എഡിറ്റിംഗ് എന്നേയും അമ്മയേയും കാണിക്കണം, നായകനാക്കണം; ഷെയ്ന്‍ നിര്‍മ്മാതാവിന് അയച്ച കത്ത്
മലയാള സിനിമ മറ്റൊരു പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. കഴിഞ്ഞ ദിവസമാണ് മലയാള സിനിമയിലെ മുന്‍നിര നടന്മാരായ ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിയ്ക്കുമെതിരെയായ നിര്‍മ്മാതക്കളുടെ സംഘടന രംഗത്തെത്തിയത്. ഇരുവരും സംവിധായകരുമായി സഹകരിക്കുന്നില്ലെന്നാണ് ആരോപണം. ഇതോടെ താരങ്ങള്‍ക്കെതിരെ സംഘടന നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
ഷെയ്ന്‍ നിഗത്തേയും ശ്രീനാഥ് ഭാസിയേയും വിലക്കാനാണ് സംഘടനയുടെ തീരുമാനം. ഇതിനിടെ ഇപ്പോഴിതാ ഷെയ്ന്‍ നിഗത്തിനെതിരായ പരാതിയ്ക്ക് കാരണമായ കത്ത് പുറത്ത് വന്നിരിക്കുകയാണ്. നിര്‍മ്മാതാവ് സോഫിയ പോളിന് ഷെയ്ന്‍ നിഗം അയച്ച കത്താണ് മനോരമ ന്യൂസ് പുറത്തു വിട്ടിരിക്കുന്നത്. നിര്‍മാതാവ് സോഫിയ പോളിന് അയച്ച കത്താണ് പുറത്ത് വന്നത്.

'ആര്‍ഡിഎക്‌സ്' എന്ന സിനിമയുടെ എഡിറ്റിങ് തന്നെയും അമ്മയെയും കാണിക്കണം, മാര്‍ക്കറ്റിങിലും ബ്രാന്‍ഡിങിലും തനിക്ക് പ്രാമുഖ്യം വേണം എന്നിങ്ങനെയാണ് ഷെയ്ന്‍ നിഗം മുന്നോട്ട് വച്ച ആവശ്യങ്ങള്‍. അതേസമയം, ഷെയ്‌നും അമ്മയും കാരണം ചിത്രത്തിന്റെ ഷൂട്ടിങ് തടസപ്പെട്ടുവെന്നും നാണക്കേടും സാമ്പത്തിക നഷ്ടവും ഉണ്ടായെന്നും വ്യക്തമാക്കുന്ന സോഫിയ പോളിന്റെ പരാതിയും പുറത്ത് വന്നിട്ടുണ്ട്.
വാഗ്ദാനം ചെയ്തതുപോലെ തന്റെ കഥാപാത്രത്തിന് പ്രാമുഖ്യം ലഭിക്കുന്നില്ലെന്നും അതിനാല്‍ തന്റെ കഥാപാത്രത്തിന് പ്രാമുഖ്യം ലഭിക്കുന്ന രീതിയിലാകണം സിനിമയുടെ പ്രമോഷനെന്നാണ് ഷെയ്ന്‍ കത്തില്‍ ആവശ്യപ്പെടുന്നത്. ടീസര്‍ ഇറങ്ങുമ്പോഴും തന്റെ കഥാപാത്രത്തിനാണ് പ്രാധാന്യം വേണ്ടതെന്നും താരം പറയുന്നതായാണ് ആരോപണം.
സിനിമയുടെ പ്രമോഷന്‍ കാണുമ്പോള്‍ താനാണ് നായകനെന്ന് ജനങ്ങള്‍ മനസ്സിലാക്കണമെന്നും കത്തിലൂടെ ഷെയ്ന്‍ ആവശ്യപ്പെട്ടതായാണ് ആരോപണം. സിനിമയുടെ എഡിറ്റിങ് പൂര്‍ത്തിയാക്കുമ്പോള്‍ അതിലും തനിക്കായിരിക്കണം പ്രാധാന്യമെന്നും താരം ആവശ്യപ്പെട്ടതായി പറയപ്പെടുന്നു. ഈ കത്ത് ചൂണ്ടിക്കാണിച്ചാണ് സോഫിയ പോള്‍ നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം നടന്ന സിനിമാ സംഘടനകളുടെ യോഗത്തില്‍ ഷെയ്‌നെതിരെ നടപടി എടുക്കുന്നത്.
ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുതുമുഖം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആര്‍ഡിഎക്സ്'. സിനിമയുടെ ചിത്രീകരണം ഈയ്യടുത്താണ് പൂര്‍ത്തിയായത്. ഷെയ്നിന്റെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം കാരണം സിനിമയുടെ ഷൂട്ടിങ് പലതവണ തടസപ്പെട്ടുവെന്നാണ് ആരോപണം.
സംഭവത്തില്‍ ഫെഫ്ക ഇടപെടുകയായിരുന്നു. എഡിറ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍ കാണാന്‍ താരങ്ങള്‍ക്ക് അവകാശമില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകി. സിനിമാ സെറ്റുകളിലെ മോശം പെരുമാറ്റത്തെക്കുറിച്ച് ആവര്‍ത്തിച്ചുള്ള പരാതികളെത്തുടര്‍ന്നാണ് നടന്മാരായ ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കും ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരളയും (ഫെഫ്ക) കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വിലക്കേര്‍പ്പെടുത്തിയത്.

അതേസമയം നടപടി നേരിടേണ്ടി വന്ന മറ്റൊരു നടനാണ് ശ്രീനാഥ് ഭാസി. സംഭവത്തോടെ താരസംഘടനയായ അമ്മയില്‍ അംഗത്വം നേടാന്‍ ശ്രമിക്കുകയാണ് ശ്രീനാഥ് ഭാസി. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ശ്രീനാഥ് ഭാസി അമ്മയുടെ ഓഫീസിലെത്തി അംഗത്വത്തിനുള്ള അപേക്ഷ കൈമാറിയിട്ടുണ്ട്. അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനത്തിന് ശേഷമേ അംഗ്വതം ലഭിക്കുകയുള്ളൂ.
ഡേറ്റ് നല്‍കാമെന്ന് പറഞ്ഞ് നിര്‍മ്മാതാവില്‍ നിന്നും അഡ്വാന്‍സ് വാങ്ങിയിട്ടും വട്ടംചുറ്റിച്ചുവെന്നും ഒരേസമയം പല സിനിമകള്‍ക്കു ഡേറ്റ് കൊടുത്തു സിനിമയുടെ ഷെഡ്യൂള്‍ തകിടം മറിച്ചുവെന്നുമാണ് ശ്രീനാഥ് ഭാസിക്കെതിരായ പരാതി.


Click it and Unblock the Notifications