13-ാം വയസില്‍ ഒരാള്‍ ഫോണ്‍ വിളിച്ച് വള്‍ഗറായി സംസാരിച്ചു; സ്റ്റക്കായി നിന്നു പോയി: ഗൗരി ലക്ഷ്മി
തന്റെ ആലാപനം കൊണ്ട് വേദികളെ ഇളക്കി മറിക്കുന്ന ഗായികയാണ് ഗൗരി ലക്ഷ്മി. തന്റെ നിലപാടുകളിലൂടേയും ഗൗരി കയ്യടി നേടിയിട്ടുണ്ട്. മാനസികാരോഗ്യത്തെക്കുറിച്ചും ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുമൊക്കെയുള്ള ഗൗരിയുടെ വാക്കുകള്‍ നേരത്തെ വൈറലായിരുന്നു. ഇപ്പോഴിതാ സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും മോശം കമന്റുകളെക്കുറിച്ചും ഗൗരി സംസാരിക്കുകയാണ്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഗൗരി മനസ് തുറന്നത്.
''കമന്റുകള്‍ അവഗണിക്കാറില്ല. കമന്റുകളെല്ലാം വായിക്കാറുണ്ട്. ഇരുന്ന് വായിക്കും. അത് എന്റെ വീഡിയോയ്ക്ക് ലഭിക്കുന്നത് മാത്രമല്ല. ചിലപ്പോള്‍ രാത്രി മെഡിറ്റേഷനൊക്കെ ചെയ്ത് ഉറങ്ങാന്‍ കിടക്കുമ്പോള്‍, ഞങ്ങളുടെ ഡാന്‍സറുണ്ട് പുള്ളിക്കാരി വരും. ചേച്ചി ഒരു വീഡിയോ മില്യണ്‍ അടിച്ചിട്ടുണ്ട് അതിന്റെ കമന്റ്‌സ് ഒന്ന് വായിക്കൂവെന്ന് പറയും. ഞാന്‍ എല്ലാ കമന്റ്‌സും ഇരുന്ന് വായിക്കും അവഗണിക്കുകയൊന്നുമില്ല. പക്ഷെ പ്രതികരിക്കില്ല. അവര്‍ അത് പറയട്ടെ. അത് അവരുടെ സ്വാതന്ത്ര്യമാണ്, ഇഷ്ടമാണ്'' എന്നാണ് ഗൗരി പറയുന്നത്.

