For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പാട്ടുകൾ കൂടുതൽ യേശുദാസിനായിരിക്കും, പക്ഷേ കാണാൻ സുന്ദരൻ ജയചന്ദ്രനാ'; ജി വേണുഗോപാലിന്റെ കുറിപ്പ് വൈറൽ!

  |

  മലയാള സംഗീത ലോകത്ത് ഭാവഗായകൻ എന്നറിയപ്പെടുന്ന ഗായകനാണ് പി ജയചന്ദ്രൻ. പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന നിരവധി ഗാനങ്ങളാണ് അദ്ദേഹം സമ്മാനിച്ചിരിക്കുന്നത്. മലയാളത്തിന്റെ പ്രിയ ഗായകനെ കുറിച്ച് ഗായകനായ ജി വേണുഗോപാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് വൈറലാവുകയാണ് ഇപ്പോൾ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..

  'തികഞ്ഞ ഒരു റേഡിയോ യുഗമായിരുന്നു എന്റെ കുട്ടിക്കാലം. റേഡിയോയും, പിന്നെ അപൂർവമായി സിനിമാ തീയേറ്ററിൽ പോയി കണ്ട സിനിമകളും, ഇതൊക്കെയാണ് അക്കാലത്തെ തിളക്കമുള്ള ഓർമ്മകൾ. വീട്ടിൽ സ്വീകരണമുറിയിൽ, കുട്ടികൾക്ക് സ്പർശിക്കാനാവാത്ത ഉയരത്തിൽ ഒരു പീഠത്തിൽ വിലസുന്ന മർഫി റേഡിയോ. അതിനടുത്തു തന്നെ ഒരു കസേരയിൽ വലിഞ്ഞുകയറി തറയിൽ എത്താത്ത കുഞ്ഞിക്കാലുകളും ആട്ടി അങ്ങനെ റേഡിയോ കേട്ടിരിക്കുക, അതായിരുന്നു പ്രധാന വിനോദം.

  g venugopal about p jayachandran

  Also Read: സിൽക്ക് സ്മിത നിങ്ങൾ വിചാരിക്കുന്ന പോലെയല്ല; ഞാൻ ശരിക്കും അനുഭവിച്ചിട്ടുണ്ട്!, ഡിസ്കോ രവീന്ദ്രൻ പറയുന്നു

  പാട്ടുകൾ കേട്ട് കേട്ട് പാട്ടുകാരായവർ തന്നെയാണ് എന്റെ തലമുറയിലെ ഭൂരിഭാഗം പേരും. മറുനാട്ടിലെയും നമ്മുടെ നാട്ടിലെയും മലയാളികളെ സ്വന്തം വീട്ടു മുറ്റവും ജനിച്ചു വളർന്ന സാഹചര്യങ്ങളുമായിണക്കുന്നത് പലപ്പോഴും ഗാനങ്ങളാണെന്നു തോന്നാറുണ്ട്. ഒരിക്കലും മരിക്കാത്ത ഗൃഹാതുരത്വവും കാല്പനികതയുമാണ് സിനിമാ ഗാനങ്ങൾ മലയാളിക്ക് പ്രദാനം ചെയ്തത്. ഗായകരെ അതുകൊണ്ടു പലരും ദൈവതുല്യരായി കരുതുകയും ചെയ്യാറുണ്ട്, അവർ പലപ്പോഴും അതർഹിക്കുന്നില്ലെങ്കിൽ പോലും!!

  പക്ഷേ ഒരു കാര്യം നിസ്സംശയം പറയാം, രാഷ്ട്രീയക്കാർ ചെയ്യുംപോലെ ദ്രോഹങ്ങൾ ഞങ്ങൾ ഒരിക്കലും ചെയ്തിട്ടില്ല. റേഡിയോ യുഗത്തിലെ ഗായകരിൽ, ഉള്ളിൽ തറഞ്ഞു പോയ ശബ്ദവും രൂപവുമുള്ള രണ്ടു ഗായകർ ദാസേട്ടനും, ജയേട്ടനും തന്നെയാണ്. വിണ്ണിലെ രണ്ടു സംഗീത താരകങ്ങൾ. ഹിന്ദി ഗായകരിൽ തലത്, റാഫി, മന്നാഡേ, മുകേഷ്, ഇവരെയൊക്കെ ഇഷ്ടമാണെങ്കിലും ദാസേട്ടനും, ജയേട്ടനും പകർന്നു നൽകിയ സംഗീത പരമാനന്ദ രസം അത്ര എളുപ്പം അങ്ങോട്ട് എഴുതി ഫലിപ്പിക്കാൻ പറ്റില്ല.

