മോഹന്‍ലാല്‍ നല്ല നടനെന്ന് പറഞ്ഞതിന് മമ്മൂട്ടി തെറ്റി, മോഹന്‍ലാല്‍ കാരണം വീട് വിറ്റു: ശ്രീകുമാരന്‍ തമ്പി
മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമെതിരെ ആഞ്ഞടിച്ച് ശ്രീകുമാരന്‍ തമ്പി. മലയാള സിനിമയെ താരാധിപത്യത്തിലേക്ക് കൊണ്ടു വന്നത് മമ്മൂട്ടിയും മോഹന്‍ലാലുമാണെന്നാണ് ശ്രീകുമാരന്‍ തമ്പി പറയുന്നത്. താനുമായി രണ്ട് സൂപ്പര്‍ താരങ്ങള്‍ക്കുള്ള പ്രശ്‌നങ്ങളുടെ കാരണത്തെക്കുറിച്ചും ശ്രീകുമാരന്‍ തമ്പി മനസ് തുറക്കുന്നുണ്ട്. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും സിനിമകള്‍ മാത്രം തീയേറ്ററുകള്‍ ആവശ്യപ്പെടാന്‍ ആരംഭിച്ചതോടെയാണ് ഞാന്‍ സിനിമ ചെയ്യുന്നത് നിര്‍ത്തിയത്. നേരത്തെ അവര്‍ക്ക് വേണ്ടിയിരുന്നത് ശ്രീകുമാരന്‍ തമ്പിയുടെ സിനിമകളായിരുന്നു കെഎസ് സേതുമാധവനും വിന്‍സന്റും ഞാനുമൊക്കെ സിനിമകള്‍ ചെയ്യുന്നത് നിര്‍ത്തി. മലയാള സിനിമയില്‍ സൂപ്പര്‍ താര ആധിപത്യം കൊണ്ടു വന്നത് മമ്മൂട്ടിയും മോഹന്‍ലാലുമാണ്. പ്രേം നസിറും ജയനും സോമനും സുകുമാരനും അത് ചെയ്തിട്ടില്ല. അതുവരെ സംവിധായകരായിരുന്നു താരങ്ങളെ സൃഷ്ടിച്ചിരുന്നത്. പക്ഷെ ഇവര്‍ രണ്ട് പേരും സംവിധായകരെ സൃഷ്ടിച്ചു.

മമ്മൂട്ടിയ്ക്ക് ആദ്യമായി നായകവേഷം ലഭിച്ചത് ശ്രീകുമാരന്‍ തമ്പിയുടെ മുന്നേറ്റത്തിലായിരുന്നു. ''മമ്മൂട്ടി പരിഭ്രമിച്ചിരുന്നു. പാട്ട് രംഗമെടുക്കുമ്പോള്‍ ലിപ് സിങ്കാകാതെ വന്നപ്പോള്‍ ആശങ്കയിലായ മമ്മൂട്ടിയെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ഞങ്ങള്‍ ചെയ്ത അടുത്ത സിനിമ വിളിച്ചു വിളികേട്ടുവായിരുന്നു. ഈ ചിത്രത്തില്‍ ധനഞ്ജയനെ മാറ്റി മറ്റൊരു ഹിറ്റ് ക്യാമറാമാനെ വെക്കാന്‍ മമ്മൂട്ടി പറഞ്ഞു. ഞാന്‍ എതിര്‍ത്തു. പകരം നിങ്ങളെ മാറ്റിയാല്‍ എങ്ങനെയിരിക്കുമെന്ന് ചോദിച്ചു. പിന്നെ എനിക്ക് മമ്മൂട്ടി ഡേറ്റ് തന്നിട്ടില്ല'' എന്നാണ് അദ്ദേഹം പറയുന്നത്.

