അച്ഛന്‍ എത്ര വേദന സഹിച്ചിട്ടുണ്ടെന്ന് എനിക്കറിയാം; മാറ്റിവച്ചത് ആറ് മാസം; വിജയരാഘവന്റെ നേട്ടത്തില്‍ മകന്‍
കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മിന്നും പ്രകടനങ്ങള്‍ കാഴ്ച വച്ചവരും മികവുറ്റ കാഴ്ചാനുഭവം സമ്മാനിച്ച സിനിമകളുമെല്ലാം അംഗീകരിക്കപ്പെട്ടു. മികച്ച നടനും മികച്ച സംവിധായകനും ഉള്‍പ്പടെ ഒമ്പത് പുരസ്‌കാരങ്ങള്‍ നേടിയ ആടുജീവിതമായിരുന്നു അവാര്‍ഡ് പ്രഖ്യാപനത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. അതേസമയം മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടതാകട്ടെ മമ്മൂട്ടി നായകനായ കാതല്‍ ആയിരുന്നു.
ആടുജീവിതത്തിലൂടെ പൃഥ്വിരാജ് മികച്ച നടന്‍ ആയപ്പോള്‍ ഉള്ളൊഴുക്കിലൂടെ ഉര്‍വ്വശിയും തടവിലൂടെ ബീന ആര്‍ ചന്ദ്രനും മികച്ച നടിയുമായി മാറി. മറ്റൊരു ശ്രദ്ധേയമായ അവാര്‍ഡായിരുന്നു മികച്ച സ്വഭാവനടനുള്ളത്. മലയാളികളുടെ പ്രിയപ്പെട്ട നടന്‍ വിജയരാഘവനാണ് ഈ പുരസ്‌കാരം നേടിയത്. പൂക്കാലം എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു വിജയരാഘവന്‍ പുരസ്‌കാരം സ്വന്തമാക്കിയത്.

ഗണേഷ് രാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു പൂക്കാലം. ചിത്രത്തില്‍ ഇട്ടൂപ്പ് എന്ന വൃദ്ധന്റെ വേഷത്തിലാണ് വിജയരാഘവന്‍ അഭിനയിച്ചിരുന്നത്. കഥാപാത്രമായുള്ള വിജയരാഘവന്റെ മേക്കോവറും പ്രകടനവും സിനിമ പുറത്തിറങ്ങിയ സമയത്തു തന്നെ കയ്യടി നേടിയിരുന്നു. ഏറെ സങ്കീര്‍ണമായൊരു കഥാപാത്രമായിരുന്നു പൂക്കാലത്തിലെ ഇട്ടൂപ്പ്. വളരെ പ്രായം ചെന്ന കഥാപാത്രമായി മാറാന്‍ വിജയരാഘവന്‍ കാണിച്ച അര്‍പ്പണബോധം കൂടിയാണ് പുരസ്‌കാരത്തിലൂടെ അംഗീകരിക്കപ്പെട്ടത്.
ഇപ്പോഴിതാ വിജയരാഘവന്റെ അവാര്‍ഡ് നേട്ടത്തെക്കുറിച്ചുള്ള മകന്റെ പ്രതികരണം വാര്‍ത്തയാവുകയാണ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ദേവ്‌ദേവന്റെ പ്രതികരണം. ''ആശംസകള്‍ അച്ഛാ. ഇച്ചോയ്ക്ക് വേണ്ടി എത്രമാത്രം വേദന അച്ഛന്‍ സഹിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. ശാരീരികമായ മാറ്റത്തിന് വേണ്ടിയും കഥാപാത്രമാകാനുള്ള മാനസികമായ മുന്നൊരുക്കങ്ങള്‍ക്ക് വേണ്ടിയും അച്ഛന്‍ മാറ്റിവച്ചത് ആറ് മാസമായിരുന്നു. അര്‍ഹിക്കുന്ന അംഗീകാരം'' എന്നായിരുന്നു വിജയരാഘവന്റെ മകന്റെ പ്രതികരണം.
പിന്നാലെ ഇപ്പോഴിതാ തന്റെ നേട്ടത്തില്‍ പ്രതികരണവുമായി വിജയരാഘവനും എത്തിയിരിക്കുകയാണ്. ''കഴിഞ്ഞ 50 വര്‍ഷമായി മലയാള സിനിമാ പ്രേക്ഷകരുടെ അവരുടെ സ്‌നേഹം എന്നില്‍ വര്‍ഷിച്ചു കൊണ്ടിരിക്കുകയാണ്. അവരുടെ സ്‌നേഹത്തിന്റേയും വിശ്വാസത്തിന്റേയും പ്രതിഫലനമാണ് ഈ പുരസ്‌കാരം. എല്ലാവര്‍ക്കും നന്ദി. പൂക്കാലത്തിന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി. സംവിധായകന്‍ ഗണേഷ് രാജിനേയും നിര്‍മ്മാതാക്കളായ വിനോദ് ഷൊര്‍ണൂരിനേയും തോമസ് തിരുവല്ലയേയും ഡിഒപി ആനന്ദിനേയും പ്രത്യേകം പരാമര്‍ശിക്കുന്നു'' എന്നാണ് വിജയരാഘവന്‍ പ്രതികരിച്ചത്.
അതേസമയം, വിജയരാഘവന്‍ സ്വഭാവനടനുള്ള പുരസ്‌കാരം നേടിയപ്പോള്‍ ശ്രീഷ്മ ചന്ദ്രനായിരുന്നു മികച്ച സ്വഭാവ നടി. ആടുജീവിതത്തിലൂടെ ബ്ലെസി മികച്ച സംവിധായകനുമായി മാറി. മികച്ച ഛായാഗ്രഹണം, സൗണ്ട് മിക്‌സിംഗ് അടക്കം ഒമ്പത് പുരസ്‌കാരങ്ങളാണ് ആടുജീവിതം സ്വന്തമാക്കിയത്.


Click it and Unblock the Notifications











