'എപ്പോഴും ഹാപ്പി മോം ആയിരിക്കില്ല, ഞാനൊരു സാധാരണ അമ്മയാണ്'; ഓസിയെ കൂട്ടാതെയുള്ള യാത്രയെ കുറിച്ചും സിന്ധു
പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടൻ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ. സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുണ്ട് സിന്ധുവിന്. കുടുംബത്തിലെ ഓരോ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ അവര്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മക്കളോടൊപ്പമുള്ള തായ്‌ലൻഡ് യാത്രയുടെ വിശേഷങ്ങള്‍ സിന്ധു കഴിഞ്ഞ ദിവസം പങ്കുവയ്ക്കുകയുണ്ടായി. എന്നാൽ യാത്രയിൽ മകൾ ദിയ ഉണ്ടായിരുന്നില്ല. വീഡിയോ വൈറലായതോടെ എന്താണ് ഓസിയെ (ദിയ) കൂട്ടാത്തതെന്ന ചോദ്യവുമായി ആരാധകരും എത്തി. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് സിന്ധു കൃഷ്ണ.
യാത്ര വിശേഷങ്ങൾക്കൊപ്പമാണ് സിന്ധു ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. ഓസി എന്താണ് വരാത്തതെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. കുറേപേര്‍ അതേക്കുറിച്ച് ചോദിച്ചിരുന്നു. ഓസിയെ വിളിച്ചില്ലേ എന്നൊക്കെയാണ് ചോദ്യം. വിളിക്കാത്തതല്ല, ഓസി നേരത്തെ ഇവിടെ വന്നിട്ടുണ്ട്. ഒരിക്കല്‍ പോയ സ്ഥലത്ത് വീണ്ടും പോകാൻ ആൾക്ക് താല്‍പര്യമില്ല. കാണാത്ത സ്ഥലത്ത് പോയാല്‍ മതി എന്നാണ് പറയുക.

ഈ ട്രിപ്പ് പെട്ടെന്ന് പ്ലാന്‍ ചെയ്തതാണ്. ഓസിക്ക് മറ്റെന്തൊക്കെയോ തിരക്കുകളുണ്ട്. ടിക്കറ്റ് എടുക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ വേണ്ട, അടുത്ത സ്ഥലത്ത് നമുക്ക് ഒന്നിച്ച് പോകാമെന്നാണ് പറഞ്ഞത്. ഓസി വളരെ ഹാപ്പിയായി ബാംഗ്ലൂരില്‍ അടിച്ച് പൊളിച്ച് നടക്കുകയാണ്. ഞങ്ങളെത്തുമ്പോഴേക്കും അവളും തിരിച്ചെത്തും. ഓസിയെക്കുറിച്ച് കുറേ ചോദ്യങ്ങളുണ്ട്. ശരിക്കും അവളെ മിസ്സ് ചെയ്യുന്നുണ്ട്. നാല് പേരും ഉണ്ടെങ്കിലേ താൻ ഹാപ്പിയാവു എന്ന് സിന്ധു പറയുന്നു.
യാത്ര വിശേഷങ്ങളും സിന്ധു പറയുന്നുണ്ട്. 'ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇതൊക്കെ ചെയ്യണമെന്നാണ് ഇവര്‍ പറയുന്നത്. എനിക്ക് വലിയ ആഗ്രഹമില്ലെങ്കിലും ഞാന്‍ എല്ലാം കണ്ടിരിക്കണമെന്ന് അമ്മുവിന് നിര്‍ബന്ധമാണ്. കടലിനടയിലെ കാഴ്ചകൾ കാണാനായി. ജീവിതത്തില്‍ ഇതും ഒരു എക്‌സ്പീരിയന്‍സാണ്. ഹന്‍സുവിന് കൊറിയയും ജപ്പാനും ഇഷ്ടമുള്ള സ്ഥലങ്ങളാണ്. കൊറിയയിലേക്ക് എന്തായാലും ഹന്‍സുവിനെ കൊണ്ടുപോവും. സാഹചര്യങ്ങളൊക്കെ ഒത്ത് വരികയാണെങ്കില്‍ എന്തായാലും പോവും', സിന്ധു പറഞ്ഞു.
എങ്ങനെയാണ് എപ്പോഴും സന്തോഷവതിയായ അമ്മയായി (ഹാപ്പി മോം) ഇരിക്കുന്നതെന്നാണ് ഒരാൾ സിന്ധുവിനോട് ചോദിച്ചത്. 'ഞാന്‍ ഹാപ്പി മോം ആണോ, എപ്പോഴും അങ്ങനെയായിരിക്കില്ല' എന്നായിരുന്നു സിന്ധുവിന്റെ മറുപടി. 'അത് സംഭവിക്കുന്നതാണ്. വീഡിയോയിലെ സന്തോഷമുള്ളൂ. ദേഷ്യവും ടെന്‍ഷനുമൊക്കെ വരുന്ന സാധാരണ അമ്മയാണ് ഞാൻ. ജീവിതം ആസ്വദിക്കാനുള്ളതാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. നാളെ എന്തായിരിക്കുമെന്ന് നമുക്കറിയില്ല. എപ്പോഴും നല്ല സന്തോഷത്തോടെ ജീവിക്കാനാണ് ഇഷ്ടം', സിന്ധു കൃഷ്ണ പറയുന്നു.

പണ്ട് മുതൽ താനൊരു പേടിത്തൊണ്ടി ആയിരുന്നെന്നും സിന്ധു കൃഷ്ണ വീഡിയോയിൽ പറയുന്നുണ്ട്. 'സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്ത് മൗണ്ടനെയറിംഗ് ഉണ്ടായിരുന്നു. ക്ലാസില്‍ ഏറ്റവും പേടിച്ചത് ഞാനാണ്. വലിയൊരു മലയുടെ അവിടെ നിന്നും കയറില്‍ പിടിച്ച് താഴേക്ക് ഇറങ്ങണം. അങ്കിള്‍ പ്ലീസ് സേവ് മീ എന്ന് പറഞ്ഞ് കരച്ചിലായിരുന്നു. പേടി കാരണം എല്ലാ കാര്യങ്ങളും ലാസ്റ്റ് പോയി നിൽക്കും. എങ്കിലും അവര്‍ എല്ലാം ചെയ്യിക്കുമായിരുന്നു',
ആദ്യമായി ഒരു കൺസേർട്ടിൽ പങ്കെടുത്തതിന്റെ സന്തോഷവും സിന്ധു പങ്കുവച്ചു. ജീവിതത്തില്‍ ആദ്യമായാണ് അങ്ങനെയൊരു കണ്‍സേര്‍ട്ടിന് പോവുന്നത്. ഇതുവരെ ഇങ്ങനെയുള്ള പരിപാടികള്‍ക്കൊന്നും പോയിരുന്നില്ല. നല്ല പരിപാടിയായിരുന്നു. നമുക്ക് ഇഷ്ടപ്പെട്ട സിംഗേഴ്‌സൊക്കെ വരുമ്പോള്‍ ഭയങ്കര സന്തോഷം തോന്നി. നല്ലൊരു പോസിറ്റിവിറ്റി കിട്ടി എന്നാണ് സിന്ധു പറഞ്ഞത്. അതേസമയം, നിരവധി പേർ വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നുണ്ട്. ഇവരെ ഒരുമിച്ച് കാണുന്നതിന്റെ സന്തോഷം പങ്കുവച്ചാണ് കൂടുതൽ കമന്റുകളും.


Click it and Unblock the Notifications