'ഉറക്കം നടിക്കുന്നവരെ ഉണർത്താൻ ദൈവം വിചാരിച്ചാലും ബുദ്ധിമുട്ടാവും, ഇത്രയെങ്കിലും പറയണം...!'; വിജയ് മാധവ്
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദേവിക നമ്പ്യാരും വിജയ് മാധവും. സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ദേവിക. ജനപ്രീയ സംഗീത റിയാലിറ്റി ഷോയായ സ്റ്റാര്‍ സിംഗറിലൂടെയാണ് വിജയ് മാധവ് ശ്രദ്ധനേടുന്നത്. ഇന്ന് ഗായകനായും സംഗീത സംവിധായകനായുമൊക്കെ അറിയപ്പെടുന്ന ആളാണ് വിജയ്. കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹിതരായത്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് ഇവർക്കുള്ളത്.
വിവാഹശേഷം പാട്ടും അഭിനയവും വ്ലോഗിങ്ങും കുക്കിങുമെല്ലാമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ് ദേവികയും വിജയ് മാധവും. ഗർഭിണിയായതോടെ അഭിനയത്തിൽ നിന്നും ഇടവേള എടുത്ത് ദേവിക വിജയ്‌ക്കൊപ്പം വ്ലോഗിൽ സജീവമാവുകയായിരുന്നു. കുഞ്ഞതിഥിയുടെ വരവും അതിനു ശേഷമുള്ള വിശേഷങ്ങളുമെല്ലാം ഇവർ ആരാധകരുമായി പങ്കുവെച്ചിരുന്നു. എന്നും എന്തെങ്കിലും പുതിയ വിശേഷങ്ങളുമായി ഇരുവരും എത്താറുണ്ട്.

ഇപ്പോഴിതാ നടൻ സുരേഷ് ഗോപിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വിജയ് മാധവ് പങ്കുവച്ച ചിത്രവും കുറിപ്പുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സ്വാമി വിവേകാനന്ദന്റെ വാക്കുകൾ പങ്കുവെച്ചുകൊണ്ടാണ് വിജയ് നടന് പരോക്ഷ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. "സ്വാമി വിവേകാനന്ദൻ പറഞ്ഞ വാക്കുകൾ ഓർമയുള്ളത് കൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല... ഉറക്കം നടിക്കുന്നവരെ ഉണർത്താൻ ദൈവം വിചാരിച്ചാലും ബുദ്ധിമുട്ടാവും... ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ എന്നോട് തന്നെ ചെയ്യുന്ന ഏറ്റവും വലിയ തെറ്റായി പോവും! എല്ലാവർക്കും ഒരുപാട് സ്നേഹം സന്തോഷം. ശുഭരാത്രി" വിജയ് മാധവ് കുറിച്ചു.
സുരേഷ് ഗോപിയ്ക്കും ഭാര്യ രാധികയ്ക്കും ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് വിജയുടെ കുറിപ്പ്. ദേവിക നമ്പ്യാരും ചിത്രത്തിലുണ്ട്. നിരവധിപേരാണ് വിജയുടെ പോസ്റ്റിൽ സുരേഷ് ഗോപിയെ പിന്തുണച്ച് കമന്റ് ചെയ്യുന്നത്. സുരേഷ് ഗോപിയും കുടുംബവുമായി വളരെ അടുത്ത ബന്ധം സൂസഖിക്കുന്നവരാണ് ദേവികയും വിജയ് മാധവും. ഈ കഴിഞ്ഞ വിഷുവിന് സുരേഷ് ഗോപിയിൽ നിന്നും സർപ്രൈസ് ആയി ലഭിച്ച വിഷുകൈനീട്ടത്തെ കുറിച്ചുള്ള വീഡിയോ വിജയ് മാധവ് ഷെയർ ചെയ്തിരുന്നു.
കൂടാതെ പങ്കെടുക്കുന്ന അഭിമുഖങ്ങളിലെല്ലാം ദേവികയും വിജയും സുരേഷ് ഗോപിയും കുടുംബവുമായുള്ള ബന്ധത്തെക്കുറിച്ച് വാചാലരാകാറുണ്ട്. ദേവിക ഗർഭിണി ആണെന്ന് അറിയിച്ചപ്പോൾ ഏറ്റവും അധികം എക്സൈറ്റഡ് ആയവരിൽ രണ്ടുപേർ സുരേഷ് ഗോപിയും ഭാര്യ രാധികയും ആയിരുന്നു എന്നാണ് മുൻപൊരു അഭിമുഖത്തിൽ ദേവിക പറഞ്ഞത്. സ്വന്തം വീട്ടിലെ മുതിർന്ന ഒരാൾ കാത്തിരിക്കുന്ന പോലെ ആയിരുന്നു അവരുടെ രണ്ടുപേരുടെയും സന്തോഷമെന്നും ദേവിക പറഞ്ഞിരുന്നു.

അദ്ദേഹം ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് അത് പറഞ്ഞത്, ആ ഭക്ഷണത്തിൽ നിന്നും ഇത്തിരി തന്റെ വായിലേക്ക് വച്ചുതന്നിട്ട് ഇത് നിനക്ക് അല്ല, നിന്റെ ഉള്ളിലുള്ള ആൾക്കാണ് എന്ന് പറഞ്ഞു. ആ നിമിഷത്തിൽ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു പോയി എന്നാണ് ദേവിക പറഞ്ഞത്. മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയതിന്റെ പേരിൽ സുരേഷ് ഗോപിക്ക് എതിരെ കോഴിക്കോട് നടക്കാവ് പോലീസ് കേസ് എടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി വിജയ് മാധവ് എത്തിയിരിക്കുന്നത്.
കോഴിക്കോട് മാധ്യമങ്ങളെ കാണുന്നതിനിടയിൽ ചോദ്യം ചോദിച്ച വനിതാ റിപ്പോർട്ടറുടെ തോളിൽ അനുവാദമില്ലാതെ പിടിക്കുകയായിരുന്നു സുരേഷ് ഗോപി. ആദ്യ തവണ തന്നെ മാധ്യമപ്രവർത്തക അതിൽ അസ്വസ്ഥയായി കൈ മാറ്റാൻ ശ്രമിച്ചെങ്കിലും നടൻ വീണ്ടും തോളിൽ പിടിച്ചു. തുടർന്ന് മാധ്യമപ്രവർത്തക നടന്റെ കൈകൾ എടുത്തു മാറ്റുകയായിരുന്നു. നടന്റെ ഈ പ്രവർത്തിക്കെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. നടനെ ന്യായീകരിച്ചും പിന്തുണ പ്രഖ്യാപിച്ചും ചിലർ എത്തുന്നുണ്ട്.


Click it and Unblock the Notifications