അന്ന് അൽഫോൺസ് വ്യക്തമായിട്ട് ഒരു കാര്യം പറഞ്ഞിരുന്നു; അതിനു ശേഷമാണ് വലിയ മാറ്റങ്ങൾ വരാൻ തുടങ്ങിയത്: ഷറഫുദ്ദീൻ
വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ നടനാണ് ഷറഫുദ്ദീൻ. ഹാസ്യതാരമായി കരിയർ ആരംഭിച്ച ഷറഫുദ്ദീൻ പ്രേമത്തിലെ ഗിരിരാജൻ കോഴി എന്ന കഥാപാത്രമായി എത്തിയാണ് മലയാളികളുടെ മനസ്സിൽ ഇടം നേടുന്നത്. അതിനുശേഷം നായകനായും പ്രതിനായകനായും സഹനടനായുമെല്ലാം മലയാള സിനിമയിലെ സജീവ സാന്നിധ്യമായി മാറുകയായിരുന്നു. ഏത് വേഷവും അനായാസം അവതരിപ്പിക്കാൻ ഇന്ന് ഷറഫുദ്ദീൻ സാധിക്കും.
അൽഫോൺസ് പുത്രന്റെ ആദ്യ സിനിമയായ നേരത്തിലൂടെ ആയിരുന്നു ഷറഫുദ്ദീന്റെ അരങ്ങേറ്റം. തുടർന്ന് ഓം ശാന്തി ഓശാന, ഹോംലി മീൽസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ശേഷമാണ് പ്രേമത്തിലേക്ക് എത്തുന്നത്. അത് ഷറഫുദ്ദീന്റെ കരിയറിൽ വഴിത്തിരിവായി മാറുകയായിരുന്നു. മികച്ച അവസരങ്ങൾ ഷറഫുദ്ദീനെ തേടിയെത്തുന്നത് അതിനു ശേഷമാണ്. പ്രേമത്തിന് ശേഷം സുഹൃത്ത് കൂടിയായ അൽഫോൺസ് പുത്രൻ നൽകിയ ഉപദേശം അതിന് തന്നെ സഹായിച്ചിട്ടുണ്ട് എന്ന് പറയുകയാണ് ഷറഫുദ്ദീൻ ഇപ്പോൾ.

കരിയറിൽ എത്തിച്ചേർന്ന പൊസിഷനിൽ തിളങ്ങിനിൽക്കാൻ കഴിയണമെന്നും തന്റെതായ ഒരു സ്ഥാനം സിനിമയിൽ അടയാളപ്പെടുത്തണമെന്നുമാണ് അൽഫോൺസ് തന്നോട് പറഞ്ഞതെന്ന് ഷറഫുദ്ദീൻ പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
"ഞാൻ ആദ്യം അഭിനയം അത്ര സീരിയസായി കണ്ടിരുന്ന ആളല്ല. ഒരു ദിവസം അൽഫോൺസ് എന്നോട് വളരെ വ്യക്തമായിട്ട് ഒരു കാര്യം പറഞ്ഞിരുന്നു, നീ ചാൻസ് ചോദിക്കില്ല. നിന്റെ ക്യാരക്ടറിൽ അത് ഉള്ളതാണ്. പക്ഷെ നീ നന്നായിട്ട് ചോദിക്കണം, നന്നായിട്ട് ശ്രമിക്കണം. എന്നാൽ മാത്രമേ ചാൻസ് കിട്ടുള്ളുവെന്ന്. പിന്നീട് ഞാൻ ഒരുപാട് അവസരമൊക്കെ ചോദിച്ച് പോയിരുന്നു," ഷറഫുദ്ദീൻ പറയുന്നു.
"എന്റെ ജീവിതത്തിന്റെ ഒരു രീതിയുണ്ട്. 2016 വരെ വർക്കിംഗ് ക്ലാസ് എന്നൊരു കാറ്റഗറിയിലായിരുന്നു ഞാൻ പോയിക്കൊണ്ടിരുന്നത്. ആ സമയത്തൊക്കെ ഞാൻ പലരീതിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. പ്രേമം അഭിനയിക്കാൻ ഞാൻ പോകുമ്പോഴും ഞാൻ ഓഫീസിൽ നിന്ന് എന്റെ ലാപ്ടോപ്പ് ഒക്കെ മടക്കി വച്ച് ഷോട്ടിനു പോയി അഭിനയിച്ച് തിരിച്ചു വന്ന് വീണ്ടും ലാപ്ടോപ്പ് തുറക്കുകയായിരുന്നു പതിവ്. ഞാൻ അങ്ങനെ വർക്ക് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
അതുകൊണ്ട് തന്നെ പ്രേമം ഇത്ര ഹിറ്റ് ആയില്ലായിരുന്നുവെങ്കിലും എനിക്ക് അത്ര കുഴപ്പമില്ലായിരുന്നു. കാരണം അടുത്ത ഒരു അൽഫോൺസ് പുത്രന്റെ പടമോ ജൂഡ് ആന്തണിയുടെ പടമോ എനിക്ക് കിട്ടുമെന്ന് ഉറപ്പായിരുന്നു. പ്രേമത്തിന് മുൻപാണെങ്കിലും ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന അൽത്താഫിന്റെ ചിത്രം മാത്രമാണ് എനിക്ക് ലോക്കായിട്ടുണ്ടായിരുന്നത്. അല്ലാതെ വേറേ സിനിമ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ അങ്ങനെയാണ് പോകുന്നതങ്കിലും ഞാൻ ഹാപ്പി ആയിരുന്നു.

