'നന്ദന മോളെ.. നീയില്ലാതെ ജീവിതം മുന്നോട്ട് നീങ്ങുകയാണ്, ഹൃദയം നിറയെ നിന്റെ ഓർമകളാണ്'; മകളുടെ ഓർമയിൽ ചിത്ര!
ഇന്ത്യൻ സംഗീത ലോകത്ത് മലയാളത്തിന്റെ അഭിമാനമായി മാറിയ ഗായികയാണ് കെ എസ് ചിത്ര. ഓരോ മലയാളികളുടെയും ഇഷ്ട ഗാനങ്ങളിൽ ഒന്നെങ്കിലും ചിത്രയുടേതാകും. കഴിഞ്ഞ കുറേയേറെ വര്‍ഷങ്ങളായി മലയാളികളുടെ പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും വേദനയിലുമെല്ലാം കൂട്ടായി ചിത്രയുടെ ശബ്ദവുമുണ്ട്. അതുകൊണ്ട് തന്നെയാണ് മലയാളികൾ തങ്ങളുടെ പ്രിയ ഗായികയെ വാനമ്പാടി എന്ന് വിളിക്കുന്നത്.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ബംഗാളിയിലും ഒറിയയിലുമെല്ലാം പാട്ടുകള്‍ പാടി കയ്യടി നേടിയിട്ടുണ്ട് ചിത്ര. ഇതിനു പുറമെ കൈനിറയെ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ചിത്രയെ തേടി എത്തിയിട്ടുണ്ട്. എന്നാൽ ഇതിനേക്കാളൊക്കെ ഏറെ കെ എസ് ചിത്രയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതും വിലമതിക്കാനാവാത്തതുമായ സമ്പാദ്യമായിരുന്നു ഏക മകൾ നന്ദന.

ഒരുപാട് നാളത്തെ പ്രാർഥനകളുടെ ഫലമായി ലഭിച്ച ആ കണ്മണിയെ ചിത്രയ്ക്ക് അകാലത്തിൽ നഷ്ടപ്പെട്ടിട്ട് ഇന്ന് 12 വർഷമാവുകയാണ്. ഇന്നും മകളുടെ വേർപാടിന്റെ വേദനയിൽ കഴിയുകയാണ് ചിത്ര. ഇപ്പോഴിതാ, മകൾ നന്ദനയുടെ ഓർമദിനത്തിൽ ചിത്ര സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്. വികാരനിർഭരമായ ഒരു കുറിപ്പാണ് ചിത്ര പങ്കുവച്ചിരിക്കുന്നത്. മനസ്സു നിറയെ മകളെക്കുറിച്ചുള്ള ഓർമകളാണെന്നും അത് എന്നും മായാതെ നിലനിൽക്കുമെന്നും ചിത്ര കുറിച്ചു.
'ഞങ്ങളുടെ ഹൃദയം നിറയെ നിന്നെക്കുറിച്ചുള്ള ഓർമകളാണ്. അഭിമാനത്തോടെ ഞങ്ങൾ നിന്നെക്കുറിച്ചു സംസാരിക്കുന്നു. നീയില്ലാതെ ജീവിതം മുന്നോട്ടു നീങ്ങുകയാണ്. അത് ഒരിക്കലും ഒരുപോലെയായിരിക്കില്ല. ഞങ്ങളുടെ പ്രിയപ്പെട്ട നന്ദനമോളെ സ്നേഹത്തോടെ സ്മരിക്കുന്നു', എന്നാണ് ചിത്രയുടെ വാക്കുകൾ.
നിരവധി പേരാണു ചിത്രയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. ചിത്രയെ ആശ്വസിപ്പിച്ചു കൊണ്ടുള്ള കുറിപ്പുകളാണ് ഏറെയും. ചിത്രയെ സ്നേഹിക്കുന്നവരുടെ മനസിലടക്കം ഒരു വിങ്ങലായി നന്ദനയുണ്ടെന്ന് കമന്റുകളിൽ കാണാം. അതേസമയം, മകളുടെ എല്ലാ പിറന്നാളിനും ഓർമ ദിനത്തിലും ചിത്ര മകളെ കുറിച്ച് കുറിപ്പ് പങ്കുവയ്ക്കാറുണ്ട്. ആ നൊമ്പരക്കുറിപ്പുകൾ ആരാധകരെയും വേദനിപ്പിക്കാറുണ്ട്. മകളുടെ കഴിഞ്ഞ പിറന്നാളിന് ചിത്ര പങ്കുവച്ച പോസ്റ്റ് വൈറലായി മാറിയിരുന്നു.
'നീ മാലാഖമാർക്കിടയിൽ സുരക്ഷിതയാണെന്ന് അറിയാമെങ്കിലും നിന്നെ എനിക്ക് മിസ് ചെയ്യുന്നുവെന്നാണ് മകളുടെ പിറന്നാൾ ദിനത്തിൽ കെ.എസ് ചിത്ര സോഷ്യൽമീഡിയയിൽ കുറിച്ചത്. നീ മാലാഖമാരോടൊപ്പം സ്വർഗത്തിൽ ജന്മദിനം ആഘോഷിക്കൂ... എല്ലായിടത്തും സ്നേഹിക്കുക.... വർഷങ്ങൾ കടന്നുപോകുന്നു.... നിനക്ക് ഒരിക്കലും പ്രായമാകില്ല.'
'നീ അകലെയാണെങ്കിലും നീ സുരക്ഷിതരാണെന്ന് എനിക്കറിയാമെങ്കിലും ഇന്ന് ഞാൻ നിന്നെ സ്നേഹിക്കുകയും മിസ് ചെയ്യുകയും ചെയ്യുന്നു. എന്റെ പ്രിയപ്പെട്ട നന്ദനയ്ക്ക് ജന്മദിനാശംസകൾ' എന്നായിരുന്നു കെ.എസ് ചിത്ര കുറിച്ചത്. മകളുടെ അസാന്നിധ്യം ഏൽപ്പിക്കുന്ന വേദനയെക്കുറിച്ച് മുൻപ് പല അഭിമുഖങ്ങളിലും ചിത്ര തുറന്ന് പറഞ്ഞിട്ടുണ്ട്.

വിവാഹം കഴിഞ്ഞ് പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 2002 -ലാണ് ചിത്രയ്ക്കും ഭർത്താവ് വിജയ്ശങ്കറിനും പെൺകുഞ്ഞ് ജനിക്കുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രം പുറത്തിറങ്ങിയതിന് ശേഷമായിരുന്നു മകളുടെ ജനനം. അതുകൊണ്ടുതന്നെ കൃഷ്ണ ഭക്തയായ ചിത്ര കുഞ്ഞിന് നന്ദന എന്ന് പേരിടുകയായിരുന്നു. എന്നാൽ ഇരുവരുടെയും സന്തോഷങ്ങളും ആഘോഷങ്ങളും അധികനാൾ നീണ്ടു നിന്നില്ല.
2011 ലെ ഒരു വിഷു നാളിൽ ദുബായിയിലെ വില്ലയിൽ നീന്തൽക്കുളത്തിൽ വീണ് നന്ദന മരിക്കുകയായിരുന്നു. ഒമ്പത് വയസ്സായിരുന്നു അന്ന് നന്ദനയ്ക്ക് പ്രായം. ഒരു സ്പെഷ്യൽ ചൈൽഡ് കൂടി ആയിരുന്നു നന്ദന. മകളുടെ മരണം തീർത്ത ആഘാതത്തിൽ നിന്ന് പതിയെ പതിയെയാണ് ചിത്ര മുക്തയായത്.


Click it and Unblock the Notifications