'അനാവശ്യമായി വന്ന് ചൊറിയുമ്പോഴാണ് അപ്പയ്ക്ക് ദേഷ്യം വരുക; എനിക്കും അത് അതുപോലെ തന്നെ കിട്ടി': വിജയ് യേശുദാസ്
സ്വരമാധുരി കൊണ്ട് മലയാളികളെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള ഗായകനാണ് കെ.ജെ യേശുദാസ്. തലമുറ വ്യത്യാസമില്ലാതെയാണ് ഗാനഗന്ധർവനെ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. യേശുദാസിന്റെ പാട്ടില്ലാതെ മലയാളിക്ക് ഒരു ദിവസമുണ്ടാകില്ലെന്നതാണ് വാസ്തവം. അത്രയധികം ഗാനങ്ങളിലൂടെയാണ് ഗാനഗന്ധർവൻ മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുന്നത്. ഇപ്പോൾ കുറച്ചു നാളുകളായി വിശ്രമത്തിലാണ് അദ്ദേഹം.
മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകനായി തുടരുമ്പോൾ തന്നെ സ്വഭാവത്തിന്റെ പേരിൽ പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുള്ള ആളാണ് യേശുദാസ്. അദ്ദേഹത്തിന്റെ ദേഷ്യം സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായിട്ടുണ്ട്. ഒരിക്കൽ തനിക്കൊപ്പം സെൽഫി പകർത്താൻ ശ്രമിച്ച ആരാധകനോട് അദ്ദേഹം ദേഷ്യപ്പെട്ടത് വൈറലായിരുന്നു. അന്ന് പലരും യേശുദാസിനെ ക്രൂരമായി വിമർശിച്ചു.

ഇപ്പോഴിതാ അച്ഛന്റെ ദേഷ്യത്തെ കുറിച്ച് വിജയ് യേശുദാസ് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. ആരെങ്കിലും വന്ന് അനാവശ്യമായി ചൊറിഞ്ഞാൽ ആണ് ദേഷ്യം വരുക. അപ്പയുടെ ദേഷ്യം തനിക്കും അതുപോലെ തന്നെ കിട്ടിയിട്ടുണ്ടെന്നാണ് വിജയ് യേശുദാസ് പറയുന്നത്. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
"ദേഷ്യം വരാത്ത ആളുകൾ ആരാണുള്ളത്. തന്റെ പൂർണ സമയവും ഒരു കലയ്ക്ക് വേണ്ടി നൽകിയിരിക്കുന്ന ഒരാളെ ഇടയ്ക്ക് ആരെങ്കിലും വന്ന് ഒന്ന് തോണ്ടിയാൽ ചിലപ്പോൾ ദേഷ്യം വരും. എല്ലാവരുടെയും അവസ്ഥ അത് തന്നെയാണ്. എനിക്കും ആ ദേഷ്യം അതുപോലെ തന്നെ കിട്ടിയിട്ടുണ്ട്. അതിനെ കൺട്രോൾ ചെയ്യുന്നതിന് പകരം അതിനെ ഡീൽ ചെയ്യുകയാണ്. കൺട്രോൾ ചെയ്യാൻ നിന്നാൽ നമ്മൾ എപ്പോഴെങ്കിലും പൊട്ടിത്തെറിക്കും. അതിനേക്കാൾ നല്ലത് അതാണ്.
കുറെയേറെ തിരക്കുകൾക്കിടയിലാണ് കുടുംബവും സുഹൃത്തുക്കളെയും എല്ലാമായിട്ട് മുന്നോട്ട് പോകുന്നത്. അതിനിടയിൽ ഒരു തട്ട് കിട്ടുമ്പോഴോ ചൊറിയാൻ വരുമ്പോഴോ എന്തിനാണ് നമ്മുടെ മെക്കിട്ട് കേറുന്നത് എന്ന് ആലോചിക്കും. ദേഷ്യം അത്ര നല്ല കാര്യമല്ല. അത്ര ദേഷ്യം വരുന്ന സമയത്ത് മാത്രമേ അപ്പ അങ്ങനെ പൊട്ടിത്തെറിച്ചിട്ടുള്ളു. ഞാനും അങ്ങനെയാണ്. എന്നാൽ ആർട്ടിസ്റ്റ് ആണെന്നതിന്റെ പേരിലൊന്നും പൊട്ടിത്തെറിച്ചട്ടില്ല. ജനറലായിട്ടുള്ള കാര്യങ്ങൾക്കാണ് ദേഷ്യപ്പെട്ടിട്ടുള്ളത്", വിജയ് പറയുന്നു.
സംഗീതം കഴിഞ്ഞിട്ടേ ഉള്ളുവെങ്കിലും കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്ന ആളാണ് യേശുദാസ് എന്ന അച്ഛനെന്ന് വിജയ് പറഞ്ഞു. അതിന് ബാക്ക് ബോണായിട്ട് അമ്മയും എപ്പോഴും ഉണ്ടായിരുന്നു. കുട്ടികൾ എപ്പോഴും എന്റൊപ്പം ഉണ്ടാകണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതുകൊണ്ട് യാത്ര പോകുമ്പോഴെല്ലാം ഞങ്ങളെയും കൊണ്ടുപോകും. ക്ലാസ് പോകും എന്നൊന്നും നോക്കില്ല. നാലിലും അഞ്ചിലും ഒക്കെ പഠിക്കുമ്പോഴാണ്. അങ്ങനെയൊരു യാത്ര പോയിട്ടാണ് ഞങ്ങളെ അമേരിക്കയിൽ കൊണ്ടുപോയി ഇട്ടത്.

