ആദ്യം ജിസ്മയോട് ഒന്നും ചോദിക്കണ്ട എന്ന് കരുതി; പിന്നീട് ഒരു ദിവസം അങ്ങനെയൊരു ഇഷ്ടം തോന്നി; വിമൽ പറയുന്നു
സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള താരദമ്പതികളാണ് ജിസ്‍മ ജിജിയും വിമലും. ടെലിവിഷൻ അവതാരകരായി കരിയർ ആരംഭിച്ച ഇരുവരും യൂട്യൂബിലൂടെയാണ് ആരാധകരെ സ്വന്തമാക്കുന്നത്. ജിസ്‍മ ആൻഡ് വിമൽ എന്ന യൂട്യൂബ് ചാനലിലൂടെ ഇവർ അവതരിപ്പിക്കുന്ന വെബ് സീരീസുകൾക്ക് വലിയ സ്വീകാര്യതയാണ് ഉള്ളത്. അവതാരകരായി ജോലി ചെയ്യുന്നതിനിടെയാണ് ഇവർ പ്രണയത്തിലാകുന്നത്.
പിന്നീട് ആങ്കറിങ് ജോലി ഉപേക്ഷിച്ച് ഇരുവരും ചേർന്ന് യൂട്യൂബ് ചാനൽ ആരംഭിക്കുകയായിരുന്നു. അഭിനയത്തോടും സിനിമയോടുമുള്ള ആഗ്രഹമാണ് ഇവരെ യൂട്യൂബ് ചാനലിലേക്ക് എത്തിച്ചത്. ആദ്യം ഫിറ്റ്നസ്സ് വീഡിയോകളുമായി എത്തി ആരാധകരെ നേടിയെടുത്ത ഇവർ പിന്നീട് വെബ് സീരീസുകളിലേക്ക് ചുവടു മാറ്റുകയായിരുന്നു. അതിനിടെ വിവാഹിതരാകാനുള്ള തീരുമാനവും ഇവർ എടുത്തു. ഒടുവിൽ കഴിഞ്ഞ ജനുവരിയിലാണ് ഇരുവരും വിവാഹിതരായി പുതിയ ജീവിതത്തിലേക്ക് കടന്നത്.

ദാമ്പത്യ ജീവിതം ആഘോഷിക്കുകയാണ് താരങ്ങൾ ഇപ്പോൾ. അതിനിടെ ഇവരുടെ പുതിയൊരു അഭിമുഖവും ശ്രദ്ധനേടുകയാണ്. ഇരുവരും പരിചയപ്പെട്ട് പ്രണയത്തിലായതിനെ കുറിച്ചും പരസ്പരമുണ്ടാകുന്ന വഴക്കുകൾ പരിഹരിക്കുന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ജിസ്മയും വിമലും. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസുതുറന്നത്.
'ഒരു മോശം ബ്രേക്കപ്പ് കഴിഞ്ഞ് ആറു വർഷം കഴിഞ്ഞാണ് ഞാൻ ജിസ്മയെ പരിചയപ്പെടുന്നത്. ആ സമയത്ത് ജിസ്മ ഒരു ടോക്സിക് റിലേഷൻഷിപ്പിലായിരുന്നു. ഞങ്ങൾ ആ സമയത്ത് നല്ല സുഹൃത്തുക്കളായിരുന്നു. എന്നാൽ മുൻപ് ഒരാളുടെ റിലേഷൻഷിപ്പ് കാര്യത്തിൽ ഇടപെട്ട് പണി കിട്ടിയത് കൊണ്ട് ഇനി ഇടപെടില്ലെന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു. ഒരാളെ സഹായിക്കാൻ പോയി അവസാനം നമ്മൾ തന്നെ വേദനിക്കേണ്ടി വന്ന അവസ്ഥയിലായി. അത് ഞങ്ങളുടെ ആരുടേയും പ്രശ്‌നമല്ല. റിലേഷൻഷിപ്പിന്റെ അവസ്ഥ അങ്ങനെയാണ്,'
'അതുകൊണ്ട് ജിസ്മയ്ക്ക് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഒന്നും ചോദിക്കാതെ ഇടയ്ക്ക് ചായ കുടിക്കാനൊക്കെ വിളിച്ചു കൊണ്ടുപോകുന്നതായിരുന്നു പതിവ്. അതിനിടെ ജിസ്മ ആ റിലേഷൻഷിപ്പ് വേണ്ടെന്ന് വച്ചു. അങ്ങനെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി, ഒരുമിച്ചു വർക്ക് ഒക്കെ ചെയ്ത് മുന്നോട്ട് പോകുന്ന സമയത്താണ് ഒരു ദിവസം അങ്ങനെയൊരു ഇഷ്ടം തോന്നുന്നത്. ഞങ്ങൾ രണ്ടു ടൈപ്പ് ആണ്. ജീവിതത്തെ കാണുന്ന രീതിയിലൊക്കെ വ്യത്യാസങ്ങളുണ്ട്', വിമൽ പറയുന്നു.

രണ്ടുപേരുടെയും വാല്യൂസ് വളരെ വ്യത്യസ്തമാണ്. എനിക്ക് നാട്ടിൻപുറം ചിന്താഗതിയാണെന്ന് വിമൽ എപ്പോഴും പറയാറുണ്ട്. ചില കാര്യങ്ങൾ എനിക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. വിമൽ പറഞ്ഞു തരുമ്പോഴാകും താൻ അത് മനസിലാക്കുകയെന്ന് ജിസ്മ പറയുന്നു. ഞാൻ കൂടുതൽ ഇൻഡിപെൻഡന്റായി ഇരിക്കുന്ന ആളാണ്. ജിസ്മയ്ക്ക് ഫാമിലിയൊക്കെയായി ഒരുമിച്ചു നിൽക്കുന്നതാണ് ഇഷ്ടം. അതേസമയം പരസ്പരം ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ കമ്പനി എൻജോയ് ചെയ്യുന്നുണ്ടെന്നും വിമൽ പറഞ്ഞു.
പരസ്‌പരം ഉണ്ടാകുന്ന പ്രശ്നങ്ങൾ സമയമെടുത്താണെങ്കിലും തുറന്നു സംസാരിച്ചാണ് തീർക്കാറുള്ളതെന്ന് ജിസ്മ വ്യക്തമാക്കി. അതിന് സമയമെടുക്കാറുണ്ട്. എന്നാലും ക്ഷമയോടെ ഇരുന്ന് പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ചെയ്യാറുള്ളതെന്ന് ജിസ്മ പറയുന്നു. ജിസ്മയാണ് പുറകെ നടന്ന് സംസാരിച്ചു സോൾവ് ചെയ്യാൻ മുൻകൈ എടുക്കാറുള്ളതെന്ന് വിമൽ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications