'ഞാൻ ജനിച്ചതു തന്നെ ഇതിനുവേണ്ടിയാണ്, ജീവിതത്തിലെടുത്ത ഏറ്റവും മികച്ച തീരുമാനം': വിവാഹവാർഷിക ദിനത്തിൽ സോണിയ
സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സോണിയ ബോസ്. വളരെ ചെറുപ്രായത്തിലെ അഭിനയത്തിലേക്ക് എത്തിയതാണ് സോണിയ. തമിഴ്നാട്ടിലാണ് ജനിച്ചു വളർന്നതെങ്കിലും മലയാളത്തിലൂടെയാണ് നടി അരങ്ങേറ്റം കുറിക്കുന്നത്. മൂന്നാം വയസിൽ ഇവൾ ഒരു നാടോടി എന്ന സിനിമയിലൂടെ കരിയർ ആരംഭിച്ച സോണിയ ശ്രദ്ധനേടുന്നത് മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയിലൂടെയാണ്.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായ ലക്ഷ്മി എന്ന പെൺകുട്ടിയെ അവതരിപ്പിച്ചത് സോണിയ ആണ്. പിന്നീട് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ സോണിയക്ക് കഴിഞ്ഞു. നൊമ്പരത്തി പൂവ്, തനിയാവര്‍ത്തനം, തേന്മാവിന്‍ കൊമ്പത്ത്, കാട്ടുചെമ്പകം തുടങ്ങി അറുപതിലേറെ സിനിമകളിൽ സോണിയ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാൻ സോണിയക്ക് സാധിച്ചു.

വിവാഹശേഷം ചെറിയ ഇടവേള എടുത്തെങ്കിലും ഇന്നും അഭിനയത്തിൽ സജീവമാണ് സോണിയ. നടൻ ബോസ് വെങ്കട് ആണ് സോണിയയുടെ ഭർത്താവ്. അണ്ണൻ തമ്പി അടക്കമുള്ള സിനിമകളിൽ വില്ലൻ വേഷത്തിലെത്തി ശ്രദ്ധനേടിയിട്ടുള്ള നടനാണ് ബോസ് വെങ്കട്. 2003 ലാണ് ഇവർ വിവാഹിതരാകുന്നത്. ഇന്ന് ഇരുപതാം വിവാഹവാർഷികം ആഘോഷിക്കുകയാണ് താരങ്ങൾ.
വിവാഹ വാര്‍ഷികത്തോട് അനുബദ്ധിച്ച് സോണിയ പങ്കുവച്ച പോസ്റ്റും ശ്രദ്ധനേടുകയാണ്. കല്യാണ ദിവസം എടുത്ത ഫോട്ടോയും, വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് എടുത്ത ഏതാനും ഫോട്ടോകളും പങ്കുവച്ചുകൊണ്ടാണ് സോണിയയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്. താൻ ജീവിതത്തില്‍ എടുത്ത ഏറ്റവും മികച്ച തീരുമാനം ഇതാണെന്ന് സോണിയ പറയുന്നു.
"ജീവിതം തന്നെ ആഘോഷിക്കാനുള്ളതാണ്, വിലമതിക്കാന്‍ കഴിയാത്ത അവസരങ്ങള്‍ കിട്ടുമ്പോള്‍ പിന്നെ എന്തിന് ആഘോഷിക്കാതിരിക്കണം. മാമ (തമിഴ്‌നാട്ടിൽ ഭർത്താവിനെ വിളിക്കുന്നത്) എന്ന വാക്കില്‍ എന്റെ ജീവിതം പൂര്‍ത്തിയാകുന്നു. അങ്ങനെ വിളിക്കുമ്പോള്‍ ഞാന്‍ അനുഭവിക്കുന്ന അഭിമാനവും സന്തോഷവും അളക്കാന്‍ കഴിയില്ല. മിസിസ് സോണിയ ബോസ് ആകാന്‍ വേണ്ടിയാണ് ഞാന്‍ ജനിച്ചതു തന്നെ. അതെന്റെ മാത്രം അഭിമാനമാണ്.
നിങ്ങളെ വിവാഹം ചെയ്യുക എന്നത് ഞാൻ ജീവിതത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനമാണ്. നമുക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്, ഭ്രന്തമായി തല്ലുകൂടും. പക്ഷേ നിങ്ങളോടുള്ള സ്‌നേഹവും ബഹുമാനവും ഒരിക്കലും അവസാനിക്കുന്നില്ല. ഇരുപതാം വിവാഹ വാര്‍ഷിക ആശംസകള്‍ മാമാ. നിങ്ങള്‍ ഉയരങ്ങളിലെത്തുന്നത് കാണാന്‍ ആഗ്രഹിക്കുന്നു", സോണിയ കുറിച്ചു.

സോണിയയുടെയും ബോസിന്റെയും പ്രണയ വിവാഹമാണ്. മുൻപൊരിക്കൽ വിവാഹത്തെ കുറിച്ച് സോണിയ പറഞ്ഞിരുന്നു. ബോസ് കരയറില്‍ പതിയെ വളര്‍ന്നുവരുന്ന കാലഘട്ടത്തിലാണ് ഇവർ വിവാഹിതരാകുന്നത്. ഒരു തമിഴ് പരമ്പരയിൽ നായക വേഷം ചെയ്യുകയായിരുന്നു ബോസ്. ആ സീരിയലും, അതിലെ നായകനെയും അമ്മയ്ക്ക് ഭയങ്കര ഇഷ്ടമായിരുന്നു, എന്നാൽ മകള്‍ക്ക് അയാളെ വിവാഹം ചെയ്തു കൊടുക്കുന്നതില്‍ അമ്മയ്ക്ക് താത്പര്യമുണ്ടായിരുന്നില്ല. പിന്നീട് കണ്‍വിന്‍സ് ചെയ്ത് സമ്മതിപ്പിക്കുകയായിരുന്നു എന്നാണ് സോണിയ പറഞ്ഞത്.
ബോസ് വളരെ സീരിയസായ വ്യക്തിയാണ്. പ്രണയം ഉള്ളിലുണ്ടെങ്കിലും പ്രകടിപ്പിക്കില്ല. കല്യാണം കഴിഞ്ഞ് പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് തന്നോട് റൊമാന്റിക് ആയി പെരുമാറി തുടങ്ങിയതെന്ന് കഴിഞ്ഞ വർഷം ഫ്‌ളവേഴ്‌സ് ഒരു കോടി ഷോയില്‍ എത്തിയപ്പോൾ സോണിയ പറയുകയുണ്ടായി. മോഹന്‍ലാല്‍ അഭിനയിച്ച മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമ കണ്ടതിന് ശേഷമാണ് ഉള്ളിലെ സ്‌നേഹം ബോസ് തന്നോട് പ്രകടിപ്പിക്കാന്‍ തുടങ്ങിയതെന്നാണ് സോണിയ അന്ന് പറഞ്ഞത്. തേജസ്വി, ബാവതാരണി എന്നിങ്ങനെ രണ്ടു മക്കളാണ് ഇവർക്ക് ഉള്ളത്.


Click it and Unblock the Notifications











