കൂടുതൽ ഫ്രീഡമുള്ളത് മമ്മൂക്കയുടെ വീട്ടിൽ; പക്ഷേ ഞാൻ ലാലേട്ടൻ ഫാനാണ്, അദ്ദേഹം നന്നായി ട്രീറ്റ് ചെയ്യും: വിജയ്
മലയാളികളുടെ ഇഷ്ട ഗായകനാണ് വിജയ് യേശുദാസ്. ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ മകനായ വിജയ്, അച്ഛന്റെ പാത പിന്തുടർന്നാണ് പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. അധികം വൈകാതെ തന്നെ തെന്നിന്ത്യൻ സിനിമാ പിന്നണി ഗാനരംഗത്ത് തന്റേതായ ഒരിടം കണ്ടെത്താൻ വിജയിക്ക് സാധിച്ചു. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുള്ള വിജയ്, നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഗായകൻ എന്നതിന് പുറമെ നടനായും വിജയ് യേശുദാസ് തിളങ്ങിയിട്ടുണ്ട്.
2010 ൽ പുറത്തിറങ്ങിയ അവൻ എന്ന സിനിമയിലാണ് വിജയ് ആദ്യമായി അഭിനയിക്കുന്നത്. എന്നാൽ 2015 ൽ പുറത്തിറങ്ങിയ ധനുഷ് ചിത്രം മാരിയിലെ വില്ലൻ വേഷമാണ് നടനെന്ന നിലയിൽ വിജയിക്ക് ശ്രദ്ധനേടി കൊടുക്കുന്നത്. മാരിക്ക് ശേഷം പടൈവീരൻ, സാൽമോൻ തുടങ്ങിയ തമിഴ് സിനിമകളിലും കോളാമ്പി എന്ന മലയാള സിനിമയിലും വിജയ് അഭിനയിച്ചു. മലയാള സിനിമാലോകത്ത് നല്ല സൗഹൃദങ്ങളുള്ള താരമാണ് വിജയ്. ഇപ്പോഴിതാ മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് വിജയ് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.

താൻ എല്ലായ്പ്പോഴും ഒരു ലാലേട്ടൻ ഫാനാണെന്നാണ് വിജയ് പറയുന്നത്. മോഹൻലാൽ ആളുകളെ നന്നായി ട്രീറ്റ് ചെയ്യുമെന്ന് പറഞ്ഞ വിജയ് അദ്ദേഹത്തിനൊപ്പം ഡിന്നർ കഴിക്കാൻ പോയ അനുഭവവും പങ്കുവെച്ചു. അതേസമയം തനിക്ക് കൂടുതൽ സ്വാതന്ത്ര്യം ഉള്ളത് മമ്മൂട്ടിയുടെ വീട്ടിലാണെന്നും വിജയ് പറഞ്ഞു. ബിഹൈൻഡ്വുഡ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിജയ് ഇക്കാര്യം പറഞ്ഞത്.
'ലാലേട്ടന് നല്ല കുക്കാണ്. അത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ചില മീറ്റിങ്ങുകൾക്ക് പോകുമ്പോൾ ഞാനും കഴിച്ചിട്ടുണ്ട്. ലൈവ് ഗ്രില്ലിലൊക്കെ ലാലേട്ടൻ കുക്ക് ചെയ്യും. ആ ഒരു എക്സ്പീരിയൻസ് രണ്ട് പ്രാവശ്യം ആസ്വദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പേഴ്സണലായിട്ടുള്ള സ്ഥലങ്ങളിൽ വച്ചും മീറ്റ് ചെയ്തിട്ടുണ്ട്. ഡിന്നർ ഒക്കെ കഴിക്കാൻ കൂടിയിട്ടുണ്ട്. പിന്നെ ലാലേട്ടൻ ആളുകളെ നന്നായി ട്രീറ്റ് ചെയ്യുന്ന ആളാണ്', വിജയ് യേശുദാസ് പറഞ്ഞു.
മമ്മുക്കയെ കാണുമ്പോൾ എന്തിനാ ഈ താടി ഒക്കെ ഇങ്ങനെ നരച്ച് വെച്ചിരിക്കുന്നത്, ആരെ കാണിക്കാനാ എന്നൊക്കെ ചോദിക്കുമെന്ന് വിജയ് പറയുന്നു. ദുൽഖറും അതുപോലെ തന്നെയാണ്. ഈ ഇൻഡസ്ട്രിയെ ഒരു കുടുംബം പോലെയാണ് കാണുന്നത്. അപ്പേടെ സഹോദരങ്ങളോ, അങ്കിളോ ഒക്കെ പോലെയാണ് എല്ലാവരും. അവരെയൊക്കെ താൻ തന്റെ സ്വന്തം പോലെയാണ് കാണുന്നതെന്നും വിജയ് പറഞ്ഞു.
ദുൽഖറുമായുള്ള സൗഹൃദം കാരണം അവരുടെ വീട്ടിൽ പോയി ഫ്രീ ആയി ഇടപെടാനും ഭക്ഷണം കഴിക്കാനും പറ്റും. എന്നാൽ ലാലേട്ടന്റെ വീട്ടിൽ അങ്ങനെ പോവാൻ പറ്റിയിട്ടില്ല. ലാലേട്ടനെ അല്ലാതെ കാണുമ്പോൾ ഉള്ള ആരാധനയാണെന്നും വിജയ് വ്യക്തമാക്കി. ഓരോ പ്രാവശ്യവും മമ്മൂട്ടിയെ കാണുമ്പോൾ എങ്ങനെയാണ് ഈ മനുഷ്യൻ ഇങ്ങനെ ഇരിക്കുന്നത് എന്ന് ആലോചിക്കാറുണ്ട്.

ഓരോ പോസ്റ്റ് കാണുമ്പോഴും ദുൽഖറിന് മെസേജ് അയക്കും. 'എന്താ അല്ലേ ഈ മനുഷ്യൻ, നമുക്കൊക്കെ പോയി ചത്താൽ മതിയെന്ന്' പറയുമെന്നും വിജയ് പറഞ്ഞു. മമ്മൂക്കയെ ഒരുപാട് ആരാധിക്കുന്നുണ്ടെങ്കിലും താനൊരു ലാലേട്ടൻ ഫാൻ ആണെന്ന് വിജയ് കൂട്ടിച്ചേർത്തു.
ഏറ്റവും ഒടുവിലായി വാത്തി, മാമന്നൻ തുടങ്ങിയ സിനിമകളിലാണ് വിജയ് യേശുദാസ് പാടിയത്. അടുത്തിടെയാണ് മാമന്നനിലെ പാട്ട് റിലീസ് ചെയ്തത്. എആർ റഹ്മാൻ സംഗീത നിർവഹിച്ചിരിക്കുന്ന ഗാനം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വടിവേലു, ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, കീർത്തി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാരി സെൽവരാജ് ഒരുക്കുന്ന ചിത്രമാണ് മാമന്നൻ.


Click it and Unblock the Notifications