സിൽക്ക് സ്മിതയുടെ ബ്ലൗസിന്റെ കഴുത്തിറക്കം കണ്ട് ആ സ്ത്രീ ചൂടായി; സെൻസറിങ്ങിന് ചെന്നപ്പോൾ സംഭവിച്ചത്!: ഭദ്രൻ
മലയാള സിനിമയിലെ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് സ്‌ഫടികം. ചിത്രത്തിലെ മോഹൻലാലിൻറെ ആടുതോമ എന്ന കഥാപത്രം നടന്റെ എക്കാലത്തെയും മികച്ച വേഷങ്ങളിൽ ഒന്നാണ്. മുണ്ട് പറിച്ചടിക്കുന്ന, മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ആടുതോമയെ പോലൊരു മാസ് നായകനെ മലയാള സിനിമ പിന്നീട് കണ്ടിട്ടുണ്ടോയെന്ന് സംശയമാണ്. 1995 ലാണ് ഭദ്രന്റെ സംവിധാനത്തിൽ സ്‌ഫടികം റിലീസ് ചെയ്തത്.
ഇപ്പോഴിതാ, 28 വർഷങ്ങൾക്കിപ്പുറം പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക വിദ്യകളോടെയും കൂടി സ്‌ഫടികം വീണ്ടും റിലീസിന് ഒരുങ്ങുകയാണ്. ഡിജിറ്റൽ റി-മാസ്റ്ററിങ് കഴിഞ്ഞ ചിത്രം നാളെയാണ് തിയേറ്ററുകളിൽ എത്തുക. അതിനിടെ ചിത്രത്തിന്റെ അണിയറവിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ.

തെന്നിന്ത്യൻ സിനിമയുടെ ഹരമായിരുന്ന ഗ്ലാമറസ് നായിക സിൽക്ക് സ്മിതയുടെ ചിത്രത്തിലേക്ക് കൊണ്ട് വന്നതിനെ കുറിച്ചും സിൽക്ക് സ്മിതയുടെ വേഷം സെൻസറിങിന് ചെന്നപ്പോൾ പ്രശ്നമായതിനെ കുറിച്ചും പറയുകയാണ് അദ്ദേഹം. സിനിമാ ദി ക്യൂ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഭദ്രൻ. വിശദമായി വായിക്കാം.

'എന്തുകൊണ്ട് സിൽക്ക് സ്മിത എന്നത് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ്. ഞാൻ സ്ക്രിപ്റ്റിലൂടെ കടന്ന് പോകുമ്പോൾ സുഹൃത്ത് രാജേന്ദ്ര ബാബുവാണ് ഈ റോളിലേക്ക് നല്ല മെയ്യഴകുള്ള സ്ത്രീയെ കണ്ടെത്തിയാൽ എന്താണെന്ന് ചോദിക്കുന്നത്. മദ്രാസിലെ എന്തെങ്കിലും ഡാൻസേഴ്സിനെ നോക്കാമെന്ന് പറഞ്ഞു. അങ്ങനെ ആലോചിക്കുമ്പോഴാണ് ഞാൻ സിൽക്ക് സ്മിത ആയാലോ എന്ന് ചോദിക്കുന്നത്. അത് നല്ല ചോയ്‌സ് ആവുമെന്ന് അദ്ദേഹവും പറഞ്ഞു,'

