എന്തുകൊണ്ട് ദേവദൂതന്‍ പരാജയപ്പെട്ടു? മാധവന്‍ പിന്മാറാനുള്ള കാരണം എന്ത്? സിബി മലയില്‍ പറയുന്നു
തീയേറ്ററില്‍ പരാജയപ്പെട്ടിട്ടും പിന്നീട് ജനപ്രീതി നേടിയെടുത്ത സിനിമകളില്‍ മുന്നിലാണ് ദേവദൂതന്റെ സ്ഥാനം. മോഹന്‍ലാല്‍-സിബി മലയില്‍ കോമ്പിനേഷനില്‍ പുറത്തിറങ്ങിയ സിനിമ തീയേറ്ററില്‍ വിജയിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമയെന്ന നിലയില്‍ ദേവദൂതന്‍ അതിന്റെ ആരാധകരെ കണ്ടെത്തി. ചിത്രത്തിലെ സംഗീതം ഇപ്പോഴും ആസ്വാദകരുടെ ഉള്ളിലുണ്ട്.
ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ദേവദൂതന്‍ റീ റിലീസിന് തയ്യാറെടുക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ദേവദൂതനെക്കുറിച്ച് ഫില്‍മിബറ്റ് മലയാളത്തോട് സംസാരിക്കുകയാണ് സംവിധായകന്‍ സിബി മലയില്‍. എങ്ങനെയാണ് ഇന്നു കാണുന്ന ദേവദൂതന്‍ എന്ന സിനിമയിലേക്ക് എത്തിയതെന്നും എന്തുകൊണ്ടാണ് സിനിമ പരാജയപ്പെട്ടതെന്നും അദ്ദേഹം സംസാരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''അന്ന് തന്നെ അത് കാലത്തിന് മുമ്പേയുള്ളൊരു ചിന്തയായിരുന്നു. അതുവരെ ഇന്ത്യന്‍ സിനിമയില്‍ തന്നെ അതുപോലൊരു ചിന്ത കണ്ടിട്ടില്ല. ഏഴ് വയസുകാരനിലൂടെ ഒരു മെസേജ് കമ്യൂണിക്കേറ്റ് ചെയ്യുന്നതായിരുന്നു ആദ്യം. അതില്‍ ഒരു സോ കോള്‍ഡ് ഹീറോ ഇല്ലായിരുന്നു. 2000 ലേക്ക് എത്തുമ്പോള്‍ കുറേക്കൂടി കൊമേഷ്യല്‍ ആക്കാന്‍ വേണ്ടി ക്യാമ്പസ് സ്റ്റോറിയാക്കുകയായിരുന്നു. ക്യാമ്പസിലെ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മിലുള്ള റിലേഷന്‍ഷിപ്പിലൂടെ അവരിലൂടെ മെസേജ് കമ്യൂണിക്കേറ്റ് ചെയ്യുന്ന വഴിയാണ് ചിന്തിച്ചത്'' സിബി മലയില്‍ പറയുന്നു.
പിന്നീട് മോഹന്‍ലാല്‍ എന്ന നടന്‍ വന്നപ്പോള്‍ അതിനനുരസിച്ചുള്ള മാറ്റങ്ങള്‍ കൊണ്ടു വന്നു. അത് ശരിക്കുമുള്ള ചിന്തയില്‍ നിന്നും വേറൊരു തരത്തിലേക്ക് എത്തി. പ്രണയത്തിലായിരിക്കുന്ന രണ്ടു പേരിലൂടെ മെസേജ് കമ്യൂണിക്കേറ്റ് ചെയ്യുന്നതായിരുന്നു ആദ്യം. പക്ഷെ മോഹന്‍ലാല്‍ വന്നപ്പോള്‍ അത് മാറ്റി മുന്‍ വിദ്യാര്‍ത്ഥിയും മ്യൂസിക്കല്‍ ലെജന്റുമായി. അതോടെ കമ്യൂണിക്കേഷന്റെ ചാനല്‍ മ്യൂസിക്കായി മാറി. അപ്പോഴാണ് സംഗീതത്തിന് കൂടുതല്‍ പ്രാധാന്യം വരുന്നത്. പക്ഷെ സെവന്‍ ബെല്‍സ് എന്നത് ആദ്യ കഥ മുതലേ ഉണ്ടായിരുന്നു. പക്ഷെ അതിന്റെ ഡയമന്‍ഷന്‍ മാറി മാറി വന്നുവെന്നും അദ്ദേഹം പറയുന്നു.
