മാതൃകാ ദാമ്പത്യമായിരുന്നു അവരുടേത്, ഒന്നിച്ചല്ലാതെ കണ്ടിട്ടില്ല; വാണി സഹോദരിയെപോലെ ആയിരുന്നു: ശ്രീകുമാരൻ തമ്പി

മലയാളികൾക്ക് മറക്കാനാവാത്ത ഒരുപിടി ​മികച്ച ​ഗാനങ്ങൾ സമ്മാനിച്ച ഗായികയാണ് വാണി ജയറാം. ദിവസങ്ങൾക്ക് മുൻപാണ് അവർ വിടപറഞ്ഞത്. ഇന്ത്യൻ സംഗീത ലോകത്തെ തന്നെ ആകെ വിഷമത്തിലാക്കിയ വിയോഗമായിരുന്നു അത്. സിനിമാ, പിന്നണി ​ഗാന രം​ഗത്തെ നിരവധി പേർ ​അനുശോചനമറിയിച്ചു രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ, വാണി ജയറാമിനെക്കുറിച്ച് ശ്രീകുമാരൻ തമ്പി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്. വാണിയുടെ ഭർത്താവ് ജയറാമുമായി തനിക്കുണ്ടായ സൗഹൃദത്തെ കുറിച്ചുമൊക്കെ അദ്ദേഹം പറയുന്നുണ്ട്. ജയറാമിന്റെ മരണം വാണിയെ തകർത്തിരുന്നെന്നും. വാണിയുടെ രൂപം മറഞ്ഞെങ്കിലും ശബ്ദം എന്നും നിലനിൽക്കുമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നുണ്ട്. കുറിപ്പിന്റെ പൂർണ രൂപം വായിക്കാം..

sreekumaran thambi

'ഹൃദയത്തോട് അടുത്ത് നിൽക്കുന്ന ഒരാൾ മരിക്കുമ്പോൾ ആ മരണം എന്നെ ഞെട്ടിച്ചു എന്നു പറയുന്ന പതിവുണ്ട്. എന്നാൽ വാണി ജയറാമിന്റെ മരണം എന്നെ ശരിക്കും ഞെട്ടിച്ചു എന്നത് അക്ഷരാർത്ഥത്തിൽ ശരിയാണ്, വാണിക്ക് പദ്മഭൂഷൺ അവാർഡ് പ്രഖ്യാപിക്കപ്പെട്ടു എന്ന വാർത്ത കണ്ടപ്പോൾ തന്നെ എന്റെ ഭാര്യ രാജി അവരെ ഫോണിൽ വിളിച്ചു. രാജി ഫോൺ ചെയ്തപ്പോൾ വാണിക്ക് ശബ്ദം ശരിയായിരുന്നില്ല.

'ചേട്ടൻ ഇപ്പോൾ അവരെ വിളിക്കണ്ട,അവർക്കു തൊണ്ടയടച്ചിരിക്കയാണ്എ'ന്നു രാജി എന്നോട് പറഞ്ഞു. ഞാൻ ഫേസ്ബുക്കിൽ അവർക്ക് ആശംസകൾ നേർന്നു. എന്റെ ജന്മദേശമായ ഹരിപ്പാട്ടുള്ള 'സാരംഗ' എന്ന സാംസ്കാരികസംഘടന എന്റെ പേരിൽ ഒരു പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന ആദ്യ പുരസ്കാരം വാണി ജയറാമിനാണ് നൽകിയത്.

അത് സ്വീകരിക്കാൻ അവർ എന്റെ നാട്ടിൽ വന്നപ്പോൾ എടുത്ത ചിത്രം പോസ്റ്റ് ചെയ്ത് ഞാൻ ഫേസ്ബുക്കിലൂടെ എന്റെ ഇഷ്ടഗായികയ്ക്ക് ആശംസകൾ നേർന്നു. അടുത്ത ദിവസം വാണി എന്നെ ഫോണിൽ വിളിച്ച് നന്ദി പറഞ്ഞു. ഞങ്ങൾ ദീർഘനേരം സംസാരിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ദൂരദർശനിൽ നിന്ന് ഫോൺ വന്നപ്പോഴാണ് ഞെട്ടിക്കുന്ന ആ വാർത്ത ഞാൻ കേട്ടത്.

പൂർണ്ണ ആരോഗ്യവതിയായിരുന്ന വാണി ജയറാം ഈ ഭൂമിയോടു വിടപറഞ്ഞിരിക്കുന്നു. അന്ന് വാണി ജയറാമിന്റെ വിവാഹവാർഷികദിനം ആയിരുന്നു. ഋഷീകേശ് മുക്കർജിയുടെ 'ഗുഡ്ഡി' എന്ന സിനിമയിലെ 'ബോൽരേ പപീഹരാ' എന്ന ഗാനം കേട്ടപ്പോൾ ഹിന്ദി സിനിമയിൽ ഒരു പുതിയ ഗായികയുടെ വരവിൽ ഞാൻ ആഹ്ലാദിച്ചു. ലതാ മങ്കേഷ്ക്കർക്കും ആശാ ബോൺസ്ലെക്കും ശേഷം ഒരു മികച്ച ഗായിക കൂടി ഇന്ത്യൻ സിനിമാവേദിയിൽ എത്തിയിരിക്കുന്നു എന്നു തന്നെ ഞാൻ വിചാരിച്ചു.

