അജിത ഹരേ തൊട്ടല്ല ഈ പ്രശ്നം തുടങ്ങിയത്; കുറച്ച് കർണാട്ടിക് പഠിച്ചു; മനപ്പൂർവം തോൽപ്പിക്കാൻ ശ്രമിച്ചു: ഗൗരി
സോഷ്യൽ മീഡിയയിൽ കുറച്ചു നാളുകളായി വൈറലായി കൊണ്ടിരിക്കുന്ന ഗായികയാണ് ഗൗരി ലക്ഷ്മി. ഗൗരിയുടെ ഓരോ പാട്ടുകളും അതിന്റെ വ്യത്യസ്തത കൊണ്ട് ആളുകൾ ശ്രദ്ധിക്കാറുണ്ട്. കൂടുതലും മോശം കമന്റുകളും ചീത്ത വിളികളുമായിരിക്കും ഗൗരിയുടെ കമന്റ് ബോക്സിൽ. സ്റ്റേജ് പെർഫോമൻസുകളാണ് ഗൗരിയുടെ ഹൈലൈറ്റ്. അതിലൂടെ വല്ലാത്തൊരു വൈബ് ഉണ്ടാക്കാൻ ഗൗരിക്ക് സാധിക്കാറുണ്ട്. എങ്കിലും സൈബർ ബുള്ളിയിംഗിന്റെ എക്സ്ട്രീം തന്നെയാണ് ഗൗരി നേരിടുന്നത്.
മുറിവ് എന്ന പാട്ടിലൂടെ നിരവധി ട്രോളുകളും മോശം പരാമർശങ്ങളും ഗൗരി നേരിട്ടു കൊണ്ടിരിക്കുന്നുണ്ട്. ഇത്തരം കമന്റുകളെ ഒഴിവാക്കി വിടാറില്ലെന്നും പലതും വായിച്ച് മാറ്റി വെക്കാറാണ് പതിവെന്നും ഗൗരി പറഞ്ഞു. ഈ പെർഫോമൻസ് നടക്കുമ്പോൾ സ്റ്റേജിന് പിന്നിൽ തന്റെ കമന്റ് ബോക്സ് മുഴുവൻ സ്ക്രീൻഷോട്ട് എടുത്ത് വലിയ സ്ക്രീനിൽ കാണിക്കുന്നുണ്ടായിരുന്നു. സ്വന്തം ജീവിതാനുഭവങ്ങൾ തന്നെയാണ് എല്ലാ പാട്ടുകളിലും കാണുന്നത്. എന്നാൽ എല്ലാ വർക്കുകളെയും ആളുകൾ മോശം കമന്റുകളിലൂടെയാണ് സമീപിക്കുന്നത്.

ചേർത്തലയിലെ ഒരു ഗ്രാമപ്രദേശത്ത് ജനിച്ചു വളർന്നയാളാണ് ഗൗരി ലക്ഷ്മി. "അവിടുന്ന് എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് മുന്നോട്ട് വരിക എന്നത് ചെറിയ കാര്യമല്ല. ഞാൻ ചെറുപ്പത്തിലെ ഇത്തരം കാര്യങ്ങളോട് വലിയ താത്പര്യം കാണിച്ചിരുന്നു. ഒരുപാട് പാട്ട് കേൾക്കുമായിരുന്നു. പിന്നെ ഒരുപാട് ബുക്ക്സ് വായിക്കുമായിരുന്നു. എല്ലാ തരം സിനിമകളും കാണാൻ ശ്രമിക്കുമായിരുന്നു. കോളേജിൽ പഠിക്കുമ്പോൾ തന്നെ ആർട്ടിസ്റ്റുകളോട് ചോദിക്കുമായിരുന്നു റെഫറൻസിനു വേണ്ടി പാട്ടുകൾ തരുമോ എന്നൊക്കെ."
"അങ്ങനെയാണ് പല മാറ്റങ്ങളും ഉണ്ടായത്. ചെന്നൈയിൽ വെസ്റ്റേൺ മ്യൂസിക്കു പഠിക്കാൻ കുറച്ച് നാൾ ഉണ്ടായിരുന്നു. പഠന കാലത്ത് ഒരുപാട് വ്യത്യസ്ത ആളുകളെ പരിചയപ്പെടാനും ഇടപഴകാനും സാധിച്ചിട്ടുണ്ട്. അതെല്ലാം എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്." ഗൗരി പറഞ്ഞു.
'അജിതാ ഹരേ' പോലുള്ള പാട്ട് എടുത്ത് ചെയ്യുമ്പോൾ തുടക്കത്തിൽ വലിയ നെഗറ്റീവ് അഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ പിന്നീട് ഒരു മാസ് ട്രെന്റായി മാറുകയായിരുന്നു. ഇൻസ്റ്റഗ്രാം റീൽസുകളില്ലെല്ലാം നിരവധി ആളുകളാണ് ഇത് ബാക്ക്ഗ്രൗണ്ടായി ഉപയോഗിച്ചു കൊണ്ടിരുന്നത്. അജിത ഹരേ എന്ന ഗാനത്തിന്റെ ഒറിജിനൽ ആസ്വദിക്കുന്നവർക്ക് ഗൗരിയുടെ ഈ സ്റ്റൈലിംഗ് സാധാരണഗതിയിൽ ഇഷ്ടപ്പെടാറില്ല.

