അന്ന് നല്ല പനിയായിരുന്നു; കാരവാനിൽ വെച്ച് അദ്ദേഹം പറഞ്ഞത്: നെടുമുടി വേണുവിനെ കുറിച്ച് ശങ്കർ
സേനാപതിയുടെ രണ്ടാം വരവിൽ ലോകം ഒന്നടങ്കം ആവേശത്തിലാണ്. ഇത്രയും വർഷങ്ങൾക്കു ശേഷവും പ്രായമാവാത്ത ഇന്ത്യൻ താത്ത എന്നാണ് എല്ലാവരും പറയുന്നത്. ശങ്കറിന്റെ എക്കാലത്തേയും മികച്ച ചിത്രമാണ് ഇന്ത്യൻ. ഇനി ഇന്ത്യന് ഒരു മൂന്നാം ഭാഗവുമുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യൻ 2 ടീമിന്റെ പ്രസ് മീറ്റിനിടെ ശങ്കറും കമൽഹാസനും സംസാരിക്കുന്നു.
"28 വർഷത്തിന് ശേഷം കൃഷ്ണസ്വാമിയും പ്രേക്ഷകർക്ക് മുന്നിൽ വരുന്നുണ്ട്. അതാണ് മലയാളികൾക്ക് ഇന്ത്യൻ 2 സിനിമ കാണാൻ ഇത്രയും ആവേശം തരുന്നത്. ആദ്യ ദിവസം ലൊക്കേഷനിൽ വന്നപ്പോൾ അദ്ദേഹത്തെ കൃഷ്ണ സ്വാമിയായി കണ്ടപ്പോൾ വലിയ സന്തോഷം ഉണ്ടായി. ഇന്ന് അദ്ദേഹം ജീവനോടെ ഇല്ല. പക്ഷേ ഈ സിനിമയിലൂടെ വീണ്ടും അദ്ദേഹത്തെ സ്ക്രീനിൽ കാണാം." ശങ്കർ പറഞ്ഞു.

"അദ്ദേഹത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്തെന്നാൽ അത്രക്കും അർപണ ബോധത്തോടെയാണ് അദദ്ദേഹം ഓരോ കാര്യവും ചെയ്യുന്നത്. മാത്രമല്ല അധികം ശബ്ദത്തിൽ സംസാരിക്കില്ല. അത്രയും സിമ്പിളായ വ്യക്തിയാണ് അദ്ദേഹം. ഷൂട്ടിംഗിന് വന്നപ്പോൾ നല്ല പനിയായിരുന്നു അദ്ദേഹത്തിന്. കാരവാനിൽ ഞാൻ ചെന്ന് നോക്കിയപ്പോൾ അദ്ദേഹത്തിന് നല്ല ചൂടുണ്ട്. ഷൂട്ട് ക്യാൻസൽ ചെയ്താലോ എന്ന് ഞാൻ ചോദിച്ചു. കാരണം അന്ന് വലിയൊരു സീൻ ആയിരുന്നു ഷൂട്ട് ചെയ്യാൻ ഉണ്ടായിരുന്നത്."
"പക്ഷേ നെടുമുടി വേണു പറഞ്ഞത് മറ്റൊന്നാണ്. ഏയ് അതൊന്നും വേണ്ട, ഈ സീൻ ചെയ്യുമ്പോൾ കിട്ടുന്ന ഒരു ആവേശമുണ്ട്. അതിൽ ഈ പനി ഒന്നും ഒരു കുഴപ്പമില്ല എന്ന്. അങ്ങനെ പറഞ്ഞാണ് അദ്ദേഹം അഭിനയിച്ചത്." അത്രക്കും മഹാനായ ആർട്ടിസ്റ്റാണ് നെടുമുടി വേണു എന്നാണ് ശങ്കർ പറഞ്ഞത്.
"നെടുമുടി വേണു എന്നെക്കാൾ മികച്ച നടനാണ്. അദ്ദേഹത്തിന് ഒരു 100 സിനിമ ലീഡ് റോൾ ചെയ്യാൻ കൊടുത്താൽ ചെയ്യും. പക്ഷേ ഞങ്ങൾ അദ്ദേഹത്തിന് ക്യാരക്ട്ർ റോളാണ് കൊടുത്തത്. അതാണ് വ്യത്യാസം. എല്ലാവർക്കും ചെയ്യാൻ സാധിക്കുന്നത് നെടുമുടി വേണുവിനും സാധിക്കും. ചിലപ്പോൾ ഒരു ശതമാനം കൂടുതൽ ചെയ്യാൻ അദ്ദേഹത്തിന് സാധിക്കും. ഡാൻസ് കളിക്കാൻ പറഞ്ഞാൽ പോലും അദ്ദേഹം ചെയ്യും." കമൽ ഹാസൻ നെടുമുടി വേണുവിനെ കുറിച്ച് പറഞ്ഞത്.
28 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ 2 എത്തുന്നത്. നെടുമുടി വേണു ഉൾപ്പെടെ പല താരങ്ങൾ ഇന്ന് ജീവനോടെ ഇല്ല. എന്നിട്ടും ഇന്ത്യൻ എന്ന ബ്രാൻ്രഡ് ഇപ്പോഴും പ്രേക്ഷകർക്ക് ആവേശം തരുന്നുണ്ട്. സ്വാഭാവികമായും ആദ്യ ഭാഗത്തെ താരതമ്യപ്പെടുത്തിയാവും ആളുകൾ ഇന്ത്യൻ 2 സിനിമയെ വിലയിരുത്തുന്നത്.

1996ൽ പുറത്തിറങ്ങിയ ഇന്ത്യൻ സിനിമ അതിഗംഭീരമായിരുന്നു. അതിനോട് നീതി പുലർത്തുന്ന തരത്തിലാവും രണ്ടാം ഭാഗവും ഉണ്ടാവുന്നതെന്ന് കമൽഹാസൻ പറഞ്ഞു. ഈ സിനിമയിൽ ഏറ്റവും ഹൈലൈറ്റായി തോന്നുന്നത് സേനാപതിയുടെ മേക്കപ്പ് തന്നെയാണ്. ആദ്യ ഭാഗത്തിലും അങ്ങനെ തന്നെ. മേക്കപ്പ് ചെയ്യുന്നതിന്റെ ദൈർഘ്യത്തെ കുറിച്ച് ചോദിച്ചപ്പോൾ തെയ്യവും കഥകളിയും കെട്ടിയാടുന്ന കേരളത്തിൽ വന്ന് ഈ മേക്കപ്പിന്റെ ദൈർഘ്യത്തെ കുറിച്ച് പറയുന്നതിൽ കാര്യമില്ലല്ലോ എന്നാണ് കമൽ ഹാസൻ ചോദിച്ചത്.
ജൂലൈ 12 ന് ചിത്രം തിയേറ്ററുകളിലെത്തും. സിദ്ധാർത്ഥ്, പ്രിയ ഭവാനി ശങ്കർ, രാഖുൽ പ്രീത്, എസ് ജെ സൂര്യ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. സില്ലി മോങ്ക്സ് മോളിവുഡ് ചാനലിലൂടെ വീഡിയോ കാണാം.


Click it and Unblock the Notifications











