എട്ട് ലക്ഷം സാലറിയുള്ള ജോലി രാജി വച്ച് സോഷ്യല്‍ മീഡിയയിലേക്ക്; കാരണം എന്തെന്ന് മുകേഷ്
സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് മുകേഷ് എം നായര്‍. യാത്രയും ഭക്ഷണവുമാണ് മുകേഷിന്റെ പേജിലെ പ്രധാന ആകര്‍ഷണങ്ങള്‍. മോഹന്‍ലാലിനോടുള്ള ആരാധനയും രൂപസാദൃശ്യവും മുകേഷിനെ ശ്രദ്ധേയനാക്കുന്ന ഘടകമാണ്. സോഷ്യല്‍ മീഡിയ റീലുകള്‍ ഭരിക്കുന്ന മുകേഷ് നേരത്തെ എട്ട് ലക്ഷം രൂപ സാലറി വാങ്ങിയിരുന്ന വ്യക്തിയാണ്.ആ ജോലി രാജിവച്ചാണ് തന്റെ പാഷന് പിന്നാലെ ഇറങ്ങിത്തിരിക്കുന്നത്.
ഫണ്‍ വിത്ത് സ്റ്റാര്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ജീവിതയാത്ര മുകേഷ് നായര്‍ പങ്കുവെക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''എന്റെ പാഷന് വേണ്ടിയാണ് ജോലി ഉപേക്ഷിച്ചത്. ട്രാവല്‍ ചെയ്യാന്‍ ഭയങ്കര ഇഷ്ടമാണ്. ആളുകളിലേക്ക് ഇതൊക്കെ എത്തിക്കുക എന്ന ലക്ഷ്യവുമുണ്ട്. ഒരു എംഎന്‍സിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ലോകത്തിലെ പത്ത് കമ്പനികളെടുത്താല്‍ അതിലൊന്നായ ഏരീസിലായിരുന്നു ജോലി ചെയ്തിരുന്നത്. രാജി വച്ചുവെങ്കിലും ഇപ്പോഴും കണ്‍സള്‍ട്ടന്റായി തുടരുന്നുണ്ട്. സിഇഒ എന്നെ പോകാന്‍ അനുവദിച്ചില്ല. എന്നെങ്കിലും തിരിച്ചുവരാന്‍ തോന്നിയാല്‍ വരാം എന്ന് പറഞ്ഞ് ആ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. നല്ലൊരു മനുഷ്യനാണ് അദ്ദേഹം.'' മുകേഷ് പറയുന്നു.
എനിക്ക് യാത്രയും ഭക്ഷണവും ഇഷ്ടമാണ്. അതിനാലാണ് രാജി വെക്കാന്‍ തീരുമാനിച്ചത്. രാജിക്കത്ത് നല്‍കിയപ്പോള്‍ നീ കണ്‍സള്‍ട്ടന്റായി തുടരണമെന്നും എപ്പോഴാണോ തിരികെ വരാന്‍ തോന്നുന്നത് അപ്പോള്‍ വന്ന് ജോയിന്‍ ചെയ്യുക എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹമാണ് എന്നെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തതെന്നും അദ്ദേഹം പറയുന്നത്.
ജോലി വിട്ടാണ് ഇതിലേക്ക് വരുന്നതെന്ന് ഞാന്‍ എവിടേയും അനൗണ്‍സ് ചെയ്തിരുന്നില്ല. ജോലി ചെയ്യുമ്പോഴും ചെയ്തിരുന്നു. പക്ഷെ ആ സമയത്ത് ഒരുപാട് പരിമിധികളുണ്ടായിരുന്നു. ആ ജോലി കാരണം ഒരുപാട് യാത്രകള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഒരുപാട് രാജ്യങ്ങള്‍ കാണാന്‍ സാധിച്ചത്. കാന്‍ ഫെസ്റ്റില്‍ കാണാന്‍ പറ്റുമെന്നോ പാരീസിലെ ഭക്ഷണ സംസ്‌കാരം അറിയാന്‍ സാധിക്കുമെന്നോ കരുതിയിരുന്നില്ല. അതൊക്കെ ഈ ജോലി ചെയ്തതു കൊണ്ട് മാത്രം സാധ്യമായതാണെന്നും മുകേഷ് പറയുന്നു.
സാധാരണ ഇന്‍ഫ്‌ളുവന്‍സര്‍ ആയിരുന്നുവെങ്കില്‍ പാരീസ് വരെ പോകാന്‍ തന്നെ അഞ്ചാറ് ലക്ഷം രൂപയാകും. പത്ത് ലക്ഷം രൂപ മൊത്തത്തില്‍ മാറ്റി വെക്കേണ്ടി വരും. ആഗ്രഹിച്ചത് സൈക്കിള്‍ ആണെങ്കിലും കിട്ടിയത് റോള്‍സ് റോയ്‌സ് ആണെന്നതിന്റെ സന്തോഷം മാത്രമാണുള്ളതെന്നും മുകേഷ് പറയുന്നു.

സൈക്കിള്‍ വാങ്ങിത്തരാന്‍ അച്ഛന്‍ തയ്യാറാകാതിരുന്ന കുട്ടിക്കാലത്തെക്കുറിച്ചും അദ്ദേഹം ഓര്‍ക്കുന്നുണ്ട്. അച്ഛന് ഭയങ്കര പേടിയായിരുന്നു അപകടമുണ്ടാകുമോ എന്ന്. അതിനാല്‍ സൈക്കിള്‍ വാങ്ങി തന്നിരുന്നില്ല. കോളേജിലെത്തിയപ്പോള്‍ ബുള്ളറ്റ് വലിയ ഇഷ്ടമായി. അച്ഛനും ബുള്ളറ്റുണ്ട്. ആദ്യമായി കിട്ടുന്ന വണ്ടി ബുള്ളറ്റാണെന്നാണ് മുകേഷ് പറയുന്നത്. മോഹന്‍ലാലിനോടുള്ള സ്‌നേഹത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.
ജീവിതത്തില്‍ ആദ്യമായി തീയേറ്ററില്‍ പോയി കണ്ട സിനിമ ലാലേട്ടന്റേതായിരുന്നു. കുട്ടിക്കാലം മുതലുള്ള സ്‌നേഹമാണ് അദ്ദേഹത്തോട്. ഈയ്യടുത്ത് ഒരു സിനമയുടെ ലൊക്കേഷനില്‍ പോയപ്പോള്‍ അദ്ദേഹം സിനിമയിലെ വേഷത്തിലായിരുന്നു. അതിനാല്‍ ഫോട്ടോ എടുക്കാന്‍ പറ്റില്ലായിരുന്നു. അതുകൊണ്ട് അദ്ദേഹം എനിക്ക് ഒരു ഫോട്ടോ എടുക്കാന്‍ വേണ്ടി പോയി വസ്ത്രം മാറി വന്നു. അതൊന്നും ചെറിയ കാര്യമല്ല. ഒരു താരവും ചെയ്യില്ലെന്നാണ് മുകേഷ് പറയുന്നത്.


Click it and Unblock the Notifications