"അത്തരത്തിൽ ഒന്നും മനപ്പൂർവമായി ചെയ്യാറില്ല. അജിത ഹരേ എന്ന പാട്ട് മാറ്റിയത് കൊണ്ട് മാത്രമല്ല ആളുകൾക്ക് എന്നോടുള്ള ഈ ഇഷ്ടക്കേട്. അത് കോളേജിൽ പഠിക്കുന്ന കാലം തൊട്ടേ ഉണ്ട്. അതായത് കർണാട്ടിക് പഠിക്കാൻ വന്ന കുട്ടി അതിനിടയിലൂടെ സൗണ്ട് എഞ്ചിനീയറിംഗ് പഠിക്കാൻ പോകുന്നു, പിന്നെ ക്ലാസ് കട്ട് ചെയ്ത് വെസ്റ്റേൺ മ്യൂസിക് പഠിക്കുന്നു." എന്റെ എച്ച്.ഒ.ടി ക്ലാസ് ടീച്ചറെ വിളിച്ചിട്ട് പറഞ്ഞിട്ടുണ്ട് എന്നെ മനപ്പൂർവം തോൽപ്പിക്കണമെന്ന്. ഇവളെ പാസാക്കി വിടരുതെന്ന് ചിന്തിക്കുന്ന ആളുകൾക്കിടയിൽ നിന്നാണ് ഞാൻ അജിത ഹരേ വരെ ചെയ്യുന്നത്."
"അതിനാൽ ഇപ്പോൾ തുടങ്ങിയ പ്രശ്നങ്ങളല്ല ഇതൊന്നും. കോളേജിൽ അവർ വരച്ചു വെച്ച ചില നിയമങ്ങൾ ഉണ്ട്. അതിനെ താണ്ടി പോവരുത് എന്നതാണ് പഠിപ്പിക്കുന്നത്. ഏത് ആർട്ട് ഫോം ആണെങ്കിലും അതിൽ ഒരു പരീക്ഷണം കൊണ്ടു വരാൻ സാധിച്ചില്ലെങ്കിൽ ചിലപ്പോൾ അവയൊന്നും ആളുകളിലേക്ക് എത്തില്ല. ഇങ്ങനെ മാത്രമേ പാടാവൂ എന്ന് ബലം പിടിക്കുന്നത് ഏതൊരു ആർട്ടിന്റേയും വളർച്ചയേ ബാധിക്കും." അതിനാൽ താൻ ഇനിയും ക്രിയേറ്റീവ് ആയിട്ട് തന്നെ ജോലി ചെയ്യുമെന്നാണ് ഫ്ലവേഴ്സ് കോമഡി എന്ന ചാനലിലൂടെ ഗൗരി ലക്ഷ്മി പറഞ്ഞത്.


Click it and Unblock the Notifications