''വില്ലന്‍ വേഷങ്ങളായിരുന്നു മോഹന്‍ലാല്‍ ചെയ്തിരുന്നത്. ആദ്യമായി നായകനാകുന്നത് എന്റെ എനിക്കും ഒരു ദിവസം എന്ന ചിത്രത്തിലാണ്. ജനം അദ്ദേഹത്തെ അംഗീകരിക്കാത്തതിനാല്‍ സിനിമ പരാജയമായി. അടുത്ത ചിത്രം ആധിപത്യം ആയിരുന്നു. പ്രേം നസീര്‍, മധു, മോഹന്‍ലാല്‍ ആയിരുന്നു നായകന്മാര്‍. മോഹന്‍ലാലന് പകരം മമ്മൂട്ടിയെ വെക്കണമെന്ന് വിതരണക്കാര്‍ പറഞ്ഞു. ഞാന്‍ എതിര്‍ത്തു. മൂന്നാമത്തെ സിനിമയായ യുവജനോത്സവം ഹിറ്റായിരുന്നു. സൂപ്പര്‍ താരമായി ഉയര്‍ന്നു മോഹന്‍ലാല്‍'' ശ്രീകുമാരന്‍ തമ്പി പറയുന്നു.
''എന്നാല്‍ അതിന് ശേഷം എനിക്ക് കോള്‍ ഷീറ്റ് തരാതായി. ആറ് മാസത്തിന് ശേഷം എനിക്കൊപ്പം ഒരു സിനിമ ചെയ്യാമെന്ന് മോഹന്‍ലാല്‍ വാക്ക് തന്നിരുന്നു. അദ്ദേഹത്തെ വിശ്വസിച്ച്, ഞാന്‍ ഒരു വിതരണക്കമ്പനി ആരംഭിച്ചു. പക്ഷെ അദ്ദേഹം എന്നെ വഞ്ചിച്ചു. കമ്പനി ആരംഭിക്കാന്‍ എന്റെ വീട് 11 ലക്ഷം രൂപയ്ക്ക് വിറ്റിരുന്നു. ഇന്നാണെങ്കില്‍ അതിന്റെ വില 17 കോടി വരുമായിരുന്നു'' എന്നും അദ്ദേഹം പറയുന്നുണ്ട്.

''മോഹന്‍ലാലാണ് നല്ല നടനെന്ന് പറഞ്ഞതാണ് മമ്മൂട്ടിയ്ക്ക് എന്നോടുള്ള ദേഷ്യത്തിന്റെ കാരണം. മോഹന്‍ലാലിന് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ ജൂറിയില്‍ ഞാനുമുണ്ടായിരുന്നു. ഒരു വടക്കന്‍ വീരഗാഥയും കിരീടവും അവസാന റൗണ്ടിലുണ്ടായിരുന്നു. ഞാനും കെജി ജോര്‍ജും വേറെ വേറെ കമ്മിറ്റികളിലായിരുന്നു. എന്റേതടക്കം നാല് കമ്മിറ്റികള്‍ മോഹന്‍ലാല്‍ ആണ് മികച്ച നടനെന്ന് പറഞ്ഞു. ജോര്‍ജിന്റെ കമ്മിറ്റി മാത്രമാണ് മമ്മൂട്ടിയെ പിന്തുണച്ചത്. മമ്മൂട്ടിയ്ക്ക് വാക്ക് കൊടുത്തത് പോലെയായിരുന്നു. ഭൂരിപക്ഷാഭിപ്രായം നോക്കണമെന്നായിരുന്നു എന്റെ കാഴ്ചപ്പാട്. പക്ഷെ നോര്‍ത്തിലെ സിനിമാക്കാരുമായി ജോര്‍ജിന് നല്ല അടുപ്പമായിരുന്നു''.

''ഒരു പാര്‍ട്ടി നടത്തി. ആറ് ജൂറി അംഗങ്ങള്‍ തീരുമാനം മാറ്റി. അടുത്ത ദിവസം വോട്ടിംഗ് നടത്തിയപ്പോള്‍ മമ്മൂട്ടിയ്ക്ക് 11 വോട്ടും മോഹന്‍ലാലിന് അഞ്ച് വോട്ടും. ഞാനും ബസു ഭട്ടാചാര്യയും മോഹന്‍ലാലിനായി ശക്തമായി വാദിച്ചു. എനിക്ക് മമ്മൂട്ടിയോട് പ്രത്യേക ദേഷ്യമോ മോഹന്‍ലാലിനോട് പ്രത്യേക സ്‌നേഹമോ ഇല്ല. മൂന്നാമതും ഞാന്‍ ജൂറിയിലെത്തിയപ്പോള്‍ ഭരതം പരിഗണനയിലുണ്ടായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ ആയിരുന്നു ജൂറി ചെയര്‍മാന്‍. അദ്ദേഹം മമ്മൂട്ടി ഗ്രൂപ്പിന്റെ ആളാണ്''.
''ഞാന്‍ മോഹന്‍ലാലിനെ പിന്തുണച്ചു. സൗമിത്ര ചാറ്റര്‍ജിയും മത്സരത്തിനുണ്ടായിരുന്നു. പക്ഷെ മോഹന്‍ലാല്‍ മികച്ച നടനുള്ള പുരസ്‌കാരം നേടി. ഇത് എന്നോടുള്ള മമ്മൂട്ടിയുടെ നീരസം കൂട്ടി. പക്ഷെ മോഹന്‍ലാല്‍ കാരണമാണ് എനിക്ക് എന്റെ വീട് നഷ്ടമായത്. ഞാന്‍ പ്രതികാരം ചെയ്യാന്‍ കരുതിയിരുന്നുവെങ്കില്‍ ഞാന്‍ അദ്ദേഹത്തിന് അവാര്‍ഡ് നല്‍കില്ലായിരുന്നു. അത് കാണിക്കുന്നത് എന്റെ വ്യക്തിത്വമാണ്''.


Click it and Unblock the Notifications











