വിമര്‍ശനങ്ങള്‍ വിഷമിപ്പിച്ചു, ചോദിച്ച് മനസിലാക്കാതിരുന്നത് എന്റെ തെറ്റ്; മനസ് തുറന്ന് സൗബിന്‍
മലയാള സിനിമയിലെ മിന്നും താരങ്ങളില്‍ ഒരാളാണ് സൗബിന്‍ ഷാഹിര്‍. അഭിനയത്തിലും സംവിധാനത്തിലും തന്നിലെ പ്രതിഭയെ അടയാളപ്പെടുത്താന്‍ സൗബിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ അവസാനം പുറത്തിറങ്ങിയ ചില സിനിമകളിലെ സൗബിന്റെ പ്രകടനത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സൗബിന്‍.
മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സൗബിന്‍ മനസ് തുറന്നത്. മാറ്റം വേണമെന്നുണ്ടായിരുന്നു. അതിന്റെ ഭാഗമാണ് ഇല വീഴാ പൂഞ്ചിറ പോലുള്ള സിനിമകള്‍ എന്നാണ് സൗബിന്‍ പറയുന്നത്. ജാക്ക് ആന്റ് ജില്ലും സിബിഐ ദ ബ്രെയിനും ആണ് വിമര്‍ശിക്കപ്പെടുന്നതെന്ന് അവതാരകന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. തുടര്‍ന്ന് താരം മനസ് തുറക്കുകയായിരുന്നു.

ആ സിനിമകള്‍ ചെയ്യുമ്പോള്‍ തന്നെ സംശയമുണ്ടായിരുന്നു. പ്രേക്ഷകര്‍ക്ക് കൃത്യമായി കിട്ടുമോ എന്ന്. ഇതേസംശയം ഭീഷ്മ പര്‍വ്വം ചെയ്യുമ്പോഴുമുണ്ടായിരുന്നു. മമ്മൂക്കയുടെ തുടര്‍ച്ചക്കാരനായി വരുമ്പോള്‍ എന്നില്‍ ഇത് നില്‍ക്കുമോ എന്ന ചിന്തയുണ്ടായിരുന്നുവെന്നാണ് സൗബിന്‍ പറയുന്നത്.
ജാക്ക് ആന്റ് ജില്ലിന്റെ സന്തോഷ് സാര്‍ എന്റെ ഗുരുവാണ്. അദ്ദേഹത്തിന്റെ സിനിമകൡ പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്നരക്കൊല്ലം മുമ്പ്, കൊറോണയ്ക്കും മുമ്പ് ചെയ്ത സിനിമയാണ്. അതിലെ മറ്റ് കഥാപാത്രങ്ങള്‍ എങ്ങനെയാണെന്ന് അറിയില്ലായിരുന്നു. സ്റ്റുഡിയോയില്‍ ഗ്രീന്‍ മാറ്റിന് മുമ്പ് ആരോടാണ് മറുപടി പറയുന്നത് എന്ന് അറിയാതെ ഡയലോഗ് പറഞ്ഞതാണ്. അതിന്റെ കുറവുകള്‍ അതില്‍ വന്നിട്ടുണ്ട്. ചോദിച്ച് മനസിലാക്കാത്തത് എന്റെ തെറ്റായിട്ടാണ് കാണുന്നതെന്നും സൗബിന്‍ പറയുന്നു.
സിബിഐയില്‍ മധു സാറിനും സ്വാമി സാറിനും വേണ്ടത് എന്താണോ അത് നല്‍കാനാണ് ശ്രമിച്ചത്. അവരെ പോലെ സീനിയര്‍ ആയിട്ടുള്ളവരോട് ഞാന്‍ ഇങ്ങനെ ചെയ്യട്ടെ എന്നൊന്നും ചോദിക്കാനാകില്ലായിരുന്നു. പടം കണ്ടപ്പോള്‍ എനിക്ക് പകരം വേറെ ആരെങ്കിലും ചെയ്തിരുന്നുവെങ്കില്‍ നന്നായേനെ എന്ന് തോന്നിയിരുന്നു. ഞാന്‍ ഒരു ഹാക്കര്‍ ആകാനൊന്നും ആയിട്ടില്ലെന്നും സൗബിന്‍ പറയുന്നു.
ഞാന്‍ സിനിമയില്‍ ഇപ്പോഴും വിദ്യാര്‍ത്ഥിയാണ്. ഇതുവരെയുള്ളതില്‍ നിന്നും ഒരുപാട് പഠിച്ചു. ഇനിയും പഠിക്കാനുണ്ട്. വിമര്‍ശിക്കപ്പെടുമ്പോള്‍ ചിലപ്പോള്‍ സങ്കടം വരുന്നുണ്ട്. പക്ഷെ ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നുണ്ട്. നോ പറയാന്‍ തുടങ്ങും. എനിക്ക് ഇഷ്ടമുളളത് മാത്രം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുമെന്നും സൗബിന്‍ പറയുന്നു.


Click it and Unblock the Notifications