'മദ്യപിക്കുന്നവരെ എനിക്ക് ഭയങ്കര പേടിയാണ്; പേടിച്ച് കാട്ടിൽ ഒളിക്കേണ്ട അവസ്ഥ ആയിരുന്നു'; ആമി അശോകൻ
സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് ആമി അശോകന്‍. ടിക് ടോക്കിലൂടെ ശ്രദ്ധ നേടിയ താരം പിന്നീട് ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം സജീവമായി മാറുകയായായിരുന്നു. ഇന്ന് മോജ് അടക്കമുള്ള പ്ലാറ്റ്ഫോമുകളിലായി നിരവധി ആരാധകരാണ് ആമിയ്ക്ക് ഉള്ളത്. തന്റെ വിശേഷങ്ങളെല്ലാം യൂട്യൂബിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയുമൊക്കെയായി ആമി പങ്കുവയ്ക്കാറുണ്ട്. ആമിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
അതേസമയം ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് ആമി അശോകൻ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്. പലപ്പോഴായി ജീവിതത്തിൽ തനിക്ക് കടന്നു പോകേണ്ടി വന്നതിനെ കുറിച്ച് ആമി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മദ്യപിക്കുന്നവരെ തനിക്ക് പേടിയാണെന്ന് പറയുകയാണ് ആമി അശോകൻ. അതിന്റെ കാരണവും പങ്കുവയ്ക്കുന്നുണ്ട്. ജോഷ് ടോൾക്സിൽ സംസാരിക്കുകയായിരുന്നു താരം.

'അച്ഛൻ മദ്യപാനിയായിരുന്നു. മദ്യപിച്ച് വന്നാൽ അച്ഛനും അമ്മയും തമ്മിൽ എന്നും അടിയാണ്. അതുകൊണ്ട് മദ്യപിക്കുന്നവരെ എനിക്ക് ഭയങ്കര പേടിയാണ്. എന്റെ പങ്കാളിയായി എത്തുന്നയാൾ അങ്ങനെയുള്ള ഒരാളാകുമോ അമ്മയ്ക്ക് ഉണ്ടായപോലുള്ള അനുഭവങ്ങൾ എനിക്കുണ്ടാകുമോ എന്നൊക്കെയുള്ള ഭയം എനിക്കുണ്ട്. അതിനു കാരണമായ ഒരു അനുഭവമാണ് ഞാൻ പറയുന്നത്. അച്ഛൻ മദ്യപിച്ച് വന്നാൽ ഞങ്ങളെ ഒന്നും ചെയ്യാറുണ്ടായിരുന്നില്ല. അമ്മയെ ആണ് ഉപദ്രവിക്കുക. അമ്മ ആണെങ്കിൽ പ്രതികരിക്കും. അങ്ങനെ അമ്മയും അച്ഛനും എന്നും വാഴക്കായിരുന്നു',
'എന്റെ കുട്ടിക്കാലത്തൊക്കെ അയലത്തെ വീട്ടിലാണ് അമ്മ ഞങ്ങളെ കൊണ്ടുപോയി ഉറക്കുക. അച്ഛനും അമ്മയും അടിയുണ്ടാക്കും. ഞങ്ങൾ ഓടി കാട്ടിലൊളിക്കണം അല്ലെങ്കിൽ പുറത്തെ ബാത്‌റൂമിൽ ഉറങ്ങണം അല്ലെങ്കിൽ അടുത്ത വീട്ടിൽ പോണം എന്ന അവസ്ഥയായിരുന്നു. ഒരിക്കൽ പള്ളി പെരുന്നാൾ നടക്കുന്ന സമയം അച്ഛനും അമ്മയും തമ്മിൽ അടിയായി. എല്ലാവരും പള്ളിപ്പെരുന്നാൾ ആഘോഷിക്കുമ്പോൾ ഞങ്ങളുടെ വീട്ടിൽ വലിയ വഴക്കാണ്',
'അച്ഛൻ ഞരമ്പ് മുറിച്ചു. അമ്മ എന്നെയും ചേട്ടനെയും എടുത്തുകൊണ്ട് കാട്ടിൽ ഒളിച്ചു. പക്ഷെ അച്ഛൻ അങ്ങോട്ടും വരാൻ തുടങ്ങി. അങ്ങനെ അമ്മ ഞങ്ങളെയും കൊണ്ട് അവിടെയുള്ള ഒരു പഴയ വീടിന്റെ പുറത്തുള്ള ബാത്‌റൂമിൽ ഒളിച്ചു. അന്ന് ഞങ്ങൾ ചെറിയ കുട്ടികളാണ്. ഞങ്ങൾക്ക് ഉറക്കം വരുന്നുണ്ടായിരുന്നു. അമ്മ അമ്മയുടെ അടിപ്പാവാട ഊരി അത് വിരിച്ചു ഞങ്ങളെ അവിടെ കിടത്തി ഉറക്കുകയായിരുന്നു. അങ്ങനെയൊരു അവസ്ഥ വരെ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്', ആമി അശോകൻ ഓർമിച്ചു.

തന്റെ യഥാർത്ഥ പേര് അഭിരാമി അശോക് യാദവ് കെ എന്നാണ് വെളിപ്പെടുത്തിയ ആമി, കുട്ടിക്കാലത്ത് അനുഭവിച്ചിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ചും പറഞ്ഞു. 'ജീവിതത്തിൽ ഒരുപാട് അനുഭവങ്ങളിലൂടെ കടന്നുപോയ ശേഷമാണ് ഇന്ന് ഞാൻ നിങ്ങൾക്കുമുന്നിൽ ഇങ്ങനെ നിൽക്കുന്നത്',
'സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമായിരുന്നു എന്റേത്. സമൂഹത്തിൽ വലിയ വിലയൊന്നും ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. കഴിക്കാൻ ഭക്ഷണം ഉണ്ടാകും എന്നല്ലാതെ നല്ല വസ്ത്രങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മറ്റുള്ളവരുടെ വസ്ത്രങ്ങൾ ധരിച്ച് സ്‌കൂളിലും കോളേജിലുമൊക്കെ പോയിരുന്ന കുട്ടിക്കാലമാണ് എന്റേത്', ആമി അശോകൻ പറഞ്ഞു.


Click it and Unblock the Notifications