ജീവിത പങ്കാളിയെ തിരഞ്ഞെടുത്തതിൽ റിഗ്രറ്റ് ഉണ്ട്; കുടുംബത്തിന് വിട്ടുകൊടുക്കാമായിരുന്നു; ശാന്തി കൃഷ്ണ
വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് ശാന്തി കൃഷ്ണ. ഇടയ്ക്ക് ഒരു വലിയ ഇടവേളയിലേക്ക് പോയെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്. തമിഴിലൂടെ അരങ്ങേറ്റം കുറിച്ച ശാന്തി കൃഷ്ണ 1981ല്‍ ഭരതൻ ഒരുക്കിയ നിദ്ര എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. പതിനേഴ് വയസായിരുന്നു അന്ന് ശാന്തി കൃഷ്ണയുടെ പ്രായം. തുടർന്ന് ഒരുപിടി സിനിമകളിലൂടെ നടി മലയാള സിനിമയിൽ സജീവമാവുകയായിരുന്നു.
തുടർന്ന് മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള മുൻനിര താരങ്ങളുടെ നായികയായി നിരവധി ശ്രദ്ധേയ സിനിമകളിൽ ശാന്തി കൃഷ്ണ അഭിനയിച്ചു. അങ്ങനെ മലയാളത്തിലെ തിരക്കുള്ള നായികമാരിൽ ഒരാളായി തിളങ്ങി നിൽക്കുന്ന സമയത്താണ് ശാന്തി കൃഷ്ണ നീണ്ടൊരു ഇടവേളയിലേക്ക് പോകുന്നത്. രണ്ടാം വിവാഹത്തെ തുടർന്നാണ് ശാന്തി കൃഷ്ണ സിനിമയിൽ നിന്നും മാറി നിന്നത്. 2016ൽ ആ ബന്ധം വേർപിരിഞ്ഞതിന് പിന്നാലെ വീണ്ടും സിനിമയിൽ സജീവമാവുകയായിരുന്നു.

നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയായിരുന്നു തിരിച്ചുവരവ്. തിരിച്ചുവരവിൽ കൂടുതൽ അമ്മ വേഷങ്ങളാണ് ശാന്തിക്ക് ലഭിക്കുന്നത്. നിലവിൽ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് നടി. അതിനിടെ ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തെ കുറിച്ചും മക്കളെ കുറിച്ചുമൊക്കെ ശാന്തി കൃഷ്ണ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
ജീവിത പങ്കാളിയെ സ്വയം തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മാതാപിതാക്കളെ കേൾക്കാതിരുന്നതിൽ താൻ ഇന്ന് ഖേദിക്കുന്നുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ശാന്തി കൃഷ്ണ. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്.
'എന്റെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള തീരുമാനം സ്വന്തമായി എടുക്കാതെ കുടുംബത്തിന് വിട്ടുകൊടുക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അതായിരുന്നേനെ നല്ലൊരു തീരുമാനം. അക്കാര്യത്തിൽ എനിക്കൊരു റിഗ്രറ്റ് ഉണ്ട്. വിവാഹക്കാര്യത്തിൽ മാതാപിതാക്കളെ വിഷമിപ്പിക്കേണ്ടി വന്നതിൽ ദുഖമുണ്ട്. അതല്ലാതെ മറ്റൊന്നിലും ഒരു റിഗ്രറ്റ് ഇല്ല. എന്റെ സ്വത്ത് എന്ന് പറയുന്നത് എന്റെ മക്കളാണ്. വിവാഹം ശരിയായില്ലെങ്കിലും എനിക്ക് കിട്ടിയ നിധിയാണ് എന്റെ പിള്ളേർ,' ശാന്തി കൃഷ്ണ പറഞ്ഞു.

'എന്റെ ഉയർച്ച താഴ്ചകളെല്ലാം കണ്ടു വന്നവരാണ് എന്റെ മക്കൾ. അതുകൊണ്ട് തന്നെ അവർക്ക് ചെറിയ പ്രായത്തിൽ തന്നെ കൂടുതൽ പക്വത വന്നിട്ടുണ്ട്. ചെറുപ്പത്തിൽ തന്നെ പലതും ചിന്തിക്കാനുള്ള സാഹചര്യങ്ങളിലേക്ക് അവർ ചെന്ന് എത്തിപ്പെട്ടിട്ടുണ്ട്. ഒരു കുട്ടികൾക്കും അങ്ങനെ സംഭവിക്കരുത് എന്നാണ് ഞാൻ കരുതുന്നത്. മാതാപിതാക്കളുടെ ഡിവോഴ്‌സൊക്കെ കുട്ടികളെ ബാധിക്കുന്ന കാര്യങ്ങളാണ്. അമ്മ അതിനെ എങ്ങനെ തരണം ചെയ്തു. അതിനെ എങ്ങനെ ഡീൽ ചെയ്തു എന്നതൊക്കെ മക്കളെയും സഹായിച്ചിട്ടുണ്ട്,'
'എന്റെ ചേട്ടനൊക്കെ അമ്മയെ കണ്ടു പഠിക്കണമെന്ന് എന്റെ മക്കളോട് പറഞ്ഞുകൊടുത്തിട്ടുണ്ട്. ജീവിതത്തിൽ ഇത്രയൊക്കെ കടന്നു വന്നിട്ടും അമ്മയുടെ മുഖത്ത് ഇങ്ങനെയൊരു ചിരി നിലനിൽക്കുന്നത് കണ്ടുപഠിക്കേണ്ടത് ആണെന്നൊക്കെ പറയും. സത്യത്തിൽ അത് എന്നെ ഒരുപാട് സന്തോഷിപ്പിച്ച കാര്യമാണ്. ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകുമ്പോൾ ഈ സമയവും കടന്നുപോകുമെന്ന് ചിന്തിച്ചാൽ ഡിപ്രഷൻ പോലുള്ള അവസ്ഥയിലേക്ക് നമ്മൾ പോകില്ല. ഇത് ഞാൻ എല്ലാവരോടും പറയാറുള്ളതാണ്. പറയുന്നത് പോലെ എളുപ്പമല്ല. എങ്കിലും ശ്രമിക്കണം,' ശാന്തി കൃഷ്ണ പറയുന്നു.


Click it and Unblock the Notifications











