ആ സംവിധായകന്റെ സഹോദരനുമായി പ്രണയത്തിലായിരുന്നു; വിവാഹം അമ്മ എതിർത്തു: പിന്നീട് കേട്ടത് മരണവാർത്ത
സിനിമയിൽ നിന്ന് അകാലത്തിൽ പൊലിഞ്ഞു പോയ സൗന്ദര്യ വസന്തമായിരുന്നു വിജയശ്രീ. മലയാള സിനിമയുടെ 70 കളിൽ മികച്ച നിരവധി സിനിമകളിൽ നായികയായി എത്തിയ വിജയശ്രീ പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രേം നസീറിനൊപ്പം ഒരുപാട് സിനിമകളിൽ വിജയശ്രീ നായികയായി അഭിനയിച്ചു. താരത്തെ കുറിച്ച് സുഹൃത്തും അഭിനേത്രിയുമായ ശ്രീലത നമ്പൂതിരി കൗമുദി മൂവീസിലൂടെ മനസു തുറക്കുന്നു.
"എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു വിജയശ്രീ. അവൾ ഡ്രൈവ് ചെയ്തിട്ട് ഞങ്ങൾ ഒരുമിച്ച് കരുമാരി അമ്മൻ കോവിലിൽ പോകുമായിരുന്നു. വളരെ നിഷ്കളങ്കയായിട്ടുള്ള കുട്ടിയായിരുന്നു. മലയാളിയാണെങ്കിലും വളരെ ചെറുപ്പത്തിൽ തന്നെ തമിഴ്, തെലുഗു ഭാഷകളിൽ അഭിനയിച്ച താരമാണ് അവൾ. അതിനാൽ മലയാളം അത്രക്കും വശമില്ലായിരുന്നു. വിജയശ്രീയുമായി ബന്ധപ്പെട്ട് എന്തോ ഒരു ഗോസിപ്പ് വന്നപ്പോൾ മാധ്യമങ്ങൾ അവരുടെ മറുപടികളെ വളച്ചൊടിച്ച് എഴുതി.

ആ സമയത്ത് മലയാളത്തിൽ പ്രമുഖരായ രണ്ട് നിർമ്മാതാക്കളായിരുന്നു ഉണ്ടായിരുന്നത്. അതിൽ ഒരാളുടെ സിനിമയിൽ അഭിനയിച്ചപ്പോൾ ചില വൾഗർ സീനുകൾ ഉണ്ടായിരുന്നു. അതിനു ശേഷം പല തരത്തിലുള്ള വിവാദങ്ങളിൽ താരം അകപ്പെട്ടിരുന്നു. അതിനെ ചൊല്ലി പലതരം പ്രശ്നങ്ങളും താരം നേരിട്ടിരുന്നു. ഒന്നാമത് അവർക്ക് മലയാളം അറിയില്ല. അത് ആ കാലഘട്ടത്തിൽ വലിയ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ അവർ മരിക്കുന്നതിനു മുന്നേ ആ വീട്ടിൽ താമസിച്ച ആരോ ഒരാൾ അവർക്ക് ചായ കോടുത്തു. അതിനു ശേഷമാണ് അവർ മരിച്ചത് എന്നാണ് പറയുന്നത്.
ചെന്നൈയിൽ വെച്ചായിരുന്നു അത് സംഭവിച്ചത്." ആ മരണം ഇപ്പോഴും ദുരൂഹത നിറഞ്ഞതാണ് എന്നാണ് ശ്രീലത നമ്പൂതിരി പറയുന്നത്. ശ്രീലത നമ്പൂതിരിയും വിജയലക്ഷ്മിയും ഒരുമിച്ച് സിനിമകൾ ചെയ്തിട്ടുണ്ട്. അതെല്ലാം വലിയ വിജയമായിരുന്നു. ആരും ഒന്നു നോക്കി നിന്നു പോകുന്ന സൗന്ദര്യമായിരുന്നു വിജയശ്രീയുടെ രഹസ്യം. എന്നാൽ ആത്മഹത്യ ചെയ്യുമെന്ന് അന്ന് ആരും കരുതിക്കാണില്ല.
"ഞാനും ജയഭാരതിയുമെല്ലാം അഭിനയിക്കുന്ന ഒരു സിനിമയുടെ ചിത്രീകരണം ബാംഗ്ലൂരിൽ നടക്കുന്ന സമയത്താണ് വിജയശ്രീയുടെ ഈ ദുരന്ത വാർത്ത കേൾക്കുന്നത്. തമിഴിലെ ഒരു സംവിധായകന്റെ സഹോദരനുമായി പ്രണയത്തിലായിരുന്നുവെന്നും ഇരുവരും വിവാഹം ചെയ്യുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ആ വ്യക്തിയെ വിവാഹം ചെയ്യണമെന്ന് വിജയശ്രീക്ക് ആഗ്രഹമായിരുന്നു. എന്നാൽ അതിനോട് അമ്മക്ക് എതിർപ്പുണ്ടായിരുന്നുവെന്ന് ഒരിക്കൽ വിജയശ്രീ പറഞ്ഞിരുന്നു. എന്നാൽ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം എന്തായിരുന്നുവെന്ന് ഇന്നും അവ്യക്തമാണ്.

അന്നത്തെ സാഹചര്യം വ്യത്യസ്തമായിരുന്നു. പോസ്റ്റ്മാർട്ടം ഒന്നും ചെയ്തിരുന്നില്ല. മരിക്കുന്നതിനു മുന്നേ ഏതോ ഫോൺകോൾ വന്നിരുന്നു എന്നു പറയുന്നുണ്ട്. അതിനു ശേഷമാണ് മരണം സംഭവിക്കുന്നത്. ഒരുപക്ഷേ ഇന്നായിരുന്നെങ്കിൽ ആ മരണം പോലും ആഘോഷമാക്കിയേനെ." ശ്രീലത നമ്പൂതിരി പറഞ്ഞു. ഷീല, ജയഭാരതി എന്നീ പ്രമുഖ നടിമാർ അഭിനയിച്ചു കൊണ്ടിരുന്ന സമയത്ത് വിജയശ്രീയും സിനിമയിൽ തിളങ്ങി നിന്നിരുന്നു.
പ്രേം നസീറിനൊപ്പം നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുണ്ട്. പലപ്പോഴും പ്രേം നസീർ വിജയശ്രീയെ സിനിമയിൽ വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ടു വന്നിട്ടുണ്ട്. സൗന്ദര്യത്തിന്റെ കാര്യത്തിൽ മറ്റു താരങ്ങളേക്കാളും മുന്നിലായിരുന്നു വിജയശ്രീ. ഗ്ലാമറസ് വേഷങ്ങൾ ചെയ്യുവാനും വിജയശ്രീക്ക് അനായാസം സാധിക്കുമായിരുന്നു.


Click it and Unblock the Notifications