വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും നടക്കുന്നുണ്ട്! ഗായികയെ ചേർത്തുവന്ന ഗോസിപ്പിനെ കുറിച്ചും വിജയ്
മലയാളികൾക്ക് പ്രിയപ്പെട്ട ഗായകനാണ് വിജയ് യേശുദാസ്. ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ മകനായ വിജയ് അച്ഛന്റെ പാത പിന്തുടർന്ന് പിന്നണി ഗാനരംഗത്തേക്ക് എത്തുകയായിരുന്നു. അധികം വൈകാതെ തന്നെ തെന്നിന്ത്യൻ സിനിമ പിന്നണി ഗാനരംഗത്ത് തന്റേതായ ഒരിടം കണ്ടെത്താനും വിജയ്ക്കായി. അതിനിടെ നിരവധി പുരസ്‌കാരങ്ങളും വിജയിയെ തേടിയെത്തിയിട്ടുണ്ട്. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെയായി നിരവധി ഹിറ്റ് ഗാനങ്ങളും വിജയ് യേശുദാസ് ആലപിച്ചിട്ടുണ്ട്.
എന്നാൽ ഇപ്പോഴിതാ, യേശുദാസിന്റെ മകനാണെന്ന് സ്വയം പറഞ്ഞുകൊണ്ട് നടന്നിട്ട് കാര്യമില്ല, നമുക്ക് എങ്ങും എത്താനാകില്ലെന്ന് പറയുകയാണ് ഗായകൻ വിജയ് യേശുദാസ്. ഇത്രയും വലിയൊരു മനുഷ്യന്റെ മകനാണെന്ന് പറഞ്ഞുകൊണ്ട് നടന്നു കഴിഞ്ഞാൽ നമുക്ക് പിന്നെ ജീവിക്കാനാകില്ല, കരിയറിനായി നമ്മൾ തന്നെ പരിശ്രമിക്കണം എന്നാണ് വിജയ് പറയുന്നത്. ജമേഷ് ഷോയിൽ തന്റെ പുതിയ സംരഭത്തെ കുറിച്ചും തന്റെ സംഗീത വിശേഷങ്ങളും പങ്കുവയ്ക്കുന്നതിനിടയിലാണ് വിജയ് ഇക്കാര്യം പറഞ്ഞത്.