പിന്നെ പ്രേമം കഴിഞ്ഞപ്പോൾ അൽഫോൺസ് എന്നോട് പറഞ്ഞു, നിനക്ക് നല്ലൊരു അവസരമാണ് വന്നിരിക്കുന്നത്, നീ നല്ലൊരു സ്പേസിലേക്ക് വന്നിട്ടുണ്ട്. ഇനി ഇതിന്റെ താഴേക്ക് പോവാതെ മാക്സിമം ഇവിടെ നിൽക്കണം. നീ ഇവിടെ എത്തിയതിന്റെ ഒരു സാധനം ഇവിടെ അടയാളപ്പെടുത്തണം. ഭാവിയിൽ നിന്നെ കുറിച്ച് ഓർക്കുമ്പോൾ എനിക്കും അഭിമാനം തോന്നണം എന്നായിരുന്നു.
അത് കേട്ടപ്പോൾ എനിക്കും തോന്നി, ശരിയാണ്. കാരണം ഭയങ്കരമായി ഒരുപാട് പേർ ആഗ്രഹിക്കുന്ന ഒരു സ്പേസിലാണ് ഞാൻ എത്തിയത്. അതിന് വേണ്ടി ഞാൻ ശ്രമിക്കണം. വർക്ക് ചെയ്യണം. അങ്ങനെയാണ് എന്റെ സിനിമകളിൽ വലിയ മാറ്റങ്ങൾ വരാൻ തുടങ്ങിയത്." - ഷറഫുദ്ദീൻ പറഞ്ഞു.
അതേ സമയം തോൽവി എഫ്സിയാണ് ഷറഫുദ്ദീന്റെ ഏറ്റവും പുതിയ ചിത്രം. പ്രേമത്തിലൂടെ സുപരിചിതനായ ജോർജ് കോര സംവിധാനം ചെയ്ത ചിത്രമാണിത്. മീനാക്ഷി രവീന്ദ്രൻ നായികയായി എത്തിയ ചിത്രം മികച്ച അഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുകയാണ്. അതിനിടെ മാസ്റ്റർപീസ് എന്ന സീരിസിലൂടെ വെബ് സീരീസ് ലോകത്തേക്കും ഷറഫുദ്ദീൻ അടുത്തിടെ ചുവടുവെച്ചിരുന്നു. നിത്യ മേനോൻ നായികയായെത്തിയ സീരീസ് ഹോട്ട്സ്റ്റാറിലാണ് സ്ട്രീം ചെയ്യുന്നത്.


Click it and Unblock the Notifications











