തൃഷയ്ക്കൊപ്പം അഭിനയിച്ചിരുന്നു, ഒഴിവാക്കിയത് എന്താണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ! അപ്പ നൽകിയ ഉപദേശം: വിജയ്!
മലയാളികളുടെ ഇഷ്ട ഗായകനാണ് വിജയ് യേശുദാസ്. അച്ഛൻ യേശുദാസിന്റെ പാത പിന്തുടർന്ന് പിന്നണി ഗാനരംഗത്തേക്ക് എത്തിയ വിജയ് വളരെ പെട്ടെന്ന് തന്റേതായ ഒരിടം കണ്ടെത്തുകയായിരുന്നു. ഗായകൻ എന്നതിനുപരി നടനായും തിളങ്ങി നിൽക്കുകയാണ് വിജയ്. ധനുഷ് നായകനായ മാരി, പടൈവീരൻ തുടങ്ങിയ സിനിമകളാണ് വിജയുടെ അഭിനയജീവിതത്തിൽ വഴിത്തിരിവായത്. ഏഴ് ഭാഷകളിൽ പുറത്തിറങ്ങിയ സാൽമൺ ആണ് വിജയുടെ ഏറ്റവും പുതിയ ചിത്രം.
മണിരത്‌നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനിലും വിജയ് അഭിനയിച്ചിരുന്നു. എന്നാൽ ചിത്രം പുറത്തിറങ്ങിയപ്പോൾ വിജയുടെ രംഗങ്ങൾ നീക്കം ചെയ്യപ്പെടുകയായിരുന്നു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ വിജയ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഇപ്പോഴിതാ ഒഴിവാക്കിയ രംഗത്തെ കുറിച്ചും അത് കാണാനുള്ള ആഗ്രഹവും പങ്കുവച്ചിരിക്കുകയാണ് വിജയ് യേശുദാസ്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

ഒഴിവാക്കിയ രംഗങ്ങൾ കണ്ടിരുന്നോ എന്ന ചോദ്യത്തിനാണ് കാണാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് വിജയ് പറഞ്ഞത്. പൊന്നിയിൻ സെൽവനിൽ അഭിനയിക്കാൻ കഴിഞ്ഞു എന്നത് പോസിറ്റീവായിട്ടാണ് കാണുന്നത്. സിനിമയുടെ രണ്ടുഭാഗങ്ങളും കണ്ടു, താനഭിനയിച്ച രംഗങ്ങൾ ഇല്ലാത്തതിനാൽ സിനിമയ്ക്ക് എന്തെങ്കിലും കുറവോ, കുഴപ്പമോ ഇല്ല. വലിയ കാൻവാസിൽ കഥപറഞ്ഞ സിനിമയാണ്, തീർത്തും ആവശ്യമായ രംഗങ്ങൾ മാത്രമാകും അവസാനഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുക. അതെല്ലാം മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും വിജയ് പറഞ്ഞു.
തന്റെ വേഷത്തെ കുറിച്ച് വിജയ് പറഞ്ഞത് ഇങ്ങനെയാണ്: മധുരാന്തകന്റെ സൈന്യത്തോട് ചേർന്നുപ്രവർത്തിക്കുന്ന ചാരന്റെ വേഷമായിരുന്നു. വിക്രംസാറിന്റെ കഥാപാത്രം ആദിത്യകരികാലനോടൊന്നിച്ച് കുതിരസവാരിയെല്ലാം നടത്തി, കരികാലനൊപ്പം നടന്ന് വിവരങ്ങൾ ശേഖരിക്കുക എന്നതായിരുന്നു ദൗത്യം. തൃഷയ്ക്കൊപ്പവും അഭിനയിച്ചു. അഞ്ചാറുദിവസത്തോളം ടീമിനൊപ്പമുണ്ടായിരുന്നു. മധുരാന്തകനെ രഹസ്യമായി ഒളിപ്പിച്ച് നദിയിലൂടെ കൊട്ടാരത്തിലേക്ക് കൊണ്ടുവരുന്ന രംഗമുണ്ടായിരുന്നു. ജയറാംസാറെല്ലാം ഉണ്ടായിരുന്ന ആ ഭാഗങ്ങളെല്ലാംതന്നെ ഒഴിവാക്കി, വിജയ് പറഞ്ഞു.
രംഗങ്ങൾ സിനിമയിൽനിന്ന് നീക്കംചെയ്ത വിവരം റിലീസിനുമുൻപ് തന്നെ അറിയിച്ചിരുന്നു. വലിയ പ്രോജക്ടുകളിൽ അതെല്ലാം സ്വാഭാവികമാണ്, ഞാൻ പാടി റെക്കോഡുചെയ്ത പാട്ടുകൾ പിന്നീട് സിനിമയിൽനിന്ന് മാറ്റിയിട്ടുണ്ട്. കഥാസന്ദർഭത്തിനും കഥാപാത്രത്തിനും കൂടുതൽ ചേരുന്ന ശബ്ദം മറ്റൊന്നാണ് എന്ന തീരുമാനത്തിലാകും മാറ്റം. ഞാൻ പാടിയ പാട്ടുകൾ പിന്നീട് പുതുഗായകരെക്കൊണ്ടും എന്നേക്കാൾ സീനിയറായ ഗായകരെക്കൊണ്ടും മാറ്റിപ്പാടിച്ച് സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വിജയ് പറയുന്നു.

