ഞങ്ങള്‍ രണ്ട് പേരും ആശുപത്രിയിലായിരുന്നു, മോശം ദിവസങ്ങള്‍; പ്രാര്‍ത്ഥനകള്‍ക്ക് നന്ദി പറഞ്ഞ് ഷംന കാസിം
തെന്നിന്ത്യന്‍ സിനിമയാകെ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ഷംന കാസിം. മലയാളിയാണെങ്കിലും തെലുങ്കിലും തമിഴിലുമെല്ലാം സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച നായിക. അഭിനയത്തിന് പുറമെ ഡാന്‍സിലും പ്രതിഭ തെളിയിക്കാന്‍ ഷംനയ്ക്ക് സാധിച്ചിട്ടുണ്ട്. ഈയ്യടുത്തിറങ്ങിയ മഹേഷ് ബാബു ചിത്രത്തിലെ ഷംനയുടെ ഡാന്‍സ് വൈറലായി മാറിയിരുന്നു.
മലയാളത്തില്‍ ഷംന കാസിം എന്ന പേരിലും മറ്റ് ഭാഷകളില്‍ പൂര്‍ണ എന്ന പേരിലുമാണ് ഷംന അഭിനയിക്കുന്നത്. അഭിനേത്രിയെന്നതു പോലെ തന്നെ നര്‍ത്തകിയെന്ന നിലയിലും പ്രശസ്തയാണ് ഷംന. ഡാന്‍സ് റിയാലിറ്റി ഷോ വിധികര്‍ത്താവായും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തമിഴില്‍ ധാരാളം ആരാധകരെ നേടാന്‍ ഷംന കാസിമിന് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഷംന കാസിം പങ്കുവച്ച പുതിയ വീഡിയോ ശ്രദ്ധ നേടുകയാണ്. താനും മകനും സുഖമില്ലാതെ ചികിത്സയിലായിരുന്നതിനെക്കുറിച്ച് ഷംന സംസാരിക്കുന്ന വീഡിയോയാണ് വൈറലായി മാറുന്നത്. തനിക്കും മകനും ഒരേസമയം പനി വന്നതിനെക്കുറിച്ചും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടി വന്നതിനെക്കുറിച്ചുമാണ് ഷ്ംന വീഡിയോയില്‍ സംസാരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ ആരാധകരുടെ ശ്രദ്ധ നേടുകയാണ്.
''അപ്പോ ഇങ്ങനൊരു ദിവസം കൂടെ എനിക്ക് വന്നു. ഞാനും ഹംദുവും ഒരുമിച്ച് ആശുപത്രിയിലായി. ഒരു മാസമായി. ഇപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും രോഗമുക്തരായി. എല്ലാ പ്രാര്‍ത്ഥനകള്‍ക്കും നന്ദി. ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റിട്ടപ്പോള്‍ എന്തുപറ്റിയെന്ന് ചോദിച്ച് ഒരുപാട് പേര്‍ വന്നിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും സുഖമായിരിക്കുന്നു.'' ഷംന പറയുന്നു.
''ആ ദിവസങ്ങളിലൊക്കെ ഹംദുക്കുട്ടി ഭയങ്കര ക്രാങ്കിയായിരുന്നു. ഞാന്‍ ദുബായ് ആസ്തറിലായിരുന്നു. അവിടുത്തെ എല്ലാവര്‍ക്കും നന്ദി. പ്രത്യേകിച്ചും ഹംദാനേയും എന്നേയും ചികിത്സിച്ച നഴ്‌സുമാര്‍ക്ക്. മമ്മി കൂടെയുണ്ടായിരുന്നു. ചില മോശം ദിവസങ്ങള്‍. എല്ലാവര്‍ക്കും കാണും. ദുബായില്‍ ഇപ്പോള്‍ ഭയങ്കര ചൂടാണ്. എല്ലാവരും സൂക്ഷിക്കുക'' എന്നും ഷംന പറയുന്നുണ്ട്.
ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്. നേരത്തെ നല്‍കിയൊരു അഭിമുഖത്തില്‍ തങ്ങള്‍ കണ്ടുമുട്ടിയതിനെക്കുറിച്ചും വിവാഹം കഴിച്ചതിനെക്കുറിച്ചും ഷംന സംസാരിച്ചിട്ടുണ്ട്. ഒരിക്കല്‍ മര്‍ഹബ എന്ന ഇവന്റിനു വേണ്ടി ദുബായില്‍ പോയി. ഗോള്‍ഡന്‍ വിസ വാങ്ങാന്‍ കൂടി വേണ്ടിയായിരുന്നു ആ യാത്ര. ഇക്കയുടെ കമ്പനിയാണ് ഗോള്‍ഡന്‍ വിസ നല്‍കിയത്. മര്‍ഹബ എന്ന പരിപാടിയും അവര്‍ക്ക് വേണ്ടി ചെയ്തതായിരുന്നുവെന്നാണ് ഷംന പറയുന്നത്. അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ മമ്മിക്കും ഡാഡിക്കും ആളെ ഇഷ്ടമായി. അത് വിവാഹാലോചനയിലുമെത്തുകയായിരുന്നു എന്നാണ് ഷംന നേരത്തെ പറഞ്ഞത്.

രണ്ടോ മൂന്നോ ആഴ്ച കൊണ്ട് എല്ലാം ഉറപ്പിച്ചു. ഉടനെ നിക്കാഹും നടത്തി. അന്ന് ഞങ്ങള്‍ ഫോട്ടോയും വീഡിയോയും ഒന്നും പുറത്തു വിട്ടിരുന്നില്ല. അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും മാത്രം ക്ഷണിച്ചു കൊണ്ടുള്ള ചടങ്ങായിരുന്നു എന്നും ഷംന പറഞ്ഞിരുന്നു. നിക്കാഹ് കഴിഞ്ഞാല്‍ ചെക്കനും പെണ്ണിനും ഒരുമിച്ച് താമസിക്കാം. അങ്ങനെ നിക്കാഹിന് ശേഷം താന്‍ ദുബായിലേക്ക് വരികയായിരുന്നു എന്നും താരം പറയുന്നു.
വിവാഹം കഴിക്കാന്‍ വൈകിപ്പോയി എന്നാണ് തനിക്കിപ്പോള്‍ തോന്നുന്നതെന്നും ഷംന നേരത്തെ പറഞ്ഞിരുന്നു. അതിന് കാരണം മകന്‍ ഹംദാനാണ്. മകന്‍ ഹംദാനൊപ്പമുള്ള നിമിഷങ്ങളാണ് ഏറ്റവും മനോഹരം. സിനിമ ധാരാളം നല്ല അനുഭവങ്ങള്‍ തന്നിട്ടുണ്ട്. എന്നാലും ബാക്കിയെല്ലാം ഞാന്‍ മറന്നു പോയിരിക്കുന്നു എന്നാണ് ഷംന പറഞ്ഞത്. അമ്മയായ ശേഷം സിനിമയില്‍ നിന്നും ചെറിയ ഇടവേളയെടുത്ത ഷംന തിരികെ വരികയും അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ്.


Click it and Unblock the Notifications











