പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചു, കുടുംബം നോക്കേണ്ടി വന്നു; ഏറ്റവും പ്രയാസം നിറഞ്ഞ കാലമെന്ന് സിജു
ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് മനസ് തുറക്കുകയാണ് സിജു വില്‍സണ്‍
മലയാള സിനിമയിലെ മിന്നും താരമാണ് സിജു വില്‍സണ്‍. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയായിരുന്നു സിജുവിന്റെ അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. നായകനായും സഹനടനായുമെല്ലാം സിജു വില്‍സണ്‍ കയ്യടി നേടി. ഈയ്യടുത്തിറങ്ങിയ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രം വന്‍ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിലെ നായകനായുള്ള സിജുവിന്റെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
ഇതോടെ തന്റെ കരിയറിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് സിജു. ഇതിനിടെ ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് മനസ് തുറക്കുകയാണ് സിജു വില്‍സണ്‍. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നിരിക്കുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

തിരിഞ്ഞു നോക്കുമ്പോള്‍ ഏറ്റവും പ്രയാസം നിറഞ്ഞ കാലം ഏതായിരുന്നുവെന്നാണ് അവതാരകയുടെ ചോദ്യം. അച്ഛന്റെ മരണം എന്നാണ് ഇതിന് സിജു വില്‍സണ്‍ നല്‍കുന്ന മറുപടി. '' അച്ഛന്റെ മരണ ശേഷമുള്ള സമയമായിരുന്നു ഏറ്റവും പ്രയാസം നിറഞ്ഞത്. അന്ന് ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ പറ്റുന്ന പ്രായമായിരുന്നില്ല. പ്ലസ് വണ്ണിന് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍ എന്നാണ് സിജു പറയുന്നത്.

ഞങ്ങളുടെ വീടിന് മുമ്പില്‍ തന്നെ ഒരു പച്ചക്കറി കടയുണ്ടായിരുന്നു ഞങ്ങള്‍ക്ക്. എന്നെ എല്ലാ ദിവസവും രാവിലെ പച്ചക്കറി മാര്‍ക്കറ്റില്‍ കൊണ്ടു പോകുമായിരുന്നു. സ്‌കൂള്‍ ഉള്ള ടൈമാണ്. അഞ്ച് മണിയ്ക്ക് പോയിട്ട് ഏഴ് മണി വരെ സാധനങ്ങളൊക്കെ എടുക്കും. അവിടെയൊരു ചായക്കടയുണ്ട്. നല്ല പത്തിരിയും ബീഫും കിട്ടും അവിടെ. സാധനമൊക്കെ എടുത്ത ശേഷം അവിടെ നിന്ന് ഇത് കഴിക്കാന്‍ വേണ്ടിയാണ് ഞാന്‍ പ്രധാനമായും പോകുന്നത് എന്നാണ് സിജു തന്റെ കുട്ടിക്കാലത്തെ ഓര്‍ത്തു കൊണ്ട് പറയുന്നത്.
എല്ലാ ദിവസവും ബീഫൊന്നും വാങ്ങാനുള്ള കാശുണ്ടാകില്ല. ചാറൊഴിച്ചായിരിക്കും തരിക. ഇത് കഴിക്കാനാണ് ഞാന്‍ പോകുന്നത്. ചെറുപ്പം മുതലേയുള്ള ശീലമാണ്. അച്ഛന്‍ മരിച്ച ശേഷം ഞാന്‍ ഒറ്റയ്ക്ക് പോകാന്‍ തുടങ്ങി. കുറച്ച് നാള്‍ അത് ചെയ്തു. പിന്നെ എനിക്ക് പഠിത്തത്തിന്റെ തിരക്കായി. മമ്മിയ്ക്ക് ഒറ്റയ്ക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റാതെ വന്നപ്പോള്‍ കട വാടകയ്ക്ക് കൊടുക്കുകയായിരുന്നു. ചേച്ചിയും പഠിക്കുകയാണ്. ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ മറ്റ് മാര്‍ഗ്ഗമില്ലാതെയായി.

