എന്റെ ലോകം തന്നെ ഇവളാണ്! അവൾ വളരുകയാണ്; ഞാൻ വളരെ സന്തോഷവതിയാണ്: സോണിയ ബോസ്
മലയാളികൾക്ക് സുപരിചിതയാണ് നടി സോണിയ ബോസ്. സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങിയിട്ടുണ്ട് സോണിയ. മൂന്നാം വയസില്‍ ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ താരം ഇന്നും സിനിമകളും സീരിയലുകളുമായി സജീവമാണ്. നാടോടി ആയിരുന്നു സോണിയയുടെ ആദ്യ സിനിമ. എന്നാൽ സൂപ്പർ ഹിറ്റായ മൈ ഡിയർ കുട്ടിച്ചാത്തനിലൂടെയാണ് സോണിയ ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായ ലക്ഷ്മിയെ അവതരിപ്പിച്ചത് സോണിയ ആണ്.
പിന്നീട് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ സോണിയക്ക് സാധിച്ചു. നൊമ്പരത്തി പൂവ്, തനിയാവര്‍ത്തനം, തേന്മാവിന്‍ കൊമ്പത്ത്, കാട്ടുചെമ്പകം തുടങ്ങി അറുപതിലേറെ സിനിമകളിൽ സോണിയ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും സോണിയ തിളങ്ങി. ബേബി ശാലിനി അടക്കമുള്ളവർക്ക് ശബ്ദം നല്‍കിയിട്ടുള്ള സോണിയ ഡബ്ബിങ് ആർട്ടിസ്റ്റായും കയ്യടി നേടിയിട്ടുണ്ട്. നിലവിൽ തമിഴിൽ മീന എന്നൊരു പരമ്പരയിലാണ് സോണിയ അഭിനയിക്കുന്നത്.

സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെയും കുടുംബത്തിന്റെയും വിശേഷണങ്ങളെല്ലാം സോണിയ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകളുടെ പിറന്നാള്‍ ദിനത്തില്‍ സോണിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്. മകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് സോണിയയുടെ കുറിപ്പ്.
'എന്റെ ലോകവും എന്റെ ജീവിതവും ഇവളാണ്. എന്റെ മകള്‍ വളരുകയാണ്. മനുഷ്യത്വവും സ്‌നേഹവും ദയയും സഹാനുഭൂതിയുമുള്ള, മുതിര്‍ന്നവരെ ബഹുമാനിക്കുന്ന, ഉത്തരവാദിത്തമുള്ള ഒരാളായാണ് നീ വളരുന്നത് എന്നതിൽ ഞാൻ വളരെ സന്തോഷവതിയാണ്. ശരിയായ അര്‍ത്ഥത്തിലൂടെ ഈ ലോകത്തെ മനസിലാക്കാന്‍ നിനക്ക് കഴിയട്ടെ. എല്ലാ ഉയരങ്ങളിലേക്കും നിനക്ക് എത്തിപ്പെടാൻ കഴിയട്ടെ. ജീവിതത്തിലുടനീളം ഈ സന്തോഷം കൂടെയുണ്ടാവട്ടെ. മമ്മയ്ക്ക് നിന്നെ ഒരുപാടിഷ്ടമാണ്', സോണിയ ബോസ് കുറിച്ചു.
നടൻ ബോസ് വെങ്കടിനെയാണ് സോണിയ വിവാഹം ചെയ്തത്. സോണിയയെപ്പോലെ തന്നെ ബോസും മലയാളികള്‍ക്ക് പരിചിതനാണ്. അണ്ണൻ തമ്പി അടക്കമുള്ള സിനിമകളിൽ വില്ലൻ വേഷത്തിൽ എത്തി നടൻ ശ്രദ്ധനേടിയിട്ടുണ്ട്. 2003 ലാണ് ഇവർ വിവാഹിതരാകുന്നത്. തേജസ്വി, ബാവതാരണി എന്നിങ്ങനെയാണ് രണ്ടു മക്കളാണ് ഇവർക്ക്.
അടുത്തിടെ വിവാഹ വാർഷിക ദിനത്തിൽ സോണിയ പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റും ശ്രദ്ധ നേടിയിരുന്നു. ബോസിനെ വിവാഹം കഴിച്ചത് താൻ ജീവിതത്തിലെടുത്ത ഏറ്റവും മികച്ച തീരുമാനമാണ് എന്നാണ് സോണിയ കുറിച്ചത്. മിസിസ് സോണിയ ബോസ് ആകാന്‍ വേണ്ടിയാണ് ഞാന്‍ ജനിച്ചതു തന്നെ. അതെന്റെ മാത്രം അഭിമാനമാണ്. വ്യത്യസ്തമായ അഭിപ്രായങ്ങളും വഴക്കുകളുമൊക്കെ ഉണ്ടാവാറുണ്ടെങ്കിലും നിങ്ങളോടുള്ള സ്നേഹവും ബഹുമാനവും ഒരിക്കലും അവസാനിക്കുന്നില്ലെന്നും നിങ്ങൾ ഉയരങ്ങളിലേക്ക് എത്തുന്നത് കാണാൻ കൊതിക്കുന്നു എന്നുമായിരുന്നു സോണിയയുടെ പോസ്റ്റ്.
പ്രണയിച്ചു വിവാഹിതരായവരാണ് ഇരുവരും. മുൻപൊരിക്കൽ വിവാഹത്തെ കുറിച്ച് സോണിയ പറഞ്ഞിരുന്നു. സീരിയലിൽ നായകനായ ബോസിനെ അമ്മയ്‌ക്ക് ഇഷ്ടമായിരുന്നെങ്കിലും അയാളെ മകൾക്ക് വിവാഹം ചെയ്തു കൊടുക്കുന്നതില്‍ താത്പര്യമുണ്ടായിരുന്നില്ല. പിന്നീട് കണ്‍വിന്‍സ് ചെയ്ത് വിവാഹത്തിനായി സമ്മതിപ്പിക്കുകയായിരുന്നു.
ബോസ് വളരെ സീരിയസായ വ്യക്തിയാണെന്നും പ്രണയം ഉള്ളിലുണ്ടെങ്കിലും പ്രകടിപ്പിക്കാറില്ലായിരുന്നെന്നും സോണിയ പറഞ്ഞിട്ടുണ്ട്. കല്യാണം കഴിഞ്ഞ് പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് തന്നോട് റൊമാന്റിക് ആയി പെരുമാറി തുടങ്ങിയതെന്ന് കഴിഞ്ഞ വർഷം ഫ്‌ളവേഴ്‌സ് ഒരു കോടി ഷോയില്‍ എത്തിയപ്പോൾ സോണിയ പറയുകയുണ്ടായി. മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമ കണ്ടതിന് ശേഷമാണ് ബോസ് തന്നോട് സ്നേഹം പ്രകടിപ്പിക്കാന്‍ തുടങ്ങിയതെന്നാണ് സോണിയ പറഞ്ഞത്.


Click it and Unblock the Notifications