  അതുള്ളിൽ കുരുത്തു ചിറകുവച്ചു പാറിപ്പറക്കാൻ തുടങ്ങിയപ്പോൾ, ഒരു നാൾ ഞങ്ങളിൽ പലരും പാടിത്തുടങ്ങി. ഇവർ സൃഷ്‌ടിച്ച പാട്ടിന്റെ പാലാഴിക്കരയുടെ തീരത്തുകൂടെ സഞ്ചരിക്കുമ്പോൾ, ഞങ്ങളിൽ പലർക്കും ഒന്ന് മുങ്ങി നിവരണമെന്നു തോന്നി. അങ്ങനെ ഞങ്ങളും പ്രൊഫഷണൽ ഗായകരായി അറിയപ്പെട്ടു തുടങ്ങി.

  പണ്ട് ആറാം സ്റ്റാൻഡേർഡിൽ പഠിക്കുമ്പോൾ ജയേട്ടന്റെ ഗാനമേള വീട്ടിനു തൊട്ടടുത്തുള്ള വിമൻസ് കോളേജിൽ നടക്കുന്നതറിഞ്ഞു. അടുത്ത വീട്ടിലെ ചേച്ചിമാരായിരുന്നു ഞങ്ങൾ കുട്ടികളുടെ വഴികാട്ടികൾ, സിനിമ ഗാന വിശേഷങ്ങളിൽ!!. വീട്ടിൽ നിർബ്ബന്ധം പിടിച്ചു അവരുടെ കൂടെ വിമൻസ് കോളേജിൽ ജയേട്ടന്റെ ഗാനമേളയ്ക്കു പോയ മധുരസ്മരണകൾ പലപ്പോഴും അയവിറക്കാറുണ്ട്. ഞങ്ങൾ കുറച്ചു വൈകിയാണ് എത്തുന്നത്.

  p jayachandran

  അങ്ങ് ദൂരെ കെട്ടിപ്പൊക്കിയ ഒരു സ്റ്റേജിൽ വർണശബളമായ അരക്കയ്യൻ ഷർട്ടും പാന്റും അണിഞ്ഞു ചെത്തിമിനുക്കിയ ഭംഗിയുള്ള താടിയുമായി ജയേട്ടൻ പാടിത്തുടങ്ങുന്നു, "ശ്രീശബരീശ" എന്ന ഭക്തിഗാനത്തോടെ. ഒന്ന് ശ്വാസം പോലും വിടാതെ, പരിപൂർണ അച്ചടക്കത്തോടെ ഇരിക്കുന്ന വിദ്യാർത്ഥിനികളായിരുന്നു എന്റെ ശ്രദ്ധ ആദ്യം പിടിച്ചെടുത്തത്. അങ്ങനെ എന്റെ ഇഷ്ടഗാനങ്ങൾ പലതും ജയേട്ടൻ ഓരോന്നായി പാടുന്നു, മഞ്ഞലയിൽ മുങ്ങിത്തോർത്തീ, ഹർഷബാഷ്പം തൂകീ, സന്ധ്യക്കെന്തിനു സിന്ദൂരം, ഞാൻ അതുവരെ കേൾക്കാത്ത ചില തമിഴ് ഗാനങ്ങൾ.

  തൊട്ടടുത്ത് അടക്കിപ്പിടിച്ച ഒരു സംഭാഷണത്തിന്റെ നുറുങ്ങു മാത്രം എന്റെ ചെവിയിലെത്തി. "പാട്ടുകൾ കൂടുതൽ യേശുദാസിനായിരിക്കും, പക്ഷേ കാണാൻ സുന്ദരൻ ജയചന്ദ്രനാ"! സംഗീതമെന്ന ജോലിയോട് അന്നെനിക്ക് വളരെ താല്പര്യം തോന്നിപ്പോയീ! ഒന്നിനുമല്ലാതെ വെറുമൊരു അഭിനിവേശത്തിൽ പാട്ടുകൾ വീണ്ടും വീണ്ടും കേട്ടിരുന്ന ഞാൻ, ഒരു സിനിമാപാട്ടു പോലും പാടാൻ സാധിക്കുമെന്ന് സ്വപ്നംപോലും കണ്ടിട്ടില്ലാത്ത ഞാൻ, ഒരു പ്രായത്തിൽ പെട്ടെന്ന് പാടി തുടങ്ങി, അറിയപ്പെടാനും, കുറേശ്ശേ കുറേശ്ശെയായി.