പാട്ടിനൊപ്പം വളർന്നപ്പോൾ ഉള്ളിലൊരു മോഹമായി കിടന്നിരുന്നതാണ് അഭിനയമെന്നാണ് വിജയ് പറയുന്നത്. കുടുംബപശ്ചാത്തലം കാരണം എവിടെയും ചാൻസ് ചോദിച്ച് ചെല്ലാൻ കഴിയില്ല. അവർ പ്രയാസത്തിലാകും. തേടി വരുന്ന പ്രൊജക്റ്റുകളാണ് ഇഷ്ടം. അത് നൽകുന്ന ആത്മവിശ്വാസവും വലുതാണ്. മാരി പ്രേക്ഷകർ ഏറ്റെടുത്തതോടെ അഭിനയവുമായി മുന്നോട്ടുപോകാനുള്ള കരുത്തുലഭിച്ചു. നല്ല വേഷങ്ങൾ വരുമ്പോൾ ഒരുകൈനോക്കാമെന്ന് തീരുമാനിച്ചു. പാട്ടിനു തടസ്സംവരാതെ അഭിനയവുമായി മുന്നോട്ടുപോകാനാണ് നിലവിലെ തീരുമാനമെന്നും വിജയ് വ്യക്തമാക്കി.
അച്ഛൻ യേശുദാസിൽ നിന്ന് ഒരിക്കലും അങ്ങനെ ഉപദേശങ്ങൾ ലഭിച്ചിട്ടില്ലെന്നും വിജയ് അഭിമുഖത്തിൽ പറയുന്നുണ്ട്. ഉപദേശങ്ങൾ നൽകുന്ന അപ്പയുടെ ചിത്രം മനസ്സിലില്ല. കുട്ടിക്കാലത്തുപോലും വഴക്കുപറയുകയോ അടിക്കുകയോചെയ്യുന്ന പതിവില്ലായിരുന്നു. പാട്ടിലേക്കെത്തിയപ്പോഴേക്കും അപ്പയെക്കണ്ട് പലതും പഠിക്കുകയായിരുന്നു, ശബ്ദം പ്രശ്നമാകുന്ന ഭക്ഷണങ്ങൾ അകറ്റണമെന്ന് പറയാറുണ്ട്.
ഒരുപാട് വലിയ സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിക്കാനായി, അവരിൽനിന്നെല്ലാം കിട്ടിയ ഉപദേശങ്ങൾ, അനുഭവങ്ങൾ എന്നിവയിലൂടെ സ്വയം ഉയരാൻ കഴിഞ്ഞു എന്നാണ് വിശ്വാസം. പലഭാഷകളിലായി ഒട്ടേറെ പാട്ടുകൾ പാടാൻകഴിഞ്ഞു എന്ന സന്തോഷം ചെറുതല്ല. യേശുദാസിന്റെ മകൻ മോശമില്ലാതെ പാടുന്നുണ്ടെന്നു പറയുന്നതുകേൾക്കുമ്പോൾ അഭിമാനം തോന്നുമെന്നും വിജയ് പറഞ്ഞു.


Click it and Unblock the Notifications