മമ്മൂക്കയുടെ പേര് പോലും പ്രശ്‌നമാകുന്ന കാലം; ഗോകുലിന് എന്തിനാണ് ട്രിഗര്‍ ആകുന്നത്? ശീതള്‍ ശ്യാം
സാമൂഹിക പ്രവര്‍ത്തകയായും അഭിനേത്രിയായും പരിചിതയാണ് ശീതള്‍ ശ്യാം. ഈയ്യടുത്ത് താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനെത്തിയ പ്രധാനമന്ത്രിയ്ക്ക് മുന്നില്‍ കൈ കെട്ടി നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രം വൈറലായിരുന്നു. ശീതള്‍ ശ്യാം പങ്കിട്ട ഈ ചിത്രത്തിന് കമന്റുമായി ഗോകുല്‍ സുരേഷ് അടക്കം രംഗത്തെത്തിയിരുന്നു. ഇതേക്കുറിച്ച് ഇപ്പോഴിതാ ശീതള്‍ ശ്യാം സംസാരിക്കുകയാണ്. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശീതള്‍ ശ്യാം മനസ് തുറക്കുന്നത്.
വേണ്ടായിരുന്ന് എന്ന് തോന്നിയിട്ടില്ല. ഒരുപാട് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുള്ളതാണ്. അദ്ദേഹം കൈ കൂപ്പുന്ന വീഡിയോ ഞാന്‍ കണ്ടിട്ടുണ്ട്. ഈ ചിത്രം മറ്റൊരാളുടെ വാളില്‍ നിന്നും എടുത്തതാണ്. അതിന്റെ പ്രധാന കാരണം അത്രയും മോശപ്പെട്ടൊരാളുടെ മുമ്പില്‍ മമ്മൂക്ക കൈ കൂപ്പി നില്‍ക്കുന്നത് കാണാന്‍ ഇഷ്ടമില്ല എന്നതാണ്. ആ കൈ കെട്ടി നില്‍ക്കുന്നത് കാണാന്‍ ഒരു രസമുണ്ടല്ലോ. ബാക്കിയുള്ളവര്‍ തലകുമ്പിട്ട് നില്‍ക്കുമ്പോള്‍ മമ്മൂക്കെ വേറെ ലെവലില്‍ നില്‍ക്കുമ്പോള്‍ രസമാണ്. സര്‍ക്കാസമായി ഇട്ടതാണ്. അതിത്ര വലിയ പ്രശ്‌നമാകുമെന്ന് കരുതിയില്ല.

ഒരുപാട് കമന്റുകള്‍ വന്നു. 12 മണിയ്ക്കാണ് പോസ്റ്റിടുന്നത്. കല്യാണം നടക്കുകയാണ്. ഒരു മണി കഴിഞ്ഞാണ് ഗോകുല്‍ സുരേഷിന്റെ കമന്റ് വരുന്നത്. എന്തിനാണ് ഇങ്ങനെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഛര്‍ദ്ദിച്ചു വെക്കുന്നത് എന്നായിരുന്നു കമന്റ്. ഞാന്‍ മറുപടിയും നല്‍കി, നിങ്ങളുടെ സഹോദരിയുടെ കല്യാണമല്ലേ അതില്‍ പങ്കെടുക്കൂ, ഇത്രയും ഡിസ്റ്റര്‍ബ്ഡ് ആകണ്ട. ഗോകുല്‍ എന്റെ ഫെയ്‌സ്ബുക്ക് സുഹൃത്തായിരുന്നു. ഇപ്പോള്‍ അണ്‍ഫോളോ ചെയ്‌തെന്ന് തോന്നുന്നു.
എനിക്കറിയില്ല, ഇയാള്‍ക്ക് ഇത്രയും ട്രിഗര്‍ ചെയ്യേണ്ട ആവശ്യം എന്താണെന്ന്. കല്യാണത്തിന്റെ ഒരു വശമുണ്ട്. അതാകാം ട്രിഗര്‍ ചെയ്തിട്ടുണ്ടാവുക. എനിക്ക് നാല് കെ കമന്റാണെന്നു തോന്നുന്നു കിട്ടിയത്. പക്ഷെ ഗോകുലിന്റെ കമന്റിന് പതിനാറ് കെ ലൈക്കാണ് കിട്ടിയത്. എനിക്കതൊരു വലിയ പ്രശ്‌നമായി തോന്നുന്നില്ല. നമ്മള്‍ മോശപ്പെട്ട കാര്യം ചെയ്തിട്ടില്ല. ഇങ്ങനൊരാളുടെ മുന്നില്‍ കൈ കെട്ടി നില്‍ക്കുന്നതും ഒരു തരത്തില്‍ പ്രതിരോധമാണ്.