ഞാന്‍ എന്റെ വളരെ ചെറുപ്പത്തിലെ ഒരു അനുഭവം പറയാം. പതിമൂന്നാം വയസില്‍ കാസനോവ അനൗണ്‍സ് ചെയ്ത സമയം. അന്ന് സോഷ്യല്‍ മീഡിയയില്ല. മാസികളാണുള്ളത്. ഏതോ ഒരു മാസികയില്‍ എന്റെ നമ്പര്‍ കൊടുത്തു. അന്ന് ഒരാളെക്കുറിച്ച് എഴുതുമ്പോള്‍ ചിലപ്പോള്‍ കൂടെ നമ്പറും കൊടുക്കും. അങ്ങനെ എന്റെ നമ്പറും കൊടുത്തിരുന്നു. അത്രയും നാള്‍ ആളുകള്‍ എങ്ങനെയാണെന്നും എനിക്ക് അറിയില്ലായിരുന്നു. ഒരു ദിവസം വീട്ടിലേക്കൊരു കോള്‍ വന്നു.
ഗൗരിയല്ലേ, ഒരു സംശയം ചോദിക്കാനാണെന്ന് പറഞ്ഞു. എന്നിട്ട് അയാള്‍ വളരെ വള്‍ഗര്‍ ആയൊരു ചോദ്യം എന്നോട് ചോദിച്ചു. എനിക്ക് ഇതെന്താണെന്ന് പോലും മനസിലായില്ല. ഞാന്‍ കുറച്ച് നേരം സ്റ്റക്കായി. എന്താണ് ചോദിച്ചതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ വീണ്ടും അത് തന്നെ ചോദിച്ചു. ഞാനിങ്ങനെ എന്താണ് സംഭവിക്കുന്നതെന്ന് ആലോചിച്ച് നില്‍ക്കുമ്പോഴാണ് അമ്മ വരുന്നത്. ആരോ വിളിച്ച് എന്തോ ചോദിക്കുന്നുവെന്ന് ഞാന്‍ പറഞ്ഞു.
പതിമൂന്ന് വയസുള്ള കാലം മുതല്‍ വള്‍ഗാരിറ്റി, അല്ലെങ്കില്‍ അപമര്യാദയായുള്ള സംസാരം, നമ്മളെ താഴ്ത്തിക്കെട്ടിയുള്ള സംസാരത്തിനൊക്കെയുള്ള ഇന്‍ട്രോഡക്ഷന്‍ എനിക്ക് കിട്ടിയിട്ടുണ്ട്. അതൊരു നല്ല കാര്യമല്ല. പക്ഷെ അത് കഴിഞ്ഞ് ഒരുപാട് ടൈം കിട്ടി. ഈ വര്‍ഷം എനിക്ക് 31 വയസാകും. ഈ കാലത്തിന് ഇടയ്ക്ക് എനിക്കുണ്ടായ വളരെ പതുക്കെയുള്ളൊരു വളര്‍ച്ചയാണ്. ആദ്യം ഒരാളാണ് എന്നെ മോശമായി പറഞ്ഞതെങ്കില്‍ പിന്നെയത് അഞ്ചു പേരായി, പത്ത് പേരായി, നൂറായി, ഇപ്പോള്‍ ആയിരങ്ങളായി. അതിനാല്‍ അതുനസരിച്ച് ടെമ്പറേച്ചര്‍ സെറ്റ് ചെയ്യാന്‍ എനിക്ക് സമയം കിട്ടിയിട്ടുണ്ടെന്നും ഗൗരി പറയുന്നു.
അജിതാഹരെ വന്ന ശേഷം തെറി വിളിയുടെ ഗ്രാഫ് പെട്ടെന്ന് കൂടിയിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ അതിനോട് യൂസ്ഡ് ആയി. ആളുകള്‍ക്ക് പരിചയമില്ലാത്തൊരു കാര്യം ചെയ്യുമ്പോള്‍ അതിനോട് പ്രതിരോധമുണ്ടാകും. ആരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അയ്യോ എനിക്കിതൊന്നും താങ്ങാന്‍ വയ്യേന്ന് പറഞ്ഞാല്‍, നിങ്ങള്‍ മാറ്റമുണ്ടാക്കാന്‍ പോകരുത്. വ്യത്യസ്തമായത് ചെയ്താല്‍ ഉറപ്പായിട്ടും ചീത്ത കേള്‍ക്കും. അതിന്റെ ഭാഗമാണത്. അത്രയേയുള്ളൂവെന്നാണ് ഗൗരി പറയുന്നത്.

ചിലര്‍ക്ക് അതൊന്നും തീരെ താങ്ങാന്‍ പറ്റില്ല. സൈബര്‍ അറ്റാക്ക് വളരെ മോശമായ കാര്യമാണ്. പക്ഷെ ഞാന്‍ ഇങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്. പബ്ലിക് പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്നതിന്റെ ഭാഗമാണിത്. നമുക്ക് ഒന്നും ചെയ്യാനാകില്ല. ഈയ്യടുത്ത് പഴയൊരു നടിയുടെ അഭിമുഖം കണ്ടു. ഷൂട്ട് ചെയ്യുന്നത് കാണാന്‍ വരുന്ന ആളുകള്‍ ഉറക്കെ വിളിച്ചു പറയുകയാണെന്നാണ് പറഞ്ഞതെന്ന് ഗൗരി ചൂണ്ടിക്കാണിക്കുന്നു.
ഇത് സോഷ്യല്‍ മീഡിയയുടെ മാത്രം പ്രശ്‌നമല്ല. എല്ലാകാലത്തും ആളുകളുടെ ഫ്രസ്റ്റ്രേഷന്‍ ഓരോ രീതിയില്‍ പുറത്ത് വരുന്നതാണ്. പ്രശ്‌നക്കാര്‍ എല്ലാ കാലത്തും ഉണ്ടാകും. അത് നിങ്ങളുടേതായ രീതിയില്‍ ഡീല്‍ ചെയ്യുക. ലീഗലി മൂവ് ചെയ്യണമെങ്കില്‍ അത് ചെയ്യാം. അത് നിങ്ങളുടെ ചോയ്‌സാണ്. എത്ര കുടത്തിന്റെ വായ അടച്ചു കെട്ടിയാലും മനുഷ്യന്റെ വായ അടക്കാനാകില്ല എന്നാണല്ലോ പറയുകയെന്നും ഗൗരി പറയുന്നു.


Click it and Unblock the Notifications