എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം നിന്റെ വരവാണ്, എന്റെ മഹാറാണി; ഭാര്യയെ കുറിച്ച് വിധു പ്രതാപ്!
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് വിധു പ്രതാപും ഭാര്യ ദീപ്തിയും. മനോഹരമായ ഗാനങ്ങളിലൂടെയാണ് വിധു പ്രതാപ് മലയാളികളുടെ മനസിൽ ഇടം നേടിയതെങ്കിൽ നൃത്തത്തിലൂടെയാണ് ദീപ്തി ആസ്വാദകരുടെ ഹൃദയം കീഴടക്കിയത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ഇരുവരും. നല്ല ഹ്യൂമർസെൻസുള്ള ഇവരുടെ യുട്യൂബ്, ഇൻസ്റ്റഗ്രാം വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ വലിയൊരു ആരാധകവൃന്ദം തന്നെയാണുള്ളത്.
2008 ഓഗസ്റ്റ് 20നാണ് ഇവരുടെ വിവാഹം നടന്നത്. ദീപ്‌തി നർത്തകി എന്നതിലുപരി ഒരു അവതാരക കൂടിയാണ്. അതേസമയം, പാദമുദ്ര എന്ന സിനിമയിലൂടെയാണ് വിധു പ്രതാപ് പിന്നണി ഗാനരംഗത്ത് തുടക്കം കുറിക്കുന്നത്. എന്നാൽ ദേവദാസി എന്ന ചിത്രത്തിലെ പൊൻ വസന്തം എന്ന ഗാനം ആലപിച്ച ശേഷമാണ് വിധു അറിയപ്പെടാൻ തുടങ്ങിയത്.

പിന്നീട് 1999 ൽ തന്നെ പുറത്തിറങ്ങിയ നിറം എന്ന ചിത്രത്തിലെ ശുക്‌രിയ എന്ന ഗാനം വിധുവിന് കൂടുതൽ ആരാധകരെ സമ്മാനിക്കുകയായിരുന്നു. പിന്നീട് അങ്ങോട്ട് നമ്മൾ ഉൾപ്പടെ നിരവധി സിനിമകളിൽ ഹിറ്റ് ഗാനങ്ങൾ ആലപിച്ച് വിധു പ്രതാപ് മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറുകയായിരുന്നു. സ്റ്റേജ് ഷോകളിലും താരം തിളങ്ങിയിരുന്നു.
ഇപ്പോൾ മഴവിൽ മനോരമയിലെ സൂപ്പർ ഫോർ അടക്കമുള്ള മ്യൂസിക് റിയാലിറ്റി ഷോയിൽ വിധികർത്താവായി എത്തിയും വിധു പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയിട്ടുണ്ട്. വിധുവിനുള്ള ജനപ്രീതിയിൽ വലിയ മാറ്റമാണ് റിയാലിറ്റി ഷോയിലൂടെയും ഒപ്പം തങ്ങളുടെ യൂട്യൂബ് ചാനലുകളിലൂടെയും ലഭിച്ചത്. ലോക്ക്ഡൗൺ കാലഘട്ടത്തിലാണ് ഇവർ യൂട്യൂബ് ചാനൽ ആരംഭിച്ചത്. അന്ന് മുതൽ തങ്ങളുടെ ഓരോ വിശേഷങ്ങളും ഇവർ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്ന വിശേഷങ്ങൾ ഉൾപ്പെടെ വൈറലായി മാറാറുണ്ടായിരുന്നു.
ഇപ്പോഴിതാ ഭാര്യ ദീപ്‌തിക്ക് പിറന്നാളാശംസകൾ നേർന്നു കൊണ്ടുള്ള വിധുവിന്റെ പോസ്റ്റ് വൈറലായി മാറുകയാണ്. 'എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം നിന്റെ വരവാണ്. എന്റെ രാജ്യത്തെ റാണിയാണ് നീ. ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ്,' എന്ന് കുറിച്ചു കൊണ്ട് ദീപ്തിയോട് ചേര്‍ന്നു നിന്നുള്ള ഒരു ചിത്രം പങ്കുവച്ചു കൊണ്ടാണ് വിധു ആശംസകൾ അറിയിച്ചിരിക്കുന്നത്. ഇവരുടെ സുഹൃത്തുക്കളും ആരാധകരും എല്ലാം പോസ്റ്റിന് താഴെ ദീപ്തിക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.
അടുത്തിടെ ഒരു അഭിമുഖത്തിൽ തങ്ങളുടെ വിജയകരമായ ദാമ്പത്യ ജീവിതത്തെ കുറിച്ച് വിധു പ്രതാപ് മനസ് തുറന്നിരുന്നു. സന്തോഷിക്കാനുള്ള കാരണങ്ങള്‍ അലഞ്ഞ് പോവുന്ന ക്യാരക്ടറല്ല ഞങ്ങളുടേത്. പരസ്പരം മനസിലാക്കി, സ്‌പേസ് കൊടുത്ത് മുന്നേറുന്നവരാണ് രണ്ടു പേരും. ഒരാള്‍ ഡാന്‍സും മറ്റേയാള്‍ പാട്ടും ആയതിനാല്‍ അങ്ങനെയധികം വഴക്കിനും സാധ്യതയില്ല. പലപ്പോഴും വീഡിയോ ചെയ്യാനായി സ്‌ക്രിപ്റ്റ് ഒരുക്കുന്നതിനിടയിലാണ് അടി ഉണ്ടാവാറുള്ളത് എന്നുമാണ് വിധു പറഞ്ഞത്.

ദീപ്തിയെ വിവാഹം ചെയ്യാനായി തീരുമാനിച്ചത് താനെടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്നാണെന്നും വിധു മുന്‍പ് പറഞ്ഞിട്ടുണ്ട്. ഷോപ്പിംഗിനൊക്കെ വിധു ചേട്ടന്‍ കൂടെ വരും. ഫുഡ് മേടിച്ച കൊടുക്കണം എന്ന ഒരൊറ്റ കണ്ടീഷനേ ആൾക്കുള്ളു. കുടുംബജീവിതത്തില്‍ സംതൃപ്തരാണ് തങ്ങളെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.
അടുത്തിടെ തങ്ങളുടെ യൂട്യൂബ് ചാനലിലെ ക്യൂ ആൻഡ് എയിൽ കുട്ടികളില്ലാത്തതില്‍ വിഷമിച്ചിരിക്കുന്നവരല്ല തങ്ങളെന്ന് വിധുവും ദീപ്‌തിയും വ്യക്തമാക്കിയിരുന്നു. സന്തോഷത്തോടെ ജീവിതം ആസ്വദിച്ച് മുന്നേറുന്നവരാണ് ഞങ്ങൾ. കുത്താന്‍ വേണ്ടിയും അറിയാന്‍ വേണ്ടിയുമൊക്കെയായി പലരും ഞങ്ങളോട് കുഞ്ഞുങ്ങള്‍ ആയില്ലേ എന്ന് ചോദിക്കാറുണ്ട്. സ്‌നേഹത്തോടെ ചോദിക്കുന്നവരുമുണ്ട്. ഇപ്പോള്‍ എന്തായാലും ഇല്ല എന്നായിരുന്നു വിധു വീഡിയോയിൽ പറഞ്ഞത്.


Click it and Unblock the Notifications