വളരെ ചെറിയ പ്രായത്തിൽ തന്നെ സംഗീതമാണ് തന്റെ ലോകമെന്ന് തിരിച്ചറിഞ്ഞിരുന്നുവെന്നും വിജയ് പറയുന്നു. ചെറുപ്പം മുതൽ അപ്പയുടെ സംഗീതം കേട്ട് വളർന്നതുകൊണ്ടാകാം ആ ഇഷ്ടം കുഞ്ഞിലേ ഉണ്ടായിരുന്നൂ. സ്‌കൂൾ കാലഘട്ടത്തിൽ അമേരിക്കയിലേക്ക് പോയപ്പോഴും ഇഷ്ടം മനസ്സിലുണ്ടായിരുന്നു. എങ്കിലും ഹൈസ്‌കൂൾ കാലഘട്ടം മുഴുവൻ പഠനത്തിൽ ആയിരുന്നു ശ്രദ്ധ. പിന്നെ അവിടെ തന്നെ പിയാനോ ഒഡിഷനിലൂടെ ഒരു കോളേജിൽ അഡ്മിഷനും ആയി.
അവിടെവെച്ച് വോക്കൽ ട്രെയിനിങ് സ്റ്റാർട്ട് ചെയ്തപ്പോഴാണ് തന്റെ ഉള്ളിലെ ഗായകനെ തിരിച്ചറിയുന്നതെന്ന് വിജയ് പറഞ്ഞു. നെപ്പോട്ടിസം ഉണ്ടായിട്ടുണ്ടെന്നും യേശുദാസിന്റെ മകനായത് കൊണ്ട് മാത്രം തനിക്ക് ലഭിച്ച അവസരങ്ങൾ ഉണ്ടെന്നും വിജയ് പറഞ്ഞു. അത് എല്ലാ സ്റ്റാർ കിഡ്സിനും ലഭിക്കുന്ന അവസരമാണ്. പക്ഷെ അത് എത്രകാലം നിലനിർത്താൻ കഴിയുമെന്നതിലാണ് കാര്യം.
ആരുടെ മകനാണെന്ന് പറഞ്ഞാലും നമ്മുടെ കഴിവുകൾ പ്രയോജനപ്പെടുത്തിയില്ലെങ്കിൽ കാര്യമില്ലെന്നും താരം പറഞ്ഞു. ഇപ്പോൾ 23 വർഷമായി താൻ സംഗീത ലോകത്തുണ്ട്, ഇനി ബാക്കി ഉള്ള 20 വർഷവും പാടുമെന്നതിൽ ഒരു ഉറപ്പുമില്ലെന്നും വിജയ് പറഞ്ഞു.
തന്റെ പേരിൽ വന്ന ഗോസ്സിപ്പുകളിലും വിജയ് പ്രതികരിക്കുന്നുണ്ട്. ഒരിക്കൽ ഒരു ഗായികയുമായി ലിവിങ് റിലേഷനിൽ ആണെന്ന് വാർത്തകൾ വന്നിരുന്നു. അത് സംബന്ധിച്ച ചോദ്യത്തിന് ആയിരുന്നു മറുപടി. അങ്ങനെയൊരു കാര്യം താൻ അറിഞ്ഞിട്ടില്ലെന്നാണ് വിജയ് പറഞ്ഞത്. തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും നടക്കുന്നുണ്ട്. അത് താനുമായി ഏറ്റവും അടുത്ത ആളുകൾക്ക് അറിയാം, മിക്കവാറും പേർക്ക് അറിയാം എന്നാണ് വിജയ് പറഞ്ഞത്.
'എന്റെ പേഴ്സണൽ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ഓപ്പണായി പറയാൻ ഞാൻ നിൽക്കുന്നില്ല. നമ്മുടെ കുടുംബത്തിനും, അല്ലേൽ നമ്മളെ സ്നേഹിക്കുന്നവരെയുമൊക്കെ ചിലപ്പോൾ വേദനിപ്പിക്കുന്നത് ആയിരിക്കാം അത്. എന്നെ കുറിച്ച് വരുന്ന മറ്റു കാര്യങ്ങൾ ഞാൻ ശ്രദ്ധിക്കാറില്ല. സോഷ്യൽ മീഡിയയിൽ ഒന്നും ആക്റ്റീവ് അല്ല ഞാൻ. ചിലരൊക്കെ അയച്ചു തരുമ്പോഴാണ് ഞാൻ പലതും അറിയുന്നത്,'

'ഒരിക്കൽ ഒരു മീറ്റിങ്ങിനായി പോകുമ്പോൾ ഈ പറഞ്ഞ ഗായികയും, ജ്യോത്സ്നയും എനിക്കൊപ്പം ഉണ്ടായിരുന്നു. തിരികെ വന്നപ്പോൾ ജ്യോത്സ്ന കൂടെ വന്നില്ല. ഞങ്ങൾ രണ്ടുപേരും മാത്രമായി. ഞങ്ങൾ ഭക്ഷണം കഴിക്കാനായി ഒരിടത് കയറി. അത് കാണുന്നവർക്ക് അത്രയും മതിയല്ലോ,'
'പിന്നാലെ അവരുടെ പിറന്നാൾ വന്നപ്പോൾ ഞാൻ ആ ഗായികയയുടെ തോളിൽ കൈ ഇട്ടു നിൽക്കുന്ന ചിത്രങ്ങൾ പ്രചരിക്കാൻ തുടങ്ങി. പക്ഷെ ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. അത് ഞങ്ങളെ അറിയുന്നവർക്ക് അറിയാം,' വിജയ് യേശുദാസ് പറഞ്ഞു. അതേസമയം, വ്യക്തി ജീവിതത്തിലെ പല കാര്യങ്ങളും എന്ന് വിജയ് ഉദ്ദേശിച്ചത് വിവാഹ ബന്ധത്തിലെ താളപ്പിഴകളെ കുറിച്ചാണ് സൂചന. ഭാര്യ ദർശനയുമായി അകന്നു കഴിയുകയാണെന്ന് വിജയ് കുറച്ചു നാൾ മുൻപ് തുറന്നു പറഞ്ഞിരുന്നു.


Click it and Unblock the Notifications