പാവം പയ്യനായ ദുല്‍ഖര്‍ ഭാസിപ്പിള്ളയെ കണ്ട് ഞെട്ടി; ഷൈന്‍ ടോം ചാക്കോ പറയുന്നു
ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തിയ കുറുപ്പ് വന്‍ വിജയമായി മാറിയിരിക്കുകയാണ്. സുകുമാര കുറുപ്പിന്റെ കഥ പറയുന്ന സിനിമയില്‍ കുറുപ്പായാണ് ദുല്‍ഖര്‍ എത്തുന്നത്. അതേസമയം ചിത്രം കണ്ടിറങ്ങുന്നവരെല്ലാം ഒരേ ശബ്ദത്തില്‍ പറയുന്നത് ഞെട്ടിച്ചത് ഷൈന്‍ ടോം ചാക്കോ ആണെന്നായിരുന്നു. ഭാസിപ്പിള്ള എന്ന കഥാപാത്രമായി ഷൈന്‍ ഗംഭീര പ്രകടനം കാഴ്ചവെന്നുവെന്ന് അഭിപ്രായ വ്യത്യാസമില്ലാതെ കാഴ്ചക്കാര്‍ അംഗീകരിക്കുന്നു.
ഇപ്പോഴിതാ തന്റെ കഥാപാത്രത്തെക്കുറിച്ചും കുറുപ്പിനെക്കുറിച്ചും ഷൈന്‍ ടോം ചാക്കോ മനസ് തുറക്കുകയാണ്. മനോര ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ മനസ് തുറന്നത്. ദുല്‍ഖര്‍ സല്‍മാനെക്കുറിച്ചും ഷൈന്‍ മന്‌സ തുറക്കുന്നുണ്ട്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

തന്റെ കഥാപാത്രം എണ്‍പതുകളില്‍ ഉള്ള ഒരാളാണെന്നും അതിനാല്‍ അന്നത്തെ ആളുകളുടെ രൂപത്തിലേക്ക് മേക്കോവര്‍ നടത്തിയിട്ടുണ്ടെന്നും ഷൈന്‍ പറയുന്നു. പ്രധാന വ്യത്യാസം മീശയാണെന്നാണ് ഷൈന്‍ അഭിപ്രായപ്പെടുന്നത്. 70-80 കളിലെ പഴുതാര മീശയാണ് ഈ കഥാപാത്രത്തിന്റേത്. ആ മീശ വന്നപ്പോള്‍ തന്നെ മുഖത്ത് വലിയ വ്യത്യാസം വന്നുവെന്നാണ് ഷൈന്റെ അഭിപ്രായം. ആളും ആകെ മാറി. വേഷം മുണ്ടും ഷര്‍ട്ടുമാണ്. രാവിലെ മുതല്‍ വൈകിട്ടുവരെ വെള്ളമടിച്ച് അലമ്പുണ്ടാക്കി നടക്കുന്ന കഥാപാത്രമാണ് താന്‍ അവതരിപ്പിക്കുന്ന ഭാസിപ്പിള്ള എന്നാണ് ഷൈന്‍ പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രമായ കുറുപ്പിന്റെ അളിയനാണ് ഭാസിപ്പിള്ളയെന്നും നമുക്ക് ഒരിക്കലും ചിന്തിക്കാന്‍ കഴിയാത്തത്ര മോശം സ്വഭാവമാണ് അദ്ദേഹത്തിന്റേതെന്നും ഷൈന്‍ പറയുന്നു.

