അലി ഇമ്രാനെ സ്വാമിയാക്കിയതും പോലീസുകാരനെ സിബിഐ ആക്കിയതും മമ്മൂട്ടി: എസ്എന്‍ സ്വാമി
മലയാള സിനിമയിലെ ഐക്കോണിക് കഥാപാത്രങ്ങളില്‍ ഒന്നാണ് സേതുരാമയ്യര്‍ സിബിഐ. മമ്മൂട്ടി എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്ന്. സിബിഐ എന്ന മൂന്നക്ഷരത്തെ മലയാളികള്‍ക്ക് ചിരപരിചിതമാക്കുന്നതില്‍ സിബിഐ പരമ്പര വഹിച്ച പങ്ക് ചില്ലറയല്ല. സിനിമകള്‍ കണ്ട് സിബിഐയ്യോട് തോന്നിയ ആരാധനയും മതിപ്പുമെല്ലാം കാരണം യഥാര്‍ത്ഥ കേസുകള്‍ സിബിഐയ്ക്ക് വിടാന്‍ ആവശ്യപ്പെടുന്നത് ഒരുകാലത്ത് പതിവായി മാറുക വരെ ചെയ്തിട്ടുണ്ട്.
1988 ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പില്‍ തുടങ്ങിയ ആ യാത്ര 2022 ലെ സിബിഐ ദ ബ്രെയിനില്‍ എത്തി നില്‍ക്കുകയാണ്. ഇതിനിടെ വന്നത് ആറ് സിനിമകള്‍. അവസാന സിനിമയടക്കം കൂട്ടത്തില്‍ ചിലത് പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും മലയാള സിനിമയിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസികളിലൊന്നായി മാറാന്‍ സിബിഐ പരമ്പരയ്ക്ക് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ സിബിഐ ഉണ്ടായ കഥ പറയുകയാണ് തിരക്കഥാകൃത്തായ എസ്എന്‍ സ്വാമി. താന്‍ ആദ്യം എഴുതിയ കഥയില്‍ നായകന്‍ പോലീസുകാരനായിരുന്നുവെന്നും അത് മാറ്റി സിബിഐ ആക്കിയത് മമ്മൂട്ടിയാണെന്നുമാണ് സ്വാമി പറയുന്നത്. തന്റെ കഥാപാത്രം അലി ഇമ്രാന്‍ ആയിരുന്നുവെന്നും അത് മാറ്റി സ്വാമിയാക്കിയതും മമ്മൂട്ടിയാണെന്നും സ്വാമി പറയുന്നുണ്ട്. പിന്നീട് മോഹന്‍ലാല്‍ അവതരിപ്പിച്ച, സൂപ്പര്‍ ഹിറ്റാക്കി മാറ്റിയ കഥാപാത്രമാണ് അലി ഇമ്രാന്‍ എന്ന പോലീസുകാരന്‍.
ഇരുപതാം നൂറ്റാണ്ട് കഴിഞ്ഞിട്ടാണ് സി.ബി.ഐ ഡയറിക്കുറിപ്പ് വരുന്നത്. ആദ്യം എഴുതിയത് ഒരു പോലീസുകാരന്റെ കഥയാണ്. കഥ കേട്ട മമ്മൂട്ടി കഥയെല്ലാം നല്ലതാണ്, നല്ല അന്വേഷണ ചിത്രം, പക്ഷേ പോലീസ് വേണ്ട എന്നാണ് പറഞ്ഞതെന്നാണ് സ്വാമി പറയുന്നത്. ഇതോടെ പോലീസില്ലാതെ എന്ത് കുറ്റാന്വേഷണം എന്ന് സ്വാമിയുടം ചോദിച്ചു. അതിന് മമ്മൂട്ടി നല്‍കിയ മറുപടി ''സ്വാമി ഞാന്‍ ആവനാഴി എന്ന ചിത്രം ചെയ്തില്ലേ, അതില്‍ ദാമോദരന്‍ മാഷുടെ അമ്പ് മുഴുന്‍ ഉണ്ട്. അതിന്റെ മുകളില്‍ സ്വാമി ശ്രമിച്ചാല്‍ നടക്കില്ല'' എന്നായിരുന്നു.
അതേസമയം, പോലീസിന് പകരം സിബിഐയെ കൊണ്ടുവരാനും മമ്മൂട്ടി പറഞ്ഞുവെന്നാണ് സ്വാമി പറയുന്നത്. എന്നാല്‍ അന്നെനിക്ക് സിബിഐയുടെ ഫുള്‍ഫോം പോലും അറിയില്ലായിരുന്നുവെന്നാണ് സ്വാമി പറയുന്നത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ വഴി പല സിബിഐ ഉദ്യോഗസ്ഥരെയും കണ്ടു, പരിചയപ്പെട്ടു അങ്ങനെ സിബിഐയെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കിയെന്നാണ് സ്വാമി പറയുന്നത്. ആ ധൈര്യത്തിലാണ് അദ്ദേഹം കഥയെഴുതുന്നത്.

പക്ഷെ അവിടെ തീര്‍ന്നില്ല. സ്വാമിയെഴുതിയ ആദ്യത്തെ കഥയിലെ നായകന്‍ അലി ഇമ്രാന്‍ ആയിരുന്നു. എന്നാല്‍ അത് വേണ്ട സ്വാമിയാക്കാം എന്ന് പറയുന്നത് മമ്മൂട്ടിയായിരുന്നുവെന്നാണ് സ്വാമി പറയുന്നത്. ''സ്വാമിയാക്കാം എന്ന് മാത്രമല്ല അയാളെക്കുറിച്ച് എന്റെ മുന്നില്‍ മമ്മൂട്ടി വിവരിച്ച് തന്നത് കേട്ട് ഞാന്‍ അന്തം വിട്ട് നിന്നിട്ടുണ്ട്. അങ്ങനെ കഥയെല്ലാം സെറ്റായി. പക്ഷേ ചുറ്റുപാടു നിന്നും എന്നെ എല്ലാവരും നിരുത്സാഹപ്പെടുത്തി. സ്വാമി പോലീസോ, അന്വേഷിക്കാന്‍ പോകുന്നോ.. എന്തൊക്കെയാണിത് എന്നൊക്കെ പറഞ്ഞ് നാലുപാടു നിന്നും നിരുത്സാഹപ്പെടുത്തലുകള്‍ വന്നു. എല്ലാവരും കൂടി എന്നെ പേടിപ്പിച്ചു'' എന്നാണ് സ്വാമി പറയുന്നത്.
എന്നാല്‍ ആരെന്ത് വേണമെങ്കിലും പറയട്ടെ നമ്മളിത് ചെയ്യുന്നു, ഇപ്പോഴുള്ള നിര്‍മാതാവിന് താത്പര്യം ഇല്ലെങ്കില്‍ പത്ത് നിര്‍മാതാവിനെ തനിക്ക് ഞാന്‍ തരാം എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണമെന്നാണ് സ്വാമി പറയുന്നത്. ആ വാക്കുകള്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ് ഒരു സിബിഐ ഡയറിക്കുറിപ്പ് ഇറങ്ങുന്നതെന്നും സ്വാമി പറയുന്നത്. പിന്നെയെല്ലാം ചരിത്രമാണ്. സേതുരാമയ്യരും സംഘവും ഇപ്പോഴും മലയാളികളെ ആവേശം കൊള്ളിച്ചു കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications