എനിക്ക് ബംപര്‍ അടിച്ച അവസ്ഥയാ! രാം ഗോപാല്‍ വര്‍മ ആരെന്ന് അറിയില്ലായിരുന്നു; ഇതാ ആ സാരിക്കാരി!
ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ്. സ്വന്തം കഴിവുകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനും താരമാകാനും ഇന്ന് അധികം സമയം വേണ്ട. ഒരൊറ്റ പോസ്‌റ്റോ റീലോ ഒക്കെ ധാരാളം. അതുകൊണ്ട് സിനിമയിലോ പരമ്പരകളിലോ ഒന്നും അഭിനയിക്കാതെ തന്നെ താരങ്ങളായി മാറിയ ഒരുപാട് പേരുണ്ട്. അഭിനയ മോഹികള്‍ക്ക് തങ്ങളുടെ അവസരങ്ങളിലേക്ക് എത്താനുള്ള സാധ്യത കൂടിയാണ് സോഷ്യല്‍ മീഡിയ. അങ്ങനെ സിനിമയിലെത്തിയവര്‍ ഒരുപാടുണ്ട്.
എങ്കിലും മറ്റാര്‍ക്കും സാധിക്കാത്തൊരു നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് ശ്രീലക്ഷ്മി സതീഷ്. ഒരൊറ്റ റീലുകൊണ്ട് ശ്രീലക്ഷ്മി എത്തിയിരിക്കുന്നത് ബോളിവുഡിന്റെ പടിവാതില്‍ക്കല്‍ ആണ്. അതും സാക്ഷാല്‍ രാം ഗോപാല്‍ വര്‍മയുടെ സിനിമയിലേക്ക്. റീല്‍സ് വീഡിയോ കണ്ട് ഈ പെണ്‍കുട്ടിയെ അറിയുമോ എന്ന് ചോദിച്ച് രാം ഗോപാല്‍ വര്‍മ തന്നെ അന്വേഷിച്ചിറങ്ങുകയായിരുന്നു. ആര്‍ജിവി അന്വേഷിച്ച് നടന്ന ആ പെണ്‍കുട്ടി ഇവിടെയുണ്ട്. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറക്കുകയാണ് ശ്രീലക്ഷ്മി.

സിഎംഎസ് കോളേജിലെ ഡിസി കെമിസ്ട്രി വിദ്യാര്‍ത്ഥിയാണ് ശ്രീലക്ഷ്മി. അച്ഛനും അമ്മയും അനിയത്തിയുമടങ്ങുന്നതാണ് ശ്രീലക്ഷ്മിയുടെ കുടുംബം. അഭിനയനം ചെറുപ്പത്തിലേ ഇഷ്ടമായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോഴേ അഭിനയിക്കുമായിരുന്നു. ബിവിഎന്‍ കലാമേളയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി മികച്ച നടിയാവുകയും ചെയ്തിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും ഇത്ര വലിയൊരു അവസരം തനിക്ക് ലഭിക്കുമെന്ന് ശ്രീലക്ഷ്മി സതീഷ് കരുതിയിരുന്നില്ല. സാരി ധരിച്ചുള്ള ശ്രീലക്ഷ്മിയുടെ ഒരു റീല്‍ വീഡിയോ കണ്ടതോടെയാണ് രാം ഗോപാല്‍ വര്‍മ ആളെ തപ്പിയിറങ്ങിയത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഈ പെണ്‍കുട്ടിയെ അറിയുമോ എന്ന് അദ്ദേഹം ചോദിച്ചത്. '' സാരി മനോഹരമായ വേഷമാണെന്ന് എല്ലാവരും പറയും. പക്ഷെ ഈ പെണ്‍കുട്ടിയെ കാണുന്നത് വരെ ഞാനത് വിശ്വസിച്ചിരുന്നില്ല'' എന്നാണ് രാം ഗോപാല്‍ വര്‍മ പറയുന്നത്.
അധികം വൈകാതെ ശ്രീലക്ഷ്മിയെ കണ്ടെത്താന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് സാധിച്ചു. പിന്നാലെ അദ്ദേഹം ശ്രീലക്ഷ്മിയെ ഫോണില്‍ വിളിക്കുകയും ചെയ്തു. ആര്‍ജിവിയുടെ പോസ്റ്റ് വൈറലായി മാറിയതോടെ ശ്രീലക്ഷ്മിയെ തേടി നിരവധി കോളുകളാണ് വന്നത്. തന്റെ ഫോട്ടോഗ്രാഫര്‍ ആണ് തന്നോട് അക്കാര്യം പറഞ്ഞതെന്നാണ് ശ്രീലക്ഷ്മി പറയുന്നത്. എന്നാല്‍ രസകരമായൊരു വസ്തുത രാം ഗോപാല്‍ വര്‍മയെ ശ്രീലക്ഷ്മിയ്ക്ക് അറിയില്ലായിരുന്നു എന്നതാണ്.
ആരെന്ന് അറിയാന്‍ ഗൂഗിള്‍ ചെയ്തു നോക്കിയ ശ്രീലക്ഷ്മി ഞെട്ടി. ഇന്ത്യന്‍ സിനിമയിലെ വലിയൊരു ലെജന്റ് തന്നെയാണ് തന്നെ തേടിയിറങ്ങിയിരിക്കുന്നത്. ശ്രീലക്ഷ്മിയ്ക്ക് ഇത് ഇരട്ടി മധുരമാണ്. കഴിഞ്ഞ ദിവസമായിരുന്നു ശ്രീലക്ഷ്മിയുടെ ജന്മദിനം. വലിയ ആഘോഷങ്ങളോ മറ്റോ ഇല്ലായിരുന്നു. എന്നാല്‍ ഇത്തവണ കിട്ടിയ സര്‍പ്രൈസായി മാറിയ രാം ഗോപാല്‍ വര്‍മയുടെ പോസ്റ്റ്. അതോടെ തന്നെ അറിയാത്തവര്‍ പോലും ആശംസകളുമായി എത്തിയെന്നും ശ്രീലക്ഷ്മി പറയുന്നു.

രാം ഗോപാല്‍ വര്‍മയുമായുള്ള ഫോണ്‍ കോളിനെക്കുറിച്ചും ശ്രീലക്ഷ്മി സംസാരിക്കുന്നുണ്ട്. ആദ്യം ചാറ്റ് ചെയ്യുകയായിരുന്നു. പിന്നീട് കോള്‍ ചെയ്തു. ആകാംഷ കാരണം താന്‍ നെര്‍വസായിരുന്നുവെന്നും അതിനാല്‍ പറഞ്ഞത് മൊത്തം ഓര്‍മ്മയില്ലെന്നാണ് ശ്രീലക്ഷ്മി പറയുന്നത്. താന്‍ സാരി എന്നൊരു സിനിമ ചെയ്യാന്‍ പോവുകയാണ്. ശ്രീലക്ഷ്മിയെ കണ്ടതോടെയാണ് അങ്ങനൊരു ആശയം തോന്നിയതെന്നും അദ്ദേഹം പറഞ്ഞുവെന്നും ശ്രീലക്ഷ്മി പറയുന്നു.
അഭിനയത്തിന് പുറമെ എഴുത്തിലും ശ്രീലക്ഷ്മിയ്ക്ക് താല്‍പര്യമുണ്ട്. അതേസമയം റീലുകള്‍ ചെയ്യുന്നത് പ്രശസ്തിയോ പണമോ മോഹിച്ചല്ലെന്നും തന്റെ സന്തോഷത്തിന് വേണ്ടിയാണെന്നും ശ്രീലക്ഷ്മി പറയുന്നു.


Click it and Unblock the Notifications