ആദ്യം കഥ പറഞ്ഞത് ചെറിയ കുട്ടിയുടെ സ്വപ്‌നത്തിലൂടെയായിരുന്നു. രണ്ടാമത് പ്രണയത്തിലൂടെയായി. മൂന്നാമത്തേതിലാണ് മ്യൂസിക്കിലൂടെയാകുന്നത്. സ്വപ്‌നത്തില്‍ നിന്നും പ്രണയത്തില്‍ നിന്നും സംഗീതത്തിലേക്ക് എത്തി. ആദ്യത്തെ കഥ പറഞ്ഞപ്പോള്‍ ഇതിനൊരു ഒമന്‍ എഫക്ട് എന്ന് പറഞ്ഞു. ഒമന്‍ എണ്‍പതുകളില്‍ ഇറങ്ങിയ ഭയങ്കര ഹൊറര്‍ സിനിമയാണ്. കുട്ടിയുടെ കഥയില്‍ ഹൊറര്‍ ഇല്ലെങ്കിലും ആ ഒരു ഫീലുണ്ടായിരുന്നു. രണ്ടാമത്തേത് റൊമാന്‍സായി. രണ്ട് പ്രണയങ്ങളുണ്ടായിരുന്നു. അവരുടെ സമാന്തരമായ യാത്രയായി. മൂന്നാമത്തേതില്‍ വര്‍ത്തമാനത്തില്‍ സംഗീതമായി മാറി. മൂന്ന് പതിപ്പുകള്‍ക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ടെന്നും അദ്ദേഹം പറയുന്നു.

മോഹന്‍ലാല്‍ വരുന്നതോടെയാണ് ചിത്രത്തിലേക്ക് എന്തരോ മഹാനുഭാവലു വരുന്നത്. അദ്ദേഹം ഒരു മ്യൂസിക്കല്‍ ലെജന്റായിട്ടാണ് വരുന്നത്. അയാളുടെ ലെജന്ററി സ്റ്റാറ്റസിന് അനുയോജ്യമാകും എന്ന ചിന്തയാണ് ആ പാട്ടിലേക്ക് എത്തുന്നത്. മോഹന്‍ലാല്‍ അതിന് തൊട്ടു മുമ്പ് ചെയ്ത സിനിമ നരസിംഹമാണ്, അതിന് മുമ്പ് ചെയ്ത സിനിമ ആറാം തമ്പുരാണ്. അങ്ങനെ മാസ് സൂപ്പര്‍ ഹീറോ ഇമേജില്‍ നില്‍ക്കുകയായിരുന്നു മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ സിനിമകളില്‍ നിന്നും ആളുകള്‍ അത് പ്രതീക്ഷിക്കും. ദേവദൂതന്‍ എന്ന പേര് കേള്‍ക്കുമ്പോഴും ആ ഫീലുണ്ടായേക്കാം. ആ പ്രതീക്ഷയിലായിരിക്കും അവര്‍ തീയേറ്ററിലേക്ക് വന്നത്. പക്ഷെ തീര്‍ത്തും വ്യത്യസ്തമായിരുന്നു സിനിമ. അതോടെ അവര്‍ക്ക് പ്രതീക്ഷിച്ചത് കിട്ടാതായി. അതായിരിക്കാം സിനിമ തീയേറ്ററില്‍ നിരാകരിക്കപ്പെട്ടതെന്നും അദ്ദേഹം പറയുന്നു.
ക്യാമ്പസ് സ്റ്റോറിയിലേക്ക് വരുമ്പോള്‍ പൂര്‍ണമായും പുതിയ ആളുകളെ വച്ച് ചെയ്യാമെന്ന് കരുതി. അതിന് മുമ്പ് ചെയ്ത സിനിമ സമ്മര്‍ ഇന്‍ ബദ്‌ലഹേം ആയിരുന്നു. അത് താരസമ്പന്നമായ സിനിമയായിരുന്നു. അതില്‍ നിന്നും വ്യത്യസ്തമായൊരു സിനിമ ചെയ്യാമെന്നു കരുതിയാണ് പുതിയ ആളുകളെ വച്ച് ചെയ്യാമെന്ന് കരുതുന്നത്. ആ സമയത്ത് മാധവന്‍ സിനിമയിലേക്ക് വന്നിരുന്നില്ല. സീരിയല്‍ ചെയ്യുന്ന സമയമായിരുന്നു. കണ്ടപ്പോള്‍ അനുയോജ്യനാണെന്ന് തോന്നി. പക്ഷെ അപ്പോഴേക്കും അദ്ദേഹം അലെപ്പായുതെ എന്ന സിനിമയ്ക്കായി ആറ് മാസത്തേക്ക് ഡേറ്റ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്.


Click it and Unblock the Notifications











