ബിഗ് ബോസിലെ ആ സംഭവം ഞാൻ എന്റെ ജീവിതത്തിൽ നിന്നേ ഡിലീറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നത്; സൂര്യ പറയുന്നു
ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണിൽ മത്സരാർത്ഥിയായ എത്തിയതോടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയ താരമാണ് സൂര്യ ജെ മേനോൻ. നടിയും മോഡലുമായ സൂര്യ നേരത്തെ നിരവധി സിനിമകളുടെയും ഭാഗമായിട്ടുണ്ടെങ്കിലും കൂടുതൽ സുപരിചിതയാകുന്നത് ബിഗ് ബോസിലൂടെ ആയിരുന്നു. ബിഗ് ബോസ് മൂന്നാം സീസണിൽ അവസാനം വരെ പിടിച്ചു നിൽക്കാൻ സൂര്യക്ക് കഴിഞ്ഞിരുന്നു.
ആ സീസണിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമങ്ങൾക്ക് ഇരയായ മത്സരാർത്ഥി കൂടി ആയിരുന്നു സൂര്യ. സഹമത്സരാർത്ഥിയും ആ സീസണിലെ വിജയിയുമായ മണിക്കുട്ടനോട് ഇഷ്ടം പറഞ്ഞതിനെ തുടർന്നാണ് സൂര്യയെ സൈബർ ഇടത്തിൽ ചിലർ ആക്രമിക്കാൻ തുടങ്ങിയത്. ഷോയ്ക്ക് ശേഷവും സൂര്യക്ക് നേരെ വ്യാപകമായ രീതിയിൽ സോഷ്യൽ മീഡിയയിൽ ട്രോളുകളും മറ്റും ഉയർന്നിരുന്നു.

ബിഗ് ബോസ് വീട്ടിൽ വച്ച് മണിക്കുട്ടനോട് തോന്നിയ ഇഷ്ടം തുറന്നു പറഞ്ഞത് ഒഴിവാക്കാമായിരുന്നു എന്ന് തനിക്ക് തോന്നിയെന്ന് പറയുകയാണ് സൂര്യ ഇപ്പോൾ. അങ്ങനെ ഒരു സംഭവം തന്റെ ജീവിതത്തിൽ നിന്നേ ഡിലീറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെന്നും സൂര്യ പറഞ്ഞു. അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് സൂര്യ ഇക്കാര്യം പറഞ്ഞത്.
സൂര്യ ജീവിതത്തിൽ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട് പ്രേക്ഷകർക്കായി അത് ഒന്ന് പറയുമോയെന്ന് അവതാരകൻ എം ജി ശ്രീകുമാർ പറഞ്ഞതിനെ തുടർന്നാണ് താരം മനസ് തുറന്നത്. സൂര്യയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

'അത് ബിഗ് ബോസ് വീടിനുള്ളിൽ വച്ചുണ്ടായ ഒരു സംഭവമാണ്. പുറത്തിറങ്ങിയ ശേഷം ആ ഒരു ചാപ്റ്റർ ജീവിതത്തിൽ നിന്ന് ഡിലീറ്റ് ചെയ്യണമെന്ന് തോന്നിയിരുന്നു. എന്റെ ജീവിതത്തിൽ എന്നെയും എന്റെ അച്ഛനെയും അമ്മയെയും ഉൾപ്പെടെ വേദനിപ്പിച്ച ഒരു സംഭവം ആണ് അത്. ഞാൻ ഒരു ഓപ്പൺ ബുക്കാണ്. എനിക്ക് ഇമോഷൻസ് ഹൈഡ് ചെയ്യാൻ അറിയില്ല. എന്റെ മുഖത്തു വരുന്ന കാര്യങ്ങൾ എന്റെ ഹൃദയം സംസാരിക്കുന്ന കാര്യങ്ങളാണ്,'
'ഒരാളോട് ദേഷ്യമുണ്ടെങ്കിൽ അത് എന്റെ മുഖത്ത് നല്ല പോലെ കാണും. അത് അങ്ങനെയാണ്. എനിക്ക് ജീവതത്തിൽ അഭിനയിക്കാൻ അറിയില്ല. അവിടെ വച്ച് ഒരാളോട് എനിക്ക് ഒരു ഇഷ്ടം തോന്നി. ഞാൻ അത് തുറന്നു പറഞ്ഞു. പക്ഷെ അത് വേണ്ടിയിരുന്നില്ലെന്ന് പുറത്തു വന്നപ്പോൾ തോന്നി. അതൊരു ഗെയിം ഷോ ആയിരുന്നു. എന്റെ അമ്മ കാണുന്നുണ്ട്. അച്ഛൻ കാണുന്നുണ്ട്. എന്റെ ഇമോഷൻസിനെ ഞാൻ കൺട്രോൾ ചെയ്യേണ്ടതായിരുന്നു,'

'ആ വ്യക്തിയുടെ വീട്ടുകാരും അത് കാണുന്നുണ്ടാവും. അവർക്ക് വിഷമമായിട്ടുണ്ടാകും. എന്നെ ആളുകൾ വെറുത്ത ഏറ്റവും വലിയ കാര്യം അതായിരുന്നു. കേരളക്കരയിൽ ഒരു പെൺകുട്ടി ആൺകുട്ടിയുടെ മുഖത്തു നോക്കി ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അത് വിവാദമായി. കത്തി നിൽക്കുകയായിരുന്നു', സൂര്യ പറഞ്ഞു. തനിക്ക് മറ്റൊരു ഇഷ്ടം ഉണ്ടായിരുന്നു അയാളുമായി വിവാഹം വരെയെത്തി എന്നാൽ അയാൾ ഒരു കിലോ സ്വർണം സ്ത്രീധനമായി വേണമെന്ന് പറഞ്ഞെന്നും അതോടെ അത് വേണ്ടെന്ന് വെച്ചെന്നും സൂര്യ പറയുന്നുണ്ട്.


Click it and Unblock the Notifications