മമ്മൂക്ക അത് കണ്ടുവോ ഇല്ലയോ എന്നറിയില്ല. മമ്മൂക്കയുള്ള ഞാറ്റുവേല എന്ന ഗ്രൂപ്പിലെ അംഗമാണ് ഞാന്‍. ശ്രീരാമന്‍ ചേട്ടനൊക്കെയുണ്ട്. രാഷ്ട്രീയക്കാരുമുണ്ട്. മമ്മൂക്ക സോഷ്യല്‍ മീഡിയയും പത്രവും പുസ്തകങ്ങളുമൊക്കെ ശ്രദ്ധിക്കുന്ന ആളാണ്. ഞങ്ങളുടെ ഗ്രൂപ്പില്‍ ഇട്ടിരുന്നു. ഒരുപാട് മാധ്യമപ്രവര്‍ത്തകര്‍ മമ്മൂക്ക നില്‍ക്കുന്ന സ്‌റ്റൈല്‍ അടിപൊളിയെന്ന് പറഞ്ഞിരുന്നു. അതൊക്കെ മമ്മൂക്ക കണ്ടിട്ടുണ്ടോ എന്നറിയില്ല. കണ്ടിട്ട് അദ്ദേഹത്തിന് ഏതെങ്കിലും തരത്തില്‍ ആശയപരമായ ബുദ്ധിമുട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന് എന്നോട് പറയുകയോ പറയാതിരിക്കുകയോ ചെയ്യാം. അതൊക്കെ അദ്ദേഹത്തിന്റെ ഇഷ്ടം. ചിലപ്പോള്‍ മറുപടി കൊടുക്കണ്ട എന്നു കരുതിക്കാണാം.
അന്ന് വേറേയും പ്രശ്‌നങ്ങളുണ്ടായിരുന്നു. മമ്മൂക്കയെ മാത്രം മെറ്റല്‍ ഡിറ്റക്ടര്‍ വച്ച് പരിശോധിച്ചു. മമ്മൂക്കയുടെ ജാതി പറഞ്ഞ് സംഘപരിവാര്‍ ആളുകള്‍ പോസ്റ്റിട്ടു. ഒരുപാട് കാര്യങ്ങള്‍ മമ്മൂക്കയ്‌ക്കെതിരെ തന്നെയുണ്ടായിട്ടുണ്ട്. മമ്മൂക്കയുടെ പേര് പോലും പ്ര്ശ്‌നമാകുന്ന കാലഘട്ടത്തിലേക്ക് നമ്മളെത്തി. ഷാരൂഖ് ഖാനെതിരായ പ്രശ്‌നങ്ങളിലൊക്കെ നമ്മള്‍ ഇവിടെയിരുന്ന് സംസാരിച്ചിരുന്ന കാലമുണ്ട്. പക്ഷെ ഇന്ന് നമ്മുടെ ഇഷ്ടപ്പെട്ട, മലയാളത്തിലെ പ്രധാനപ്പെട്ടൊരാളുടെ പേര് പോലും പ്രശ്‌നമാകുന്ന കാലത്തിലേക്ക് എത്തി. മോശമായൊരു രാഷ്ട്രീയ സാഹചര്യമാണത്.


Click it and Unblock the Notifications