ഒരു പരിചയവുമില്ലാത്ത ഒരാളിനെ പിടിച്ചുകൊണ്ടുപോയി കൊന്നു കളയാന്‍ മാത്രം ചങ്കുറപ്പും ക്രൂരതയും ഉള്ള ആളുകള്‍ എന്നു പറയുമ്പോള്‍ത്തന്നെ അവരുടെ സ്വഭാവം മനസ്സിലാകുമല്ലോ എന്ന് ചോദിക്കുന്ന ഷൈന്‍ താന്‍ ഇതുവരെ ചെയ്തിട്ടുള്ളതില്‍ ഏറ്റവും വ്യത്യസ്തമായ വേഷമാണ് ഭാസിപ്പിള്ളയുടേതെന്നും പറയുന്നു. അതേസമയം കുറുപ്പായി മാറിയ ദുല്‍ഖറിനെക്കുറിച്ചും ഷൈന്‍ മനസ് തുറക്കുന്നുണ്ട്. ദുല്‍ഖര്‍ വളരെ സോഫ്റ്റായി സംസാരിക്കുന്ന വ്യക്തിയാണെന്നാണ് ഷൈന്‍ പറയുന്നത്.
ദുല്‍ഖര്‍ വളരെ സോഫ്റ്റ് ആയി സംസാരിക്കുന്ന ഒരു പാവം പയ്യനാണ്. ഇതുപോലെ അലമ്പ് കാണിക്കുന്ന ആളുകളെ ഒന്നും കണ്ടിട്ടുണ്ടാകില്ലെന്ന് ഷൈന്‍ പറയുന്നു. ഭാസിപ്പിള്ളയുടെ അലമ്പെന്നു പറഞ്ഞാല്‍ കള്ളുകുടിച്ച് അടിയുണ്ടാക്കി അമ്മാതിരി അലമ്പാണ്. എല്ലാ സംസാരവും തല്ലിലേ എത്തൂ. രാവിലെ അടി തുടങ്ങും. ഉച്ചയാകുമ്പോള്‍ ഒരു മൂഡ് ആകും. വൈകുന്നേരമാകുമ്പോള്‍ തല്ലാകും. എന്നാല്‍ ഇത്തരത്തില്‍ ഒരുപാടു പേരെ തന്റെ കുട്ടിക്കാലം മുതല്‍ കണ്ടിട്ടുണ്ടെന്നും അതുകൊണ്ട് തനിക്ക് ആ വേഷം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടായില്ലെന്നാണ് ഷൈന്‍ പറയുന്നത്. പക്ഷേ ഇതു കണ്ടുനിന്ന ദുല്‍ഖര്‍ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ടാകും. പുള്ളിക്ക് ഇതൊക്കെ പുതിയ കാര്യങ്ങളാണ്. ഒരു കഥാപാത്രം ചെയ്യുമ്പോള്‍ അതിന്റെ പൂര്‍ണതയില്‍ എത്തിക്കാന്‍ ഏതറ്റം വരെയും പോവുക എന്നുള്ളതാണ് തന്റെ കടമയെന്നും ഷൈന്‍ പറയുന്നു.

തന്റെ കഥാപാത്രത്തിന് തന്റെ ഭാഗം മാത്രം ചെയ്തു പോയാല്‍ മതി, പക്ഷേ നായകന്‍ അങ്ങനെ അല്ല. സിനിമയില്‍ ഉടനീളം വരുന്ന ആളാണെന്നും പറയുന്ന ഷൈന്‍ ദുല്‍ഖര്‍ ആരോടും ഒച്ചയെടുത്തു സംസാരിക്കുക കൂടി ഇല്ലാത്ത പയ്യനാണെന്നും ആ പാവം പയ്യനില്‍നിന്നു വളരെ ക്രൂരനായ കഥാപാത്രമായി മാറുക എന്നുള്ളത് അദ്ദേഹത്തിന് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുമെന്നും പറയുന്നത്. ചിത്രത്തിന്റെ വിജയത്തിന്റെ സന്തോഷത്തിലാണ് ഷൈന്‍ ടോം ചാക്കോ ഇപ്പോള്‍.നിരവധി സിനിമകള്‍ ഷൈന്റേതായി പുറത്തിറങ്ങാനുണ്ട്. ദുല്‍ഖര്‍ ചിത്രത്തിന് പിന്നാലെ മമ്മൂട്ടി ചിത്രമാണ് അണിയറയില്‍ തയ്യാറെടുക്കുന്നത്.
Recommended Video

അമല്‍ നീരദിന്റെ മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വം ഷൂട്ട് ചെയ്തു കഴിഞ്ഞു, പന്ത്രണ്ട് എന്നൊരു ചിത്രവും പൂര്‍ത്തിയായെന്ന് ഷൈന്‍ അറിയിക്കുന്നു. അതേസമയം തമിഴിലും ശക്തമായ സാന്നിധ്യം അറിയിക്കാന്‍ ഒരുങ്ങുകയാണ് ഷൈന്‍ ടോം ചാക്കോ. വിജയ് നായകനാകുന്ന തമിഴ് ചിത്രം ബീസ്റ്റിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. കുറുപ്പിന് ശേഷം തിയറ്റര്‍ മേഖല പഴയ പടി ആകുമെന്നാണ് പ്രതീക്ഷയെന്നും ഷൈന്‍ കൂട്ടിച്ചേര്‍ക്കുന്നു.


Click it and Unblock the Notifications