സില്‍ക്ക് സ്മിത അന്ന് ഡിപ്രഷനിലായിരുന്നു; സ്ഫടികം ഇറങ്ങി രണ്ട് കൊല്ലം കഴിഞ്ഞ് ആത്മഹത്യ ചെയ്തു!
ഇനിയൊരിക്കലും ആവര്‍ത്തിക്കാത്ത പ്രതിഭാസമാണ് സില്‍ക്ക് സ്മിത. ഒരുകാലത്ത് സില്‍ക്ക് സ്മിതയില്ലാതെ വാണിജ്യ സിനിമയെക്കുറിച്ച് ചിന്തിക്കുക പോലും അസാധ്യമായിരുന്നു. സൂപ്പര്‍ താര ചിത്രങ്ങളില്‍ സില്‍ക്ക് സ്മിതയുടെ സാന്നിധ്യം അനിവാര്യമായിരുന്നു. തന്റെ മാസ്മരികത കൊണ്ട് ഒരു തലമുറയെ അവര്‍ മയക്കിയെടുത്തു. തന്റെ കാലം അംഗീകരിക്കാതെ പോയ സില്‍ക്ക് സ്മിതയെ പക്ഷെ പിന്നീട് വന്ന തലമുറകള്‍ തിരിച്ചറിയുകയും ആഘോഷിക്കുകയും ചെയ്തു.
സ്‌ക്രീനില്‍ തന്റെ പ്രകടനം കൊണ്ട് തീ കോരിയിടുന്ന സില്‍ക്ക് സ്മിതയുടെ ജീവിതം പക്ഷെ പ്രശ്‌നഭരിതമായിരുന്നു. ആ കണ്ണുകള്‍ പോലെ എന്തൊക്കെയോ രഹസ്യങ്ങള്‍ മറച്ചു വച്ചാണ് സില്‍ക്ക് സ്മിത മരണത്തെ പുല്‍കുന്നത് പോലും. ഇപ്പോഴിതാ സില്‍ക്ക് സ്മിതയെക്കുറിച്ച് നടന്‍ സ്ഫടികം ജോര്‍ജ് പറഞ്ഞ വാക്കുകള്‍ വൈറലായി മാറുകയാണ്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സ്ഫടികം ജോര്‍ജ് മനസ് തുറന്നത്.

സ്ഫ്ടികത്തിലാണ് ജോര്‍ജും സില്‍ക്ക് സ്മിതയും ഒരുമിച്ച് അഭിനയിച്ചത്. സ്ഫടികത്തില്‍ അഭിനയിച്ചിരുന്ന സമയത്ത് സ്മിത ഡിപ്രഷനില്‍ ആയിരുന്നുവെന്നാണ് സ്ഫടികം ജോര്‍ജ് പറയുന്നത്. സിനിമയുടെ ലൊക്കേഷനില്‍ സ്മിത ആരോടും സംസാരിക്കാറില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. സ്ഫടികം കഴിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞാണ് സ്മിത ആത്മഹത്യ ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.
''സില്‍ക്ക് സ്മിത വളരെ സീരിയസായിട്ടുള്ള ആളായിരുന്നു. ആരോടും മിണ്ടാത്ത പ്രകൃതം. പുള്ളിക്കാരി അല്‍പ്പം മൂഡ് ഓഫ് പോലെയായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. ഞാന്‍ പോലും സംസാരിച്ചിട്ടില്ല. അവര്‍ അങ്ങനെ ആരുമായിട്ടും സംസാരിക്കില്ല'' എന്നാണ് സ്ഫടികം ജോര്‍ജ് പറയുന്നത്. സില്‍ക്ക് സ്മിത വരും തന്റെ സീന്‍ അഭിനയിക്കും പോകും എന്നതായിരുന്നു രീതിയെന്നും സ്ഫടികം ജോര്‍ജ് പറയുന്നുണ്ട്.
സംവിധായകന്‍ പറയുന്നതൊക്കെ കേള്‍ക്കും. ഒക്കെ സാര്‍ എന്ന് പറഞ്ഞ് തലയാട്ടും എന്നല്ലാതെ ആരുമായിട്ടും അധികം സൗഹൃദപരമായി ഇടപെട്ട് സില്‍ക്ക് സ്മിതയെ കണ്ടിട്ടില്ലെന്നാണ് സ്ഫടികം ജോര്‍ജ് പറയുന്നത്. സ്മിതയുടേത് ഒരു പ്രത്യേക സ്വഭാവമായിരുന്നുവെന്നും അന്നവര്‍ ഒരു പ്രത്യേക മാനസികാവസ്ഥയില്‍ ആയിരുന്നുവെന്നും ജോര്‍ജ് പറയുന്നുണ്ട്.

''സ്ഫടികം കഴിഞ്ഞ് അധികനാള്‍ ഉണ്ടായിരുന്നില്ല. രണ്ട് വര്‍ഷത്തിന് ശേഷം അവര്‍ ആത്മഹത്യ ചെയ്തു. ആ സമയത്ത് അവര്‍ എന്തോ ഡിപ്രഷനിലൂടെയാണ് കടന്നു പോയത്. അതുകൊണ്ട് തന്നെ ഒട്ടും ഫ്രണ്ട്‌ലി ആയിരുന്നില്ല. സെറ്റില്‍ ആരോടും മിണ്ടിയിരുന്നില്ല'' സ്ഫടികം ജോര്‍ജ് പറയുന്നു. 1996 സെപ്തംബര്‍ 22 നായിരുന്നു സില്‍ക്ക് സ്മിത മരണപ്പെടുന്നത്. തന്റെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് സ്മിതയെ കാണുന്നത്. സ്മിതയുടെ മരണം ഇന്നും വ്യക്തയില്ലാത്തൊരു നിഗൂഢതയായി തുടരുകയാണ്.
മുമ്പും സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും സ്ഫടികത്തിലൂടെയാണ് ജോര്‍ജ് താരമായി മാറുന്നത്. പിന്നാലെ മാധ്യമങ്ങള്‍ സ്ഫടികം ജോര്‍ജ് എന്ന പേര് നല്‍കുകയും ചെയ്തു. വില്ലന്‍ റോളുകളിലൂടെയാണ് സ്ഫടികം ജോര്‍ജ് ശ്രദ്ധ നേടുന്നത്. ഒരിടവേളയ്ക്ക് ശേഷം സ്ഫടികം ജോര്‍ജ് വീണ്ടും അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ്.


Click it and Unblock the Notifications











