അപ്പന്‍ ഈ ലോകത്തില്ലെന്ന് പറയുമ്പോള്‍ പലരും ഞെട്ടും; 16 കൊല്ലമായി...; ജെയിംസിന്റെ മകന്‍ കുറിക്കുന്നു
സിനിമയെന്നത് ആഘോഷങ്ങളുടെ മാത്രം ലോകമല്ല, മറവിയുടെ കൂടെ ലോകമാണ്. ഒരിക്കല്‍ എല്ലാവരാലും ആഘോഷിക്കപ്പെട്ടിരുന്നവര്‍ പോലും മറവിയിലേക്ക് വീണു പോകും. പിന്നെ അവരെക്കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല. അങ്ങനെ നമ്മള്‍ മറന്നു പോയവര്‍ ഒരുപാടുണ്ട്. എന്നാല്‍ വേറെ ചിലരുണ്ട്. അവര്‍ വലിയ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടാകില്ല. ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമയുടെ പരിസരങ്ങളില്‍ എപ്പോഴും കാണപ്പെടുന്നവര്‍.
ആ സിനിമയ്ക്ക് പുറമെയുള്ള അവരുടെ ജീവിതം തേടി നമ്മളാരും പോകില്ല. അവരെ നമ്മളോര്‍ത്തിരിക്കുക ആ കഥാപാത്രങ്ങളായി മാത്രമായിരിക്കും. അതുകൊണ്ട് തന്നെ അവര്‍ക്ക് മരണവുമില്ല. നമ്മളുടെ മനസില്‍ അവരിപ്പോഴും സിനിമയുടെ ലോകത്ത് ജീവിച്ചിരിക്കുന്നവരായിരിക്കും. അങ്ങനെ മരണശേഷവും ജീവിക്കുന്ന ഒരുപാട് അഭിനേതാക്കളുണ്ട്.

ഇപ്പോഴിതാ നടന്‍ ജെയിംസ് ചാക്കോയെക്കുറിച്ചുള്ള മകന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. 150 ലധികം മലയാള സിനിമകളില്‍ ജയിംസ് അഭിനയിച്ചിട്ടുണ്ട്. കടുതുരുത്തി ജയിംസ് എന്നാണ് ജെയിംസ് ചാക്കോ സിനിമാ ലോകത്ത് അറിയപ്പെട്ടിരുന്നത്. പ്രൊഡക്ഷന്‍ മാനേജരായിട്ടായിരുന്നു സിനിമയിലെത്തിയത്. പിന്നീട് നടനായി മാറുകയായിരുന്നു. ചെറുതെങ്കിലും ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകളിലെ കഥാപാത്രങ്ങളായി മാറാന്‍ ജെയിംസിന് സാധിച്ചിട്ടുണ്ട്.
ഇന്ന് ജെയിംസിന്റെ ജന്മദിനമാണ്. ഈ സാഹചര്യത്തിലാണ് മകന്‍ ജിക്കു ജെയിംസ് അച്ഛനെക്കുറിച്ച് കുറിപ്പ് പങ്കുവെക്കുന്നത്. ഫെയ്‌സ്ബുക്കിലെ സിനിമാ ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പ് ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. അപ്പന്‍ ഇന്നില്ല എന്ന് പറയുമ്പോള്‍ പലരും ഞെട്ടാറുണ്ടെന്നാണ് ജിക്കു പറയുന്നത്. ആ കുറിപ്പ് വായിക്കാം തുടര്‍ന്ന്.
''ഒക്ടോബര്‍ 16, ഇന്ന് അപ്പന്റെ ജന്മദിനമാണ്. വര്‍ഷങ്ങള്‍ ഇത്രേയുമായിട്ടും മലയാളികളുടെ മനസ്സില്‍നിന്ന് മാറാതെ നില്‍ക്കുന്ന ഒരുപിടി കഥാപാത്രങ്ങള്‍ ചെയ്തതുകൊണ്ടാവാം, ഇന്നും അറിയുന്ന പലരും അപ്പന്‍ ഈ ലോകത്തില്ല എന്ന് പറയുമ്പോള്‍ ഞെട്ടുന്നത്. ഈ ലോകത്തോട് വിടപറഞ്ഞിട്ടു 16 കൊല്ലം ആയെങ്കിലും, ആളുകളുടെ മനസ്സില്‍ മായാതെ കിടക്കുന്ന ഒരു പിടി നല്ല കഥാപാത്രങ്ങള്‍. ഒരിക്കലും മറക്കാത്ത ഈ കഥാപാത്രങ്ങള്‍ സമ്മാനിച്ച സിനിമയിലെ സുഹൃത്തുക്കളോട് നന്ദി പറയുന്നു. ഈ ലോകത്തുനിന്ന് വിട്ടുപോയെങ്കിലും ഇപ്പോഴും കൂടെയുണ്ട് എന്ന് ഞാനും വിശ്വസിക്കുന്നു. സ്വര്‍ഗത്തില്‍ കൂട്ടുകാരോടൊപ്പം ആഘോഷിക്കുന്ന ഈ വീഡിയോ പോകുന്നതിനു മുന്നേ തയാറാക്കി എന്ന് വേണം കരുതാന്‍'' എന്നാണ് ജിക്കു പറയുന്നത്.

പോസ്റ്റിനൊപ്പം ജിക്കു പങ്കുവച്ച വീഡിയോയും ശ്രദ്ധേയമാണ്. അന്തരിച്ച ഭരത് ഗോപി, മുരളി, ഇന്നസെന്റ്, നെടുമുടി വേണു, തുടങ്ങിയവര്‍ക്കൊപ്പം ജെയിംസുമുള്ള വീഡിയോയാണ് വൈറലാകുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുള്ള വീഡിയോയാണിത്. മലയാള സിനിമയുടെ നഷ്ടം വിളിച്ച് പറയുന്നതാണ് ഈ വീഡിയോ. നിരവധി പേരാണ് ജിക്കുവിന്റെ പോസ്റ്റിന് കമന്റുമായി എത്തുന്നത്. ജെയിംസ് മരിച്ചിട്ട് 16 വര്‍ഷമായി എന്നത് അംഗീകരിക്കാനാകുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
മുപ്പതു വര്‍ഷകാലം മലയാള സിനിമയില്‍ സജീവമായിരുന്നു ജെയിംസ്. ന്യൂഡല്‍ഹി, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, പത്രം, മീശമാധവന്‍, ഒരു മറവത്തൂര്‍ കനവ് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2007 ജൂണ്‍ 14 നായിരുന്നു അദ്ദേഹത്തിന്റെ മരണം. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് ജെയിംസ് മരണപ്പെടുന്നത്.


Click it and Unblock the Notifications