ങേ, മോഹന്‍ലാലിന്റെ അച്ഛനോ! അദ്ദേഹം ഞെട്ടി; ആ മുഹമ്മദ് കുട്ടി പിന്നെ മെഗാസ്റ്റാര്‍ ആയി: സിബി മലയില്‍
മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടിയും മോഹന്‍ലാലും അച്ഛനും മകനുമായി അഭിനയിച്ച സിനിമയാണ് പടയോട്ടം. ഇരുവരുടേയും കരിയറിന്റെ തുടക്കത്തിലായിരുന്നു ഈ സിനിമ. മലയാളത്തിലെ ഐക്കോണിക് സിനിമകളിലൊന്നാണ് പടയോട്ടം.
സംവിധായകന്‍ സിബി മലയില്‍ ആണ് പടയോട്ടത്തിലേക്ക് മമ്മൂട്ടി എത്തിയ കഥ പങ്കുവെക്കുന്നത്. മോഹന്‍ലാലിന്റെ അച്ഛനായി അഭിനയിക്കണമെന്ന് അറിഞ്ഞപ്പോള്‍ മമ്മൂട്ടി ഞെട്ടിയെന്നാണ് സിബി മലയില്‍ പറയുന്നത്. അന്ന് മമ്മൂട്ടിയുടെ പേര് മുഹമ്മദ്കുട്ടി എന്നായിരുന്നുവെന്നും സിബി മലയില്‍ പറയുന്നുണ്ട്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''പടയോട്ടത്തില്‍ എംജി സോമന് ഒരു വേഷമുണ്ടായിരുന്നു. പക്ഷെ മറ്റെന്തോ തിരക്കുകള്‍ കാരണം അദ്ദേഹം പിന്മാറി. ആ വേഷത്തിലേക്ക് മറ്റൊരു നടനെ ആവശ്യമായി വന്നു. സിനിമ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ഈ പ്രശ്‌നം. ഇക്കാര്യങ്ങളൊക്കെ ഞാന്‍ വീട്ടില്‍ പറയാറുണ്ടായിരുന്നു. ആയിടയ്ക്ക് വീട്ടില്‍ നിന്നും ഞങ്ങളെല്ലാവരും കൂടി വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന സിനിമ കണ്ടിരുന്നു. പുതിയ നടനെ തേടുന്ന കാര്യം പറഞ്ഞപ്പോള്‍ എന്റെ അമ്മ ചോദിച്ചു, ഈ സിനിമയില്‍ കുടിയനായി അഭിനയിച്ച ചെറുപ്പക്കാരനെ നോക്കിക്കൂടെ എന്ന്.'' സിബി മലയില്‍ പറയുന്നു.
അത് ശരിയാണല്ലോ എന്ന് എനിക്ക് തോന്നി. സിനിമാ വാര്‍ത്തകള്‍ തപ്പി നടന്റെ പേര് പിഐ മുഹമ്മദ് കുട്ടി എന്നാണെന്നും വക്കീലാണെന്നും കൊച്ചിയിലാണ് ഉള്ളതെന്നും അറിഞ്ഞു. അങ്ങനെ നടനെ സെറ്റിലേക്ക് വിളിപ്പിച്ചു. മുഹമ്മദ് കുട്ടിയെ ഒലവക്കോട് സ്‌റ്റേഷനില്‍ നിന്നും ലൊക്കേഷനിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ ഡ്രൈവര്‍ക്കൊപ്പം ഞാനും പോയി. ഞാന്‍ മാത്രമേ അയാളെ സിനിമയില്‍ കണ്ടിട്ടുള്ളൂ.
മദ്രാസ് മെയില്‍ സ്‌റ്റേഷനിലേക്ക് വന്നു. ഫസ്റ്റ് ക്ലാസ് കംപാര്‍ട്ട്‌മെന്റിന്റെ വാതില്‍ക്കല്‍ ജുബ്ബയൊക്കെയിട്ട് സഞ്ചിയും തൂക്കി ഉയരമുള്ളൊരാള്‍ നില്‍ക്കുന്നു. അയാള്‍ ഇറങ്ങി വന്നു. മുഹമ്മദ് കുട്ടിയല്ലേ എന്ന് ഞാന്‍ ചോദിച്ചു. അതേ എന്ന് ഉത്തരം. വണ്ടിയില്‍ കയറിയതും മുഹമ്മദ് കുട്ടിയ്ക്ക് പിന്നെ സംശയങ്ങളായി. ഞാന്‍ ആരാണെന്നും സിനിമയില്‍ പുള്ളിയുടെ വേഷം എന്താണെന്നുമൊക്കെ.

സെറ്റില്‍ എത്തി. നസീര്‍ സാറിനൊപ്പമുള്ള വേഷമാണെന്നും കഥാപാത്രത്തിന്റെ രണ്ട് കാലങ്ങളാണ് സിിമയില്‍ ഉള്ളതെന്നും പറഞ്ഞു. പ്രായമാകുമ്പോള്‍ മകനായി മോഹന്‍ലാലും ഉണ്ടെന്ന് പറഞ്ഞു. ങേ മോഹന്‍ലാലിന്റെ അച്ഛനോ! അദ്ദേഹം ഒന്ന് ഞെട്ടി. ആ മുഹമ്മദ്കുട്ടി പിന്നെ മെഗാസ്റ്റാര്‍ മമ്മൂട്ടിയായി വളര്‍ന്നുവെന്നും സിബി മലയില്‍ പറയുന്നുണ്ട്.
സിബി മലയില്‍ സംവിധാനം ചെയ്ത ദേവദൂതന്‍ ഈയ്യടുത്താണ് റീറിലീസ് ചെയ്തത്. റിലീസിംഗില്‍ ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു ദേവദൂതന്‍. പിന്നീട് പക്ഷെ സിനിമ കള്‍ട്ട് ക്ലാസിക് സ്ഥാനം നേടിയെടുത്തു. റീറിലീസില്‍ വന്‍ വരവേല്‍പ്പാണ് ദേവദൂതന് പുതു തലമുറ നല്‍കിയത്.


Click it and Unblock the Notifications











