മകനെയും അഭിഷേക് ബച്ചൻ കണ്ടുമുട്ടിയതിന്റെ വീഡിയോ വൈറലാവുകയാണ്
തെന്നിന്ത്യൻ പ്രേക്ഷകർക്കെല്ലാം ഏറെ പ്രിയങ്കരിയായ നടിയാണ് ശാലിനി അജിത്ത്. ബേബി ശാലിനി ആയി എത്തി മലയാളികളുടെ ഉൾപ്പെടെ ഇഷ്ടം നേടിയെടുത്ത നടി പിന്നീട് തെന്നിന്ത്യയിലെ ഏറ്റവും വലിയ നായികമാരിൽ ഒരാളായി മാറുകയായിരുന്നു. ഒരു കാലത്ത് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള ബാല താരവും നായികയുമൊക്കെ ആയിരുന്നു ശാലിനി.
1983 ലാണ് ശാലിനി ആദ്യമായി അഭിനയത്തിലേക്ക് എത്തുന്നത്. ചെറിയ പ്രായത്തിൽ തന്നെ പ്രേക്ഷകർ ഓർത്തിരിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്. ശാലിനിയുടെ അക്കാലത്തെ അഭിനയം കണ്ട് തെന്നിന്ത്യൻ പ്രേക്ഷകർ ഒന്നടങ്കം ഞെട്ടിയിട്ടുണ്ട്.

മലയാളത്തിൽ നിന്നായിരുന്നു ശാലിനിയുടെ അരങ്ങേറ്റം. ഇടയ്ക്ക് അഭിനയം നിർത്തി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച ശാലിനി പിന്നീട് ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ നായികയായി തിരിച്ചെത്തുകയായിരുന്നു.
അനിയത്തി പ്രാവിന് ശേഷം മലയാളം, തമിഴ് സിനിമകളിലെല്ലാം ശാലിനി നായികയായി. അങ്ങനെ കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു തമിഴിലെ സൂപ്പർ താരം അജിത്തിനെ ശാലിനി വിവാഹം കഴിക്കുന്നത്. വിവാഹത്തോടെ അഭിനയം വിട്ട ശാലിനി ഇപ്പോൾ രണ്ടു കുട്ടികളെയും വീട്ടു കാര്യങ്ങളും നോക്കി. കുടുംബിനിയായി ജീവിതം നയിക്കുകയാണ്.

പ്രണയ വിവാഹമായിരുന്നു ഇവരുടേത്. തെന്നിന്ത്യൻ സിനിമാ ലോകത്തെ പവർ കപ്പിളായാണ് ശാലിനിയും അജിത്തും അറിയപ്പെടുന്നത്. വിവാഹം മുതൽ ഇവരുടെ ഓരോ ചെറിയ വിശേഷങ്ങൾ പോലും തെന്നിന്ത്യൻ സിനിമാ ലോകത്തും പ്രേക്ഷകർക്കിടയിലും ചർച്ചയാവാറുണ്ട്. എന്നാൽ മറ്റു താരങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി പൊതു ഇടങ്ങളിൽ നിന്നും വാർത്തകളിൽ നിന്നുമെല്ലാം മാറി നിൽക്കാൻ ശ്രമിക്കുന്ന താരങ്ങളാണ് ഇരുവരും.

വളരെ വിരളമായി മാത്രമാണ് ശാലിനിയെയും അജിത്തിനെയും പൊതു ഇടങ്ങളിൽ കാണാറുള്ളത്. അതുകൊണ്ട് തന്നെ ഇവരുടെതായി പുറത്തു വരുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ, ശാലിനിയുടെയും മകന്റെയും ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബോളിവുഡ് നടൻ അഭിഷേക് ബച്ചനൊപ്പമാണ് ഇവർ വീഡിയോയിൽ ഉള്ളത്.

ചെന്നൈയിൽ ഐഎസ്എൽ ഫുട്ബോൾ മത്സരം കാണാനെത്തിയ ശാലിനിയോടും മകൻ ആദ്വിക്കിനോടും അഭിഷേക് ബച്ചൻ കുശലാന്വേഷണം നടത്തുന്നതാണ് വീഡിയോയിൽ. അഭിഷേക് ബച്ചൻ സഹ ഉടമയായ ചെന്നൈയിൻ എഫ്സിയുടെ ഫുട്ബോൾ മത്സരം കാണാൻ എത്തിയതായിരുന്നു ശാലിനിയും മകനും. ചെന്നൈയിൻ ആരാധകനായ മകൻ ആദ്വിക് ഇതേ ടീമിന്റെ ജഴ്സി അണിഞ്ഞാണ് കളി കാണാൻ എത്തിയത്.
ഗാലറിയിൽ ഇരുന്ന് കളി കാണുകയായിരുന്ന ശാലിനിയെ അപ്രതീക്ഷിതമായി കണ്ട അഭിഷേക് അവർക്കരിലേക്ക് ഓടി എത്തുകയായിരുന്നു. അഭിഷേക് ബച്ചൻ വരുന്നതും അഭിഷേകിനെ കണ്ട് ശാലിനി എഴുന്നേറ്റ് നിന്ന് സംസാരിക്കുന്നതും വീഡിയോയിൽ കാണാം. വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ മകൻ ആദ്വിക്കിനെയും അഭിഷേക് ബച്ചൻ പരിചയപ്പെടുന്നുണ്ട്.

അജിത് ശാലിനി ആരാധകരൊക്കെ ഈ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു. ചെന്നൈയിൻ എഫ്സിയുടെ എല്ലാം മത്സരങ്ങൾക്കും അഭിഷേക് എത്താറുണ്ട്. എന്നാൽ ആദ്യമായാണ് ഇങ്ങനെയൊരു കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം സ്റ്റേഡിയത്തിന് നിന്നുള്ള ശാലിനിയുടെയും മകന്റെയും ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. അജിത്തിന്റെ ഇഷ്ട കായിക വിനോദങ്ങളിലൊന്നാണ് ഫുട്ബോൾ. അച്ഛനെപ്പോലെ തന്നെ മകനും ഫുട്ബോളിൽ തന്നെയാണ് കമ്പമെന്ന് തോന്നുന്നുവെന്നാണ് വീഡിയോയും ചിത്രങ്ങളും കണ്ട് ആരാധകർ പറയുന്നത്.


Click it and Unblock the Notifications