  ഇപ്പോഴും കുട്ടിക്കാലത്തെ ചില നിഷ്കളങ്ക വിഢിത്തങ്ങളോർത്തു പോകാറുണ്ട്. സിനിമയിൽ പ്രേംനസീർ പാടുന്നു. യേശുദാസും പാടുന്നു. ഇതെന്തു മായാജാലം? എന്റെ ബലമായ വിശ്വാസം ഇത് നസീർ തന്നെയാണെന്നായിരുന്നു. പക്ഷേ ഈ യേശുദാസ്--ഇയാൾ ശരിക്കെന്താ ചെയ്യുന്നത്? മുതിർന്നവർ അത് സ്റ്റുഡിയോ റെക്കോർഡഡ് ആണെന്ന് പറയുമ്പോഴും എന്ത് സ്റ്റുഡിയോ, എന്ത് റെക്കോർഡിങ്, എന്നൊക്കെ മനസ്സിലായി തുടങ്ങിയത് പിന്നെയും കുറച്ചുകൂടി കഴിഞ്ഞായിരുന്നു.

  ബാലലോകത്തിൽ വഴുതക്കാട് ലക്കി സ്റ്റാർ റേഡിയോ ക്ലബ്ബിന്റെ ഭാഗമായി ആകാശവാണിയിൽ പോയി തുടങ്ങിയപ്പോഴാണ് ഒരേകദേശ ധാരണ കിട്ടിയത്. അന്ന് മുതൽ ഇന്നുവരെ ഞാൻ പാട്ടുകാരെ മാത്രം ഇഷ്ടപ്പെട്ടു തുടങ്ങി. അപൂർവമായി ചില നടികളെയൊഴിച്ചു നിർത്തിയാൽ.

  വർഷങ്ങളേറെക്കഴിഞ്ഞു, ഗായകപരിവേഷമണിഞ്ഞിട്ടു! ഹൃദയത്തിൽ കുടിവച്ച ഗായകരിൽ പലരും മണ്മറഞ്ഞു. ചിലർ വാർദ്ധക്യത്തിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുന്നു. ഈ വേളയിൽ, ഒരു സംഗീതവിസ്മയമായി തിളങ്ങുന്ന ഗായകനാണ് ജയേട്ടൻ. ശബ്ദത്തിലെ യുവത്വവും, ഗാനങ്ങളുടെ രചനയും, അവയുടെ സൃഷ്ടാക്കളെ ഓർത്തെടുക്കുന്നതിലുള്ള ശ്രദ്ധയും, അവ അതി മനോഹരമായാലപിക്കുന്നതിലും ജയേട്ടനുള്ള വൈഭവം ഒന്നെടുത്തു പറയാതെ വയ്യ!

  ഒരു ഗാനം ശ്രദ്ധിച്ചു കേട്ട്, അതിഷ്ടപ്പെട്ടു പാടിയാൽ ഇന്നും ജയേട്ടൻ ആ ഗാനത്തിന്റെ ഭാവതലങ്ങളെ പുൽകിയ പോൽ മറ്റൊരു ഗായകനുമാകില്ലെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ജയചന്ദ്രൻ എന്ന ഗായകന്റെ ആലാപന സൗന്ദര്യം പീലിവിരിച്ചു മയൂര നൃത്തമാടുന്ന പല വേദികൾക്കും, ഞാൻ ദൃക്‌സാക്ഷി, അനുഭവജ്ഞൻ!

  സ്വന്തം ഗാനങ്ങൾ മാത്രമല്ല, മറ്റുള്ള ഗായകരുടെ ഗാനങ്ങൾ ജയേട്ടൻ പാടുമ്പോൾ, ആ ഒറിജിനൽ ഗാനത്തിൽ നിന്നും പലയാവർത്തി മാധുര്യമൂറും പോലെ എനിക്കും മറ്റു പല സംഗീതപ്രേമികൾക്കും തോന്നിയിട്ടുണ്ടെങ്കിൽ അത് സ്വാഭാവികം മാത്രം! തലത്, റാഫി, മുകേഷ്, ലത മങ്കേഷ്‌കർ, ആശ ഭോൺസ്ലെ, യേശുദാസ്, തുടങ്ങി എത്രയെത്ര ക്ലാസിക് ഗായകരുടെ ഗാനങ്ങളെയാണ് സ്വകാര്യ നിമിഷങ്ങളിൽ ജയേട്ടൻ അവിസ്മരണീയമാക്കിയിരുന്നത്!

  g venugopal

  Also Read: മരിച്ച് കിടന്ന ലോഹിയെ തട്ടി വിളിച്ചു; ആ രാത്രിക്ക് ശേഷം പിന്നീടിതുവരെ അവിടേക്ക് പോയിട്ടില്ല; കൈതപ്രം

