എന്റെ അമ്മയാണ് ബെസ്റ്റ് അമ്മയെന്ന് സബൈന; മുഖംമൂടിയില്ലാത്ത വ്യക്തിയെന്ന് ഭർത്താവ്; കണ്ണുനിറഞ്ഞ് ശ്വേത മേനോൻ!
മലയാളി പ്രേക്ഷകർക്ക് പ്രത്യേക പരിചയപ്പെടുത്തലുകളൊന്നും ആവശ്യമില്ലാത്ത നടിയാണ് ശ്വേത മേനോൻ. 1991 ൽ പുറത്തിറങ്ങിയ അനശ്വരം എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ ശ്വേത, കഴിഞ്ഞ മുപ്പത് വർഷമായി മലയാള സിനിമയുടെ ഭാഗമാണ്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലുമെല്ലാം ശ്വേത അഭിനയിച്ചിട്ടുണ്ട്. മോഡലിങ് രംഗത്ത് നിന്നാണ് ശ്വേത അഭിനയത്തിലേക്ക് എത്തുന്നത്. ഫെമിന മിസ് ഇന്ത്യ അടക്കമുള്ള സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ശ്വേത ഗ്ലാമറസ് വേഷങ്ങളിലും അഭിനയ പ്രാധാന്യമുള്ള സിനിമകളിലും ഒരുപോലെ തിളങ്ങിയിട്ടുണ്ട്.
വെള്ളിത്തിരയിൽ നിരവധി ശക്തമായ കഥാപാത്രങ്ങളെ ശ്വേത അവതരിപ്പിച്ചിട്ടുണ്ട്. രതിനിർവേദം, കളിമണ്ണ് തുടങ്ങിയവയാണ് ഇതിൽ ഏറ്റവും ശ്രദ്ധനേടിയ സിനിമകൾ. ബ്ലസ്സി സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രത്തിന് വേണ്ടി ശ്വേതയുടെ പ്രസവം ലൈവായി ചിത്രീകരിച്ചത് വലിയ വാർത്തയായിരുന്നു. ആ പ്രസവത്തിലാണ് ശ്വേതയുടെ ഏകമകൾ സബൈന ജനിക്കുന്നത്. അതിനു മുൻപ് ശ്വേതയുടെ വിവാഹവും ഏറെ ശ്രദ്ധനേടുകയുണ്ടായി.

ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ ശ്വേത 2011 ലാണ് ശ്രീവത്സൻ മേനോനെ വിവാഹം കഴിക്കുന്നത്. 2012 ലാണ് ഇവർക്ക് സബൈന ജനിക്കുന്നത്. ജനിച്ചപ്പോൾ തന്നെ വൈറലായി മാറിയ കുഞ്ഞാണെങ്കിലും കഴിഞ്ഞ കുറേനാളുകളായി മകളെ സോഷ്യൽമീഡിയയിൽ നിന്നും മാധ്യമങ്ങളിൽ നിന്നും അകറ്റി നിർത്തിയിരിക്കുകയാണ് ശ്വേത. നേരത്തെ മകൾക്കും ഭർത്താവിനും ഒപ്പമുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു. കുറച്ചായി ശ്വേത ഒരു ചിത്രവും പങ്കുവയ്ക്കാറില്ല.
അതേസമയം അഭിമുഖങ്ങളിലെല്ലാം ശ്വേത മകളെയും ഭർത്താവിനെയും കുറിച്ച് വാചാലയാകാറുണ്ട്. ഇപ്പോഴിതാ, ശ്വേതയെ കുറിച്ച് മകളും ഭർത്താവും പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ശ്വേത വിധികർത്താവായ സൂപ്പർ അമ്മയും മകളും എന്ന് ഷോയിൽ ഒരു സർപ്രൈസ് വീഡിയോയിലൂടെയാണ് ഇവർ ശ്വേതയെ കുറിച്ച് സംസാരിച്ചത്. മകൾ സബീനയുടെ ശബ്ദം മാത്രമാണ് പ്രേക്ഷകരെ കേൾപ്പിച്ചത്. അമ്മ ഏറ്റവും നല്ല അമ്മയാണെന്നാണ് സബൈന പറഞ്ഞത്. മകളുടെ വാക്കുകൾ കേട്ട് ശ്വേതയുടെ കണ്ണുകൾ നിറഞ്ഞൊഴുകയായിരുന്നു.
"അമ്മ, അമ്മമാരെയും മകളെയും സംബന്ധിച്ച ഷോ ചെയ്യുകയാണെന്ന് എനിക്ക് അറിയാം. അമ്മയ്ക്ക് എല്ലാ ആശംസകളും. അമ്മയാണ് ലോകത്തിലെ ഏറ്റവും ബെസ്റ്റ് അമ്മ. എന്റെയും അച്ഛന്റെയും അമ്മയുടെയും പേര് എങ്ങനെ പറയണമെന്ന് പഠിപ്പിച്ചതാണ് എനിക്ക് അമ്മയെ കുറിച്ചുള്ള ഏറ്റവും നല്ല ഓർമ്മ. പക്ഷേ അമ്മ പഠിപ്പിച്ചിട്ടും ഞാൻ എന്നെ ബനാന എന്നാണ് വിളിച്ചിരുന്നത്. അമ്മയെ കേത്ത എന്നും അച്ഛനെ തികഞ്ഞൻ എന്നുമാണ് വിളിച്ചിരുന്നത്", സബൈന പറഞ്ഞു.

ജീവിതത്തിലും പ്രൊഫഷനിലും നൂറുശതമാനം സത്യസന്ധത പുലർത്തുന്ന വ്യക്തിയാണ് ശ്വേത എന്നാണ് ഭർത്താവ് ശ്രീവത്സൻ മേനോൻ പറഞ്ഞത്. നിങ്ങൾ ശ്വേതയെ എങ്ങനെയാണോ കാണുന്നത്, അങ്ങനെ തന്നെയാണ് അയാൾ. ശ്വേതയ്ക്ക് മുഖം മൂടിയില്ല. അതുകൊണ്ട് തന്നെ ശ്വേത പറയുന്ന ഓരോ വാക്കും സത്യസന്ധമാണ്. ആ ഓരോ ഇമോഷൻസും സത്യസന്ധത നിറഞ്ഞതാണ്. എന്നെ സംബന്ധിച്ചിടത്തോളം നല്ലൊരു ഭാര്യയും അമ്മയും മകളുമൊക്കെയാണ് ശ്വേത. എല്ലാം തികഞ്ഞ ഒരാളാണ്, ഭർത്താവ് പറഞ്ഞു.
മകളുടെയും ഭർത്താവിന്റെയും ശബ്ദം ഒട്ടും പ്രതീക്ഷിച്ചില്ലെന്നായിരുന്നു ശ്വേതയുടെ പ്രതികരണം. ശ്രീ ഇത്രയും സംസാരിച്ചപ്പോൾ ഞാൻ ഷോക്കായി. മോൾ അത്രയും സംസാരിക്കും എന്ന് അറിയില്ലായിരുന്നു. ഒരുപാട് സന്തോഷമെന്നും ശ്വേത പറഞ്ഞു. മകളും ഭർത്താവും മുംബൈയിൽ ആണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ശ്വേത പറഞ്ഞിരുന്നു. താനൊരു സ്ട്രിക്ട് ആയ അമ്മയാണെന്നും അതുകൊണ്ട് തന്നെ കുറച്ചു നാൾ താൻ വീട്ടിൽ നിന്നാണ് അമ്മ സിനിമ ചെയ്യാൻ പോകൂ എന്ന് പറഞ്ഞ് മകൾ പറഞ്ഞുവിടുമെന്നും താരം പറയുകയുണ്ടായി.


Click it and Unblock the Notifications