മക്കളിൽ ഒരാളുടെ കാര്യത്തിലാണ് ടെൻഷൻ! അവർക്ക് നൽകാറുള്ള ഉപദേശം; മനസുതുറന്ന് സിന്ധു കൃഷ്ണ
സോഷ്യൽ മീഡിയയിലെ താരമാണ് നടൻ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ. യൂട്യുബിലും ഇൻസ്റ്റാഗ്രാമിലുമെല്ലാം നിരവധി ആരാധകരുണ്ട് സിന്ധുവിന്. ഫാമിലി വ്ലോഗുകളിലൂടെയാണ് സിന്ധു ജനപ്രീതി നേടിയത്. കുടുംബത്തിലെ ഓരോ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ സിന്ധു ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും അവരെക്കാൾ ഏറെ മുന്നിലാണ് സിന്ധു.
അമ്മയെന്ന നിലയിലും സോഷ്യൽ മീഡിയക്ക് വളരെ ഇഷ്ടമാണ് സിന്ധുവിനെ. മക്കളോടൊപ്പം യാത്രകൾക്കും ആഘോഷങ്ങൾക്കുമെല്ലാം സിന്ധുവും ഒപ്പമുണ്ടാകാറുണ്ട്. മകൾക്ക് അമ്മയെന്നതിൽ ഉപരി ഒരു കൂട്ടുകാരിയെ പോലെയാണ് സിന്ധു. മക്കളെ കുറിച്ചോർത്ത് അഭിമാനിക്കുന്ന ഒരു അമ്മ കൂടിയാണ് താരപത്നി. ഇത് പലപ്പോഴും സിന്ധു തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ മക്കളിൽ ഒരാളുടെ കാര്യത്തിൽ സിന്ധുവിന് ചെറിയ ടെൻഷനുണ്ട്. ഇപ്പോഴിതാ, അത് തുറന്നു പറഞ്ഞിരിക്കുകയാണ് അവർ. വീണ മുകുന്ദനുമായുള്ള അഭിമുഖത്തിലാണ് മനസുതുറന്നത്.

നാല് മക്കളിൽ ഏറ്റവും കൂടുതൽ ടെൻഷൻ ആരുടെ കാര്യത്തിലാണ് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സിന്ധു. 'എപ്പോഴും ഓസി (ദിയ) യുടെ കാര്യത്തിലാണ് ടെൻഷൻ ഉള്ളത്. വിളിച്ചാൽ ചിലപ്പോൾ ഫോൺ എടുക്കത്തില്ല. രാത്രിയൊക്കെ എവിടെയാണ് എന്നറിയാനാണ് വിളിക്കുക. പക്ഷെ എടുക്കില്ല,' സിന്ധു പറഞ്ഞു. അമ്മയായിട്ട് ഏറ്റവും കൂടുതൽ അടിയുണ്ടാകുന്നത് ഫോൺ എടുക്കാത്തതിന്റെ പേരിൽ ആണെന്നും ഡെയ്‌ലി പത്തിരുപത് കോളൊക്കെ തനിക്ക് വന്നുകിടക്കാറുണ്ടെന്നും ദിയ ഒരിക്കൽ പറഞ്ഞിട്ടുണ്ടെന്ന് വീണയും കൂട്ടിച്ചേർത്തു.
മക്കൾക്ക് സ്ഥിരം കൊടുക്കാറുള്ള ഉപദേശത്തെ കുറിച്ചും സിന്ധു പറഞ്ഞു. 'നല്ലത് ചിന്തിക്കുക, നല്ലത് പ്രവർത്തിക്കുക, സത്യം പറയുക. പറ്റുന്നവരെയൊക്കെ സഹായിക്കുക. ആ രീതിയിൽ അങ്ങ് ജീവിച്ചു പോവുക. ആർക്കും ഒരു ഉപദ്രവവുമില്ലാതെ ജീവിക്കുക', അതാണ് പറയാറുള്ളതെന്ന് സിന്ധു വ്യക്തമാക്കി.

ഓസിയെ കുറിച്ച് മുൻപും സിന്ധു കൃഷ്ണ സംസാരിച്ചിട്ടുണ്ട്. ഒന്നിലും പരാതിയോ, വഴക്കോ ഒന്നും ഇല്ലാത്ത കുട്ടിയായിരുന്നു ഓസി. യാത്രകളിലെല്ലാം അവള്‍ നമ്മളെ ചിരിപ്പിച്ച് കൊല്ലും. കുഞ്ഞായിരുന്നപ്പോൾ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അഡ്ജസ്റ്റിംഗായ കുട്ടിയായിരുന്നു. മെലിഞ്ഞിരിക്കുന്ന പ്രകൃതമായിരുന്നു. കുഞ്ഞായിരുന്നപ്പോഴുള്ള അവളെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു എന്നാണ് സിന്ധു ഒരിക്കൽ പറഞ്ഞത്. ഓസി ഇപ്പോൾ അൽപം ഉൾവലിഞ്ഞതായും സിന്ധു ഒരിക്കൽ പറഞ്ഞിരുന്നു. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോഴായിരുന്നു ഇത്.
ഒരിടയ്ക്ക് അമ്മയും സഹോദരിമാരും ഓസിയെ അവഗണിക്കുകയാണോ എന്ന ചോദ്യവുമായും ആരാധകർ എത്തിയിരുന്നു. അന്നും സിന്ധു കൃത്യമായ മറുപടി നൽകിയിരുന്നു. 'ആരാ പറഞ്ഞത് ഓസിയെ അവഗണിക്കുന്നു എന്ന്? നിങ്ങള്‍ക്ക് ചുമ്മാ തോന്നുന്നതാണ് അങ്ങനെ. അവള്‍ക്ക് അവളുടെ ഓഫീസൊക്കെയുള്ളത് കൊണ്ട് കുറേ സമയം അവിടെ ചെലവിടും. പിന്നെ അവള്‍ക്ക് സുഹൃത്തുക്കളുടെ സമയം ചെലവിടാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. അവളെ ഞങ്ങള്‍ അവഗണിക്കാറൊന്നുമില്ല. ഈ ചോദ്യം നിങ്ങള്‍ അവളോട് ചോദിക്കണം,' എന്നാണ് സിന്ധു പറഞ്ഞത്.


Click it and Unblock the Notifications