പൃഥ്വിരാജുള്ള ആ സീൻ 18 ടെയ്ക്ക് വരെ എടുത്തിട്ടുണ്ട്; അവസാനത്തെ ഷോട്ട് സ്പോട്ടിൽ ചെയ്തതാണ്: നിഖില വിമൽ
നിഖില വിമൽ എന്ന പേര് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് തഗ് ഡയലോഗുകളാണ്. നിഖിലയുടെ എല്ലാ അഭിമുഖങ്ങളും ഇങ്ങനെയാണ്. പലരും അത്തരം വിവാദപരമായ പരാമർശങ്ങൾ നിഖിലയിൽ നിന്നും കേൾക്കാൻ വേണ്ടി ചോദ്യങ്ങൾ ചോദിക്കാറുണ്ട്. നുണക്കുഴിക്ക് ശേഷം കഥ ഇന്നുവരെ എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി നിഖില, അനുശ്രീ, ഹക്കീം ഷാജഹാൻ എന്നിവർ ഒറിജിനൽസ് എന്ന ചാനലിലൂടെ സംസാരിക്കുന്നു.
ഇന്റർവ്യൂ എടുക്കേണ്ടത് നിഖില വിമലിനെ ആണെങ്കിൽ കിടിലൻ മറുപടികൾ പ്രേക്ഷകർക്കും പ്രതീക്ഷിക്കാം. ചില ചോദ്യങ്ങൾക്ക് വായടപ്പിക്കുന്ന പ്രതികരണമാവും വരുന്നത്. "എനിക്ക് പെട്ടെന്ന് തന്നെ കൗണ്ടറുകൾ വന്നു കൊണ്ടിരിക്കും. പണ്ട് മൈന്റ് വോയിസായിരുന്നു. ഇപ്പോൾ അതെല്ലാം പുറത്തേക്ക് വന്നു കൊണ്ടിരിക്കും. എനിക്ക് ഇത് കൺട്രോൾ ചെയ്യാൻ പറ്റുന്നില്ല. അതുകൊണ്ടാണ് ഇന്റർവ്യൂകളിൽ ഇങ്ങനെ മറുപടി വരുന്നത്." നിഖില വിമൽ പറയുന്നു.

പുതിയ സിനിമയുമായി ബന്ധപ്പെട്ട് സെലിബ്രിറ്റീസ് അഭിമുഖങ്ങൾക്കു വേണ്ടി പൈസ വാങ്ങാറുണ്ടെന്ന് പൊതുവേ ആളുകൾ പറയാറുണ്ട്. മാത്രമല്ല കോസ്റ്റ്യൂം, മേക്കപ്പ് എല്ലാം ചിലവാണ്. ഇതിനെ കുറിച്ച് അനുശ്രീ പറയുന്നത്; "ഇന്ന് എത്ര ഇന്റർവ്യൂ ഉണ്ടെന്ന് തിരക്കിയപ്പോൾ ഞങ്ങൾക്ക് 9 എണ്ണമുണ്ടെന്ന് പറഞ്ഞു. ഏകദേശം 4 കോസ്റ്റ്യൂം വേണ്ടി വരും. പക്ഷേ 9 കോസ്റ്റ്യൂം വേണമെന്ന് പറഞ്ഞാൽ പൈസ ആവശ്യപ്പെടും."
"സത്യത്തിൽ ഇതുകൊണ്ട് ഗുണമില്ലാത്തത് ഞങ്ങൾ അഭിനേതാക്കൾക്ക് മാത്രമാണ്. ഇതുകൊണ്ട് പടത്തിന് ഗുണമുണ്ട്, നിങ്ങൾക്കും ഗുണമുണ്ട്. ഞങ്ങൾ ഇന്റർവ്യൂവിൽ വരും എന്തെങ്കിലും പറയും, ഞങ്ങൾ എയറിലാവും ആളുകൾ തെറി വിളിക്കും. നിങ്ങൾക്ക് ഈ വീഡിയോ വഴി യൂട്യൂബ് റെവന്യൂ കിട്ടില്ലേ. ഞങ്ങൾക്ക് ഒന്നും കിട്ടില്ല. മാത്രമല്ല വീട്ടുകാർക്കും നാട്ടുകാർക്കും നേരെ ചീത്തവിളിയും കേൾക്കണം. ഇന്റർവ്യൂക്ക് വേണ്ടി ഒരുങ്ങുന്നത് തന്നെ ഒരു വലിയ ചടങ്ങാണ്.
പുരുഷൻമാർക്ക് വെറുതേ റെഡിയായി വന്നാൽ മതി. ഞങ്ങൾക്ക് കോസ്റ്റ്യൂം കേർട്ടസി എടുക്കണം, മുടി സെറ്റ് ചെയ്യണം, മേക്കപ്പ് ചെയ്യണം, അവർക്ക് പൈസ കൊടുക്കണം. ഇത്രയും ചെയ്യുന്നുണ്ട്. ഇതൊന്നും ആർക്കും അറിയില്ല. എന്നിട്ടും ചീത്ത വിളിക്കാൻ വേണ്ടി മാത്രം കുറേ കമന്റുകളും." അനുശ്രീയും നിഖിലയും അവരുടെ അനുഭവം പറയുന്നു.
ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മേപ്പടിയാൻ ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കഥ ഇന്നുവരെ. ബിജു മേനോൻ, മേതിൽ ദേവിക, നിഖില വിമൽ, അനുശ്രീ, ഹക്കീം ഷാജഹാൻ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിലേക്ക് നിഖിലക്ക് അവസരം ലഭിക്കുന്നത് ഗുരുവായൂരമ്പല നടയിൽ ചിത്രത്തിനിടയിലാണ്. പൃഥ്വിരാജിന് കാലിന് അപകടം ഉണ്ടായിട്ട് ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ആ ഗ്യാപിലാണ് കഥ ഇന്നുവരെയിലേക്ക് വിളിക്കുന്നത്. അങ്ങനെയാണ് താൻ കഥ കേൾക്കുന്നതെന്നും നിഖില പറഞ്ഞത്.

"ഗുരുവായൂരമ്പല നടയിൽ സിനിമയിൽ ഒരു സീൻ ഷൂട്ട് ചെയ്യുന്നതിനിടെ എനിക്കും ബേസിലേട്ടനും ചിരി അടക്കാൻ സാധിക്കുന്നില്ലായിരുന്നു. അവസാനം രാജു ചേട്ടനോട് വീട്ടിലേക്ക് പോയ്ക്കോളാൻ പറഞ്ഞാലോ എന്നു പോലും ഓർത്തു. കാരണം അത്രക്കും ചിരിയായിരുന്നു അവിടെ. ആദ്യമായി ഏടത്തിയമ്മയെ പരിചയപ്പെടുത്തുന്ന സീനായിരുന്നു അത്. അന്ന് ഏകദേശം 18 ടെയ്ക്ക് എടുത്തിട്ടുണ്ട്. അവസാനം സീൻ എങ്ങനെയോ ഓകെ ആയി.
ബേസിലേട്ടൻ ഫ്രെയ്മിൽ നിന്നു പോയപ്പോൾ ഫോൺ അറിയാതെ മറന്നു വെച്ചു. അപ്പോൾ ഇത് റീടെയ്ക്ക് പോയാൽ പിന്നെയും ലേറ്റാവും. അതുകൊണ്ടാണ് അതിൽ ബേസിലേട്ടൻ വീണ്ടും വന്നു ഫോൺ എടുത്ത് ഓടിപ്പോകുന്നത്. അത് ശരിക്കും സ്പോട്ടിൽ ചെയ്തതാണ്. ആ സമയത്ത് ചിരിയും വരുന്നുണ്ടായിരുന്നു. പക്ഷേ കഷ്ടപ്പെട്ട് പിടിച്ചു നിന്നു." നിഖില പറയുന്നു.


Click it and Unblock the Notifications