'പക്ഷെ സിൽക്ക് സ്മിതയുടെ ഇമേജ് ദോഷം ചെയ്യുമോ എന്ന ഒരു ആശങ്ക എനിക്ക് വന്നു. ഇത് കുടുംബപ്രേക്ഷകർ ഉൾപ്പെടെ കാണുന്ന ഒരു സിനിമയാണെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. പക്ഷെ സ്മിതയെ കൈകാര്യം ചെയ്യുമ്പോൾ ശ്രധിക്കാമെന്ന് കരുതി. ഷൂട്ട് ചെയ്തപ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഞാൻ ശ്രദ്ധിച്ചു,'
'എന്നാൽ സെൻസറിങ്ങിന് ചെന്നപ്പോൾ പ്രശ്‌നമുണ്ടായി. ബ്ലൗസിന്റെ കഴുത്തിറങ്ങിയത് ചോദ്യമായി. സെൻസർ ബോർഡിൽ ഉണ്ടായിരുന്ന സ്ത്രീ ചൂടായി. ഞാൻ അവരോട് നിങ്ങൾക്ക് അറിവിലെങ്കിൽ മിണ്ടാതിരിക്കണം എന്ന് പറഞ്ഞു. മണൽ വരാൻ വരുന്ന സ്ത്രീകളുടെ ബ്ലൗസ് ഇങ്ങനെ ആയിരിക്കുമെന്ന് പറഞ്ഞ് കൊടുത്തു,'

'ഞാൻ അവരോട് ചോദിച്ചു, സിനിമയിൽ എവിടെയെങ്കിലും ആ ബ്ലൗസിനെ ഉപയോഗപ്പെടുത്തി ക്‌ളീവേജ് കാണുന്ന തരത്തിൽ എന്തെങ്കിലും ടോപ് ഷോട്ട് നിങ്ങൾ കണ്ടോയെന്ന്. ഇത് കുടുംബ പ്രേക്ഷകർ കാണേണ്ടതാണ് അതുകൊണ്ടാണ് അങ്ങനെയൊന്ന് ഇല്ലാത്തത്. നിങ്ങൾ അത് മനസിലാക്കൂ എന്ന് പറഞ്ഞു,' ഭദ്രൻ പറഞ്ഞു.
'സിൽക്ക് സ്മിത ഈ സിനിമയിലേക്ക് വരാനൊരു കാരണമുണ്ട്!. ഞാൻ ഫോണിലൂടെയാണ് അവരുമായി സംസാരിക്കുന്നത്. പക്ഷെ അതിന് മുൻപ് എന്റെ അയ്യർ ദി ഗ്രേറ്റ് എന്ന സിനിമ മദ്രാസിൽ വിജയകരമായി ഓടുന്നതിനിടെ അവർ ഡയറക്ടർ ആരാണെന്ന് അന്വേഷണം നടത്തിയിരുന്നു. അവർ ഷൂട്ടിനായി എത്തുന്നത് തന്നെ എന്നെ പുകഴ്ത്തി കൊണ്ടായിരുന്നു. അവർക്ക് കഥയും ഇഷ്ടമായിരുന്നു,'

'രണ്ടു ദിവസം ആയപ്പോഴേക്കും എന്റെ രീതികൾ അവർക്ക് ഇഷ്ടമായി. എന്നോട് എനിക്ക് ഡാൻസ് ഒന്നുമറിയില്ല സാർ. കുടുംബം നോക്കാൻ വേണ്ടി അതിന് വേണ്ടി ഇറങ്ങിയതാണ് എന്നൊക്കെ പറഞ്ഞു. രണ്ടു മൂന്ന് ദിവസം കഴിഞ്ഞപ്പോൾ എന്നെ വളരെ മാന്യമായാണ് ഈ സിനിമയിൽ ഉപയോഗിക്കുന്നത് എന്ന് സിൽക്ക് സ്മിതയ്ക്ക് മനസ്സിലായിരുന്നു,'
അതിൽ തോമാച്ചായന്റെ ചോരയ്ക്ക് കൽകണ്ടതിന്റെ ചുവയാണ് എന്നൊക്കെ പറയുന്ന രംഗമുണ്ട്. അതിലെ കെട്ടിപിടിത്തമൊക്കെ സ്മൂച്ചിങ്ങോ ഒക്കെയായി എടുക്കമായിരുന്നു. അതൊന്നും ചെയ്തില്ല. വളരെ സജസ്റ്റീവായിട്ടാണ് സ്മിതയെ ഉപയോഗിച്ചത്. അതിന് ശേഷമുള്ള ഷോട്ടുകളിൽ വേറെ പലതും കൊണ്ടുവരമായിരുന്നു. അത് ചെയ്തില്ല,' ഭദ്രൻ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