  അറുപതുകളിലെ മലയാള സുവർണ സംഗീതകാലഘട്ടത്തിലെ ഗാനങ്ങൾ ജയേട്ടൻ പാടുമ്പോൾ ആ കാലഘട്ടത്തിലേക്ക് നമ്മളെയും കൂട്ടിക്കൊണ്ടുപോകുന്നതായി തോന്നും. ആലാപനത്തിൽ പ്രണയപാരവശ്യം, രാഗനിബദ്ധത, ഒരിക്കലും വറ്റാത്ത നഷ്ടബോധം, ഇവയെല്ലാം കൂടിക്കലരും. പൊയ്‌പ്പോയ നിഷ്കളങ്കമായ ആ നാളുകൾ, ഇനിയൊരിക്കലും തിരിച്ചു വരാത്ത ശുദ്ധസംഗീതത്തിന്റെ വീചികൾ, ഇനി അവ പുനർജ്ജനിക്കില്ലെന്ന തിരിച്ചറിവും, നമ്മളെ ആ സംഗീത നിമിഷത്തിന്റെ നിർവൃതിയിൽ ഒരാവരണം പോലെ മൂടും.

  ഗായകനും, ശ്രോതാവും ഒന്നാവുന്ന അത്യപൂർവം ഭാവവിശേഷങ്ങളിൽ ഒന്ന്! ഗായകന്റെ ഹൃദയവ്യഥയും ഭാവുകത്വവും, ശബ്ദവീചികളിലൂടെ എല്ലാവരെയും ഒന്നിപ്പിക്കുന്ന ആ അനർഘ നിമിഷങ്ങളിൽ പലപ്പോഴുംനിറകണ്ണുകളുമായി ജയേട്ടന്റെ പാദങ്ങളിൽ സാഷ്ടാംഗം പ്രണമിക്കുവാൻ ഞാൻ വെമ്പിയിട്ടുണ്ട്.
  ദാസേട്ടൻ,അന്നുമിന്നും അങ്ങ് ദൂരെ വിണ്ണിൻ സംഗീത നഭസ്സിൽ ഒരപ്രാപ്യ താരമായ് മിന്നുന്നു.

  ജയേട്ടൻ എന്ന ഹൃദയരാഗങ്ങളുടെ ചൈതന്യനക്ഷത്രം പലപ്പോഴും ഭൂമിയിലേക്കിറങ്ങി വന്നു ഒരു മുതിർന്ന സഹോദരനെപ്പോലെ തോളത്തു കയ്യിട്ടു, കുശലമന്വേഷിച്ചു, പാട്ടുപാടിതരാറുണ്ട്. ഒരിക്കൽ ഏതാനും വര്ഷങ്ങള്ക്കു മുൻപ് തൊണ്ട സുഖമില്ലാതെ പാട്ടുകാരെല്ലാം ഇടയ്ക്കിടയ്ക്ക് പുലർത്തുന്ന വോയിസ് റസ്റ്റ് എന്ന ഏർപ്പാടിൽ ഞാൻ നിശ്ശബ്ദനായിരിക്കുമ്പോൾ ജയേട്ടൻ വിളിച്ചു. രണ്ടേരണ്ടു വാചകങ്ങൾ. "നീ ഒരു വെള്ളിയോടക്കുഴൽ നേരു, ഗുരുവായൂരപ്പന്. എത്രയും വേഗം അതവിടെപ്പോയി സമർപ്പിക്കു"!!

  പെട്ടെന്ന് ഞാൻ അറുപതുകളിലെ ഞങ്ങളുടെ വീട്ടിലെ ഉയർന്ന പീഠത്തിൽ നിന്ന് പാട്ടു കേൾക്കുന്ന മർഫി റേഡിയോക്കു മുന്നിൽ ഒരു തടി സ്റ്റൂളിൽ തറയിൽ എത്താത്ത കുഞ്ഞിക്കാലുകൾ ആട്ടിയിരിക്കുന്ന കുട്ടിയായി മാറി. റേഡിയോയിൽ നിന്നലയടിക്കുന്നു ജയേട്ടന്റെ ശബ്ദം..."മരുഭൂമിയിൽ മലർ വിരിയുകയോ...എൻ മനസ്സിൽ സ്വപ്നം വിടരുകയോ..."

  പൊടുന്നനെ വർണ്ണശബളമായ വസ്ത്രങ്ങളണിഞ്ഞ ഗായകൻ ചെത്തിമിനുക്കിയ താടിയുമായി റേഡിയോയിൽ നിന്നിറങ്ങി വന്നെന്നെ തഴുകി, കുശലമന്വേഷിച്ചു റേഡിയോയുടെ ശബ്ദവീചികളിലേയ്ക്ക് തന്നെ ലയിച്ചു ചേർന്നു!!!' ജി വേണുഗോപാൽ ഫേസ്‌ബുക്കിൽ കുറിച്ചു.

  Read more about: g venugopal
  English summary
  Singer G Venugopal's Heart Touching Note About P Jayachandran On Social Media Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X