വസന്ത ദേശായിയും നൗഷാദും ഈ ഗായികയുടെ നാദമാധുരിയെയും ശ്രുതിശുദ്ധിയെയും പുകഴ്ത്തി പറയുകയുണ്ടായി. സലിൽചൗധരിയുടെ സംഗീതത്തിൽ 'സ്വപ്നം' എന്ന സിനിമയിൽ ഓ.എൻ,വി എഴുതിയ 'സൗരയൂഥത്തിൽ വിടർന്നൊരു കല്യാണ സൗഗന്ധികമാണീ ഭൂമി' എന്ന ഗാനം പാടി വാണി ജയറാം മലയാള സിനിമയിലെത്തി. അധികം വൈകാതെ ഞാനും അർജുനനും വാണിജയറാമിന് പാട്ടുകൾ നൽകണമെന്ന് തീരുമാനിച്ചു.

1973 ലായിരുന്നു സ്വപ്നം. പുറത്തുവന്നത്. അടുത്തവർഷം തന്നെ ഞാൻ സംഭാഷണവും പാട്ടുകളും എഴുതിയ 'പ്രവാഹം' എന്ന സിനിമയിൽ പാടിയ 'മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു...വാ...വാ...വാ' എന്ന പാട്ടാണ് വാണിജയറാം യേശുദാസുമായി ചേർന്നു പാടിയ ആദ്യത്തെ യുഗ്മഗാനം.

അടുത്തവർഷം (1975 ) ഞാൻ സംവിധാനം ചെയ്ത 'തിരുവോണം' എന്ന സിനിമയിൽ അർജുനന്റെ ഈണത്തിൽ വാണി ജയറാം പാടിയ 'തിരുവോണപ്പുലരി തൻ തിരുമുൽക്കാഴ്ച വാങ്ങാൻ തിരുമുറ്റ മണിഞ്ഞൊരുങ്ങി' എന്ന ഗാനം സൂപ്പർഹിറ്റ് ആയി മാറി.

sreekumaran thambi

പിക്നിക്കിലെ 'വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി വൈശാഖാരാത്രിയൊരുങ്ങും...' ( യേശുദാസിനോടൊപ്പം ) എന്ന പാട്ടും 'സിന്ധു' എന്ന സിനിമയിലെ 'തേടി തേടി ഞാനലഞ്ഞു പാടിപ്പാടി ഞാൻ തിരഞ്ഞു...' എന്ന ഗാനവും 1975ൽ തന്നെ പുറത്തു വന്നു, പിന്നീട് ഞാൻ എഴുതി അർജുനനും ദക്ഷിണാമൂർത്തിയും എം.എസ്.വിശ്വനാഥനും ഈണം നൽകിയ അനവധി രചനകൾക്ക് വാണി ജയറാം ശബ്ദം പകർന്നു.

എല്ലാ ചാനൽ അഭിമുഖങ്ങളിലും എന്റെയും അർജുനൻ മാസ്റ്ററുടെയും പേരുകൾ ആ മഹതി എടുത്തു പറയുമായിരുന്നു. വാണിയുടെ ഭർത്താവും എന്റെ അടുത്ത സുഹൃത്ത് ആയിരുന്നു. ഒരു മാതൃകാ ദാമ്പത്യമായിരുന്നു അത്. ജയറാമിന് ബോംബെയിൽ വളരെ ഉയർന്ന ഉദ്യോഗം ഉണ്ടായിരുന്നു. സംഗീതത്തിൽ വാണിക്കു നല്ല ഭാവിയുണ്ടെന്നു മനസ്സിലായപ്പോൾ അവരെ സഹായിക്കാനായി അദ്ദേഹം തന്റെ ജോലി ഉപേക്ഷിച്ചു.

ജയറാം നല്ല സിതാർവാദകനും ആയിരുന്നു. ആദ്യകാലത്ത് വാണിക്കും സ്റ്റേറ്റ് ബാങ്കിൽ ഉദ്യോഗം ഉണ്ടായിരുന്നു. അവരെ രണ്ടുപേരെയും ഒന്നിച്ചല്ലാതെ ഞാൻ കണ്ടിട്ടില്ല. ജയറാമിന്റെ മരണം വാണിയെ വല്ലാതെ ബാധിച്ചു. കുറച്ചുകാലം അവർ പാടിയില്ല. പിന്നെ അഭ്യുദയകാംക്ഷികളുടെയും ബന്ധുക്കളുടെയും ഉപദേശങ്ങൾ കേട്ട് അവർ സംഗീതത്തിലേക്ക് തിരിച്ചു വന്നു. തന്നെ അംഗീകരിച്ചവരോടെല്ലാം മനസ്സിൽ നന്ദിയും കടപ്പാടും സൂക്ഷിച്ച സ്ത്രീയായിരുന്നു വാണി ജയറാം.

മലയാളത്തിൽ ആദ്യത്തെ പാട്ടു നൽകിയ നിർമ്മാതാവും ഫോട്ടോഗ്രാഫറുമായ ശിവന്റെ ഭാര്യയുടെ ചരമദിനത്തിൽ അവർ പതിവായി തിരുവനന്തപുരത്തെ ശിവന്റെ വീട്ടിൽ വന്നു ഭജൻസ് പാടുമായിരുന്നു. എന്റെ കുടുംബവുമായും അവർ അടുത്ത ബന്ധം പുലർത്തിയിരുന്നു. എനിക്ക് അവർ സ്നേഹസമ്പന്നയായ സഹോദരിയെ പോലെയായിരുന്നു. വാണിജയറാമിന്റെ രൂപം മറഞ്ഞു. പക്ഷേ ശബ്ദത്തിനു മരണമില്ല. കാരണം, ശബ്ദം ആകാശമാണ്,' എന്നാണ് ശ്രീകുമാരൻ തമ്പി കുറിച്ചത്.

More from Filmibeat

Read more about: vani jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X