തറവാട് നേരത്തെ പാര്‍ട്ടീഷ്യന്‍ ചെയ്തിരുന്നു. അതൊന്നു കൂടി പാര്‍ട്ടീഷ്യന്‍ ചെയ്ത ശേഷം അത് വാടകയ്ക്ക് കൊടുത്തു. പിന്നെയുള്ള ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്റ് പോലുള്ള മൂന്ന് ചെറിയ മുറികളിലായിട്ടായിരുന്നു താമസിച്ചിരുന്നത്. അങ്ങനെയൊക്കെയായിരുന്നു ജീവിച്ചിരുന്നത്. നല്ല വീട് വേണമെന്നും ജീവിതം നന്നാകണമെന്നൊക്കെ ആഗ്രഹിച്ചിട്ടുണ്ട്. ആ സമയത്ത് ഭയങ്കര പ്രശ്‌നങ്ങളായിരുന്നു. ആ സമയത്താണ് ഞാന്‍ ഡിഗ്രി കഴിഞ്ഞ് സിനിമയ്ക്ക് പോകണമെന്ന് പറയുന്നത്. അത് വീണ്ടും പ്രശ്‌നമായി.

ബാംഗ്ലൂരാണ് പഠിച്ചത്. ലോണ്‍ എടുത്തിട്ടാണ് അമ്മ പഠിപ്പിച്ചത്. ഒരുപാട് ബാങ്കുകളില്‍ കയറിയിറങ്ങിയും വീട് വച്ചുമൊക്കെയാണ് ലോണെടുത്തത്. എന്താണ് പഠിക്കേണ്ടതെന്ന് പ്ലസ് ടു കഴിഞ്ഞപ്പോള്‍ അറിയില്ലായിരുന്നു. ഒരുപാട് ഓപ്ഷനുകളില്‍ നിന്നുമാണ് ഒടുവില്‍ നഴ്‌സിംഗിലേക്ക് എത്തുന്നത്. പെട്ടെന്ന് കാശ് സമ്പാദിക്കാം എന്ന് കരുതിയിട്ടാണ്. മെയില്‍ നേഴ്‌സിന് ഭയങ്ക സ്‌കോപ്പാണെന്നായിരുന്നു പറഞ്ഞിരുന്നത്. അത് വിട്ടാണ് സിനിമയില്‍ പോകണമെന്ന് പറഞ്ഞ് വന്നത്.

അത് വീട്ടില്‍ പ്രശ്‌നമായി. വല്ല ജോലിക്കും പോടാ നിന്റെ പ്രായത്തിലുള്ളവര്‍ പിള്ളേരൊക്കെ ജോലിയ്ക്ക് പോകുന്നുണ്ടെന്ന് പറയുമായിരുന്നു. ഇവിടുത്തെ സാഹചര്യവും വേറെയാണ്. ഞാനാണ് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടയാള്‍. പക്ഷെ നമ്മളുടെ ആഗ്രഹം ഇതായിരുന്നു. അത് മനസിലാക്കിയപ്പോള്‍ അതിനായി ശ്രമിക്കാം എന്നായിരുന്നു ചിന്ത. ചെറിയ ചെറിയ ജോലികളൊക്കെ ചെയ്യുമായിരുന്നു. ആണ്‍കുട്ടിയായിട്ട് മമ്മിയെ ജോലിക്ക് വിടുന്നുവെന്ന് കുറേ തവണ കേട്ടു. അങ്ങനെയാണ് എന്റെ ചിലവുള്ളതെങ്കിലും ആവട്ടെ എന്ന് കരുതി ഫെഡറല്‍ ബാങ്കിലെ ജോലിക്ക് വരുന്നത്. അപ്പോഴേക്കും മലര്‍വാടിയൊക്കെ ചെയ്തു കഴിഞ്ഞിരുന്നു.
ഫെഡറല്‍ ബാങ്കില്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് അല്‍ഫോണ്‍സ് വിളിച്ചിട്ട് നേരത്തിലെ റോള്‍ തരുന്നത്. അന്ന് തന്നെ അവിടെ നിന്നും രാജിവച്ചു. പിന്നെ മ്‌റ്റൊരു ജോലിക്കും പോകേണ്ടി വന്നിട്ടില്ല.


Click it and Unblock the Notifications