അച്ഛനും അമ്മയ്ക്കും ഒരു ബ്രേക്ക് വേണമെന്ന് തോന്നിയപ്പോഴാണ് അങ്ങോട്ട് മാറുന്നത്. കുടുംബമായി എപ്പോഴും ഒന്നിച്ച് തന്നെയുണ്ടാകും. ഇങ്ങനെ പരിപാടികൾക്ക് ഒക്കെ പോകുമ്പോഴായിരുന്നു ഞങ്ങളുടെ യാത്രകൾ. അല്ലാതെയുള്ള യാത്രകൾ ഒന്നും ഉണ്ടായിട്ടില്ല. എന്റെ മകൻ ജനിക്കുന്നതിന് മുൻപ് അമ്മയുടെ ആഗ്രഹ പ്രകാരം സ്പെയിനിലേക്ക് ഒരു ആത്മീയ യാത്ര നടത്തിയിരുന്നു. പറയാൻ അങ്ങനെ ഒന്ന് മാത്രമേ നടന്നിട്ടുള്ളൂവെന്നും വിജയ് കൂട്ടിച്ചേർത്തു.
യേശുദാസിന്റെ മകൻ എന്ന പ്രതീക്ഷ മറ്റുള്ളവർക്കുണ്ടായിരുന്നത് ബുദ്ധിമുട്ടായിരുന്നെന്നും വിജയ് അഭിമുഖത്തിൽ പറയുന്നുണ്ട്. ദാസേട്ടന്റെ മകൻ എന്ന മറ്റുള്ളവരുടെ പ്രതീക്ഷകൾ പേടിയേക്കാൾ ഉപരി ഇതെന്തൊരു കഷ്ടം എന്ന തോന്നൽ തന്നിരുന്നു. യേശുദാസിന്റെ മകൻ എന്ന രീതിയിൽ ഒരു നല്ല തുടക്കം കിട്ടിയിട്ടുണ്ടായിരുന്നെന്നും എന്നാൽ അതുകൊണ്ട് കാര്യമുണ്ടായിട്ടില്ലെന്നും വിജയ് യേശുദാസ് പറഞ്ഞു.


Click it and Unblock the Notifications