ആളുകൾക്ക് മുന്നിൽ തല ഉയർത്തി നിൽക്കണമെന്ന് എനിക്കുണ്ടായിരുന്നു; ഡിവോഴ്സ് എന്റെ തെറ്റുകൊണ്ട് സംഭവിച്ചതല്ല: ആമി
സോഷ്യൽ മീഡിയക്ക് സുപരിചിതയാണ് ആമി അശോകൻ. ടിക്ക് ടോക്കിലൂടെയാണ് ആമി താരമാകുന്നത്. പിന്നീട് ടിക്ക് ടോക്ക് നിരോധിച്ചുവെങ്കിലും മറ്റ് സോഷ്യല്‍ മീഡിയയിലൂടെ ആമി സമൂഹമാധ്യമങ്ങളിൽ സജീവമായി മാറുകയായിരുന്നു. മോജ്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം എന്നിവിടങ്ങളിലായി നിരവധിപേരാണ് ആമിയെ ഫോളോ ചെയ്യുന്നത്. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ എന്ന നിലയിലേക്ക് ആമി അശോകൻ എത്തി നിൽക്കുന്നത്.
വളരെ ചെറിയ പ്രായത്തിൽ വിവാഹിതയാകേണ്ടി വന്ന ആളാണ് ആമി. അധികം വൈകാതെ തന്നെ ആ ബന്ധം വേണ്ടെന്ന് വയ്‌ക്കേണ്ടിയും വന്നു. അതിനുശേഷമായിരുന്നു സോഷ്യൽ ലോകത്ത് താരം സാന്നിധ്യം അറിയിക്കുന്നതും താരമാകുന്നതും. എന്നാൽ അതിനിടയിൽ വിവാഹമോചിതയെന്ന പേരിൽ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു താരത്തിന്. ഇപ്പോഴിതാ അതേകുറിച്ചെല്ലാം സംസാരിക്കുകയാണ് ആമി അശോകൻ. ജോഷ് ടോക്‌സിലാണ് താരം മനസുതുറന്നത്.

'എനിക്കൊരു പതിനാറ് വയസ്സായപ്പോൾ കുടുംബം സാമ്പത്തികമായി വലിയ പ്രശ്നത്തിലായിരുന്നു. അച്ഛൻ ഒപ്പമില്ല, ഏട്ടന് ജോലിയില്ല, അമ്മയ്ക്ക് എന്നെ പഠിപ്പിക്കാനുള്ള നിവൃത്തി ഇല്ല. അങ്ങനെ ആ പ്രായത്തിൽ തന്നെ എന്റെ വിവാഹം ഉറപ്പിച്ചു. മൂന്ന്, നാല് വർഷം കഴിഞ്ഞ് വിവാഹം എന്നാണ് അന്ന് പറഞ്ഞിരുന്നത്. വിവാഹം നിശ്ചയിച്ച് നാല്പത്തഞ്ച് ദിവസം കഴിഞ്ഞപ്പോൾ അച്ഛൻ മരിച്ചു. അതോടെ അമ്മ തകർന്നു, അമ്മ ജോലിക്ക് പോകാതെയായി. തുടർന്ന് എന്റെ വിവാഹം വേഗം നടത്താൻ തീരുമാനിച്ചു. എനിക്ക് പഠിക്കണം ജോലി വാങ്ങണം എന്നൊക്കെ ആയിരുന്നു ആഗ്രഹം',
'വിവാഹം കഴിഞ്ഞാൽ അവർ പഠിപ്പിക്കും എന്ന ചിന്തയിൽ ഞാൻ അന്ന് വിവാഹത്തിന് സമ്മതിച്ചു. അങ്ങനെ പതിനെട്ട് വയസ് കഴിഞ്ഞ് പിറ്റേ മാസം എന്റെ വിവാഹം നടന്നു. ഇപ്പോൾ ഞാൻ ഡിവോഴ്‌സ്ഡ് ആണ്. അത് പറയാൻ എനിക്ക് ഒരു പ്രശ്നവുമില്ല. ഇതുകാരണം എന്നെ മോശം പറയുന്നവർ ഒരുപാട് ഉണ്ട്. യൂട്യൂബിൽ ഇന്നും ഇത്തരത്തിലുള്ള കമന്റുകൾ വരാറുണ്ട്. ടിക് ടോകിൽ നിറയെ മോശം കമന്റുകൾ ആയിരുന്നു. അതൊന്നും ഞാൻ മൈൻഡ് ചെയ്തിട്ടില്ല',
'വിവാഹം കഴിച്ചയാൾക്ക് എന്നേക്കാൾ പ്രായമുണ്ടായിരുന്നു. അയാളെ കുറിച്ച് കൂടുതൽ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അയാളിപ്പോൾ വിവാഹം കഴിച്ച് ഒരു കുട്ടിയൊക്കെയായി ജീവിക്കുകയാണ്. ഞാനും ഒരു പങ്കാളിയെ കണ്ടെത്തി അയാൾക്കൊപ്പം ജീവിക്കുന്നു. പക്ഷെ വിവാഹശേഷം എനിക്ക് അവിടെ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. വിവാഹം കഴിഞ്ഞ് രണ്ടു മാസത്തിനുള്ളിൽ ഞാൻ വീട്ടിലേക്ക് വന്നു. ജീവിതമാണ് അഡ്ജസ്റ്റ് ചെയ്യണമെന്ന് എല്ലാവരും പറഞ്ഞു',

'അങ്ങനെ ഞാൻ വീണ്ടും തിരിച്ചുപോയി. മെന്റലിയും ഫിസിക്കലിയുമായ ഒരുപാട് ബുദ്ധിമുട്ടുകൾ പിന്നെയും നേരിടേണ്ടി വന്നു. തുടർന്ന് ഞാൻ പോലീസ് കേസ് നൽകി, ഡിവോഴ്സ് വാങ്ങി. അതിനുശേഷമാണ് രണ്ടാം കേട്ടെന്നും മറ്റും പറഞ്ഞ് ആളുകൾ എന്നെ ഓരോന്ന് പറയാൻ തുടങ്ങിയത്. എന്നാൽ എനിക്ക് സംഭവിച്ചത് എന്താണെന്ന് ആരും ചോദിച്ചിട്ടില്ല. അവൾ പോക്ക് കേസ് ആണെന്ന് പറയാൻ നാട്ടുകാരും വീട്ടുകാരും എല്ലാം ഉണ്ടായിരുന്നു', ആമി പറഞ്ഞു.
'എവിടെ പോയാലും ആളുകൾ തുറിച്ചു നോക്കുന്നത് കാണുമ്പോൾ ഇതിന്റെ പേരിലാണ് എന്നെ നോക്കുന്നത് എന്ന് എനിക്ക് ഇന്ന് അറിയാം. പക്ഷെ എന്റെ തെറ്റുകാരണം സംഭവിച്ച ഒന്നല്ല ഡിവോഴ്സ്. ആളുകൾ പറയുന്ന കേട്ട് അഡ്ജസ്റ്റ് ചെയ്യാൻ എനിക്ക് കഴിയില്ലായിരുന്നു. എന്റെ സന്തോഷമായിരുന്നു വലുത്. ആളുകൾക്ക് മുന്നിൽ തലയുയർത്തി നിൽക്കണമെന്ന് എനിക്ക് ഉണ്ടായിരുന്നു. ആ തീരുമാനം ശരിയായിരുന്നു. കാരണം അതുകഴിഞ്ഞ് ഒരുമാസത്തിന് ശേഷമാണ് ഞാൻ ടിക്ക് ടോക്കിൽ വൈറലാകുന്നത്. ഡിവോഴ്സിന്റെ പേരിൽ ആര് എന്നെ എന്ത് പറഞ്ഞാലും എനിക്ക് ഒന്നുമില്ല', ആമി അശോകൻ വ്യക്തമാക്കി.


Click it and Unblock